- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിൽ ആരൊക്കെ അവശേഷിക്കും എന്ന് ആർക്കറിയാം; പശ്ചിമ ബംഗാൾ വനംമന്ത്രിയുടെ രാജിയും അപ്രതീക്ഷിതം; ഇനി ബിജെപിയിലേക്കോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ രാജിബ് ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ മമത ബാനർജി. ഇന്ന് ഒരു മന്ത്രി കൂടി രാജിവെച്ചു. രാജിബ് ബാനർജിയാണ് വെള്ളിയാഴ്ച മമത ബാനർജി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ബംഗാൾ സർക്കാരിൽ വനംവകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് രാജിബ് ബാനർജിയായിരുന്നു. ഇദ്ദേഹവും ബിജെപിയിലേക്കാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ അദ്ദേഹം ഇനിയും തയ്യാറായിട്ടില്ല. അതേസമയം, തന്റെ പാർട്ടിയിലെ ഉന്നത നേതാക്കൾ തന്നെ മറുകണ്ടം ചാടുന്നതോടെ അങ്കലാപ്പിലാണ് മുഖ്യമന്ത്രി മമത ബാനർജി.
അദ്ദേഹത്തിന്റെ രാജി കത്തിൽ ഇങ്ങനെ പറയുന്നു: "പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിന് ഞാൻ നന്ദി അറിയിക്കുന്നു." രാജി സഹിതം പങ്കിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിൽ രാജിബ് ബാനർജി പറഞ്ഞു, "നിങ്ങൾ ഓരോരുത്തരെയും എന്റെ കുടുംബമായി ഞാൻ കരുതുന്നു, നിങ്ങളുടെ പിന്തുണ എല്ലായ്പ്പോഴും കൂടുതൽ ദൂരം പോകാനും നിങ്ങളുടെ സേവനത്തിൽ മെച്ചപ്പെട്ട രീതി തുടരാനും എന്നെ പ്രേരിപ്പിച്ചു. അതിനാൽ, ഞാൻ ഔദ്യോഗിക രാജി പ്രഖ്യാപിക്കുകയും ബന്ധപ്പെട്ട അഥോറിറ്റിയെ അറിയിക്കുകയും ചെയ്യുന്നു. " രാജി സമർപ്പിച്ച ശേഷം രാജിബ് ബാനർജി ഗവർണർ ജഗദീപ് ധങ്കറുമായി കൂടിക്കാഴ്ച നടത്തി.
രണ്ടുദിവസം മുമ്പാണ് തൃണമൂൽ കോൺഗ്രസ് എംഎൽഎ അരിന്ദം ഭട്ടാചര്യ ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഭട്ടാചാര്യ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗീയയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ശക്തമായ നിലപാടുകൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴും സ്വന്തം നേതാക്കൾ ഒരുവാക്കു പോലും പറയാതെ ബിജെപി പാളയത്തിലേക്ക് ചേക്കേറുന്ന കാഴ്ച്ചയാണ് പശ്ചിമ ബംഗാളിൽ.
പാർട്ടിയിൽ തന്നെപോലുള്ള യുവാക്കളുടെ വഴി തൃണമൂൽ നേതൃത്വം തടയുകയാന്നെന്ന് ബിജെപി അംഗത്വമെടുത്ത ശേഷം ഭട്ടാചാര്യ ആരോപിച്ചു. ബംഗാളിലെ യുവാക്കൾ തൊഴിലില്ലായ്മയിൽ മടുത്തു. നിരവധി വാഗ്ദാനങ്ങളുണ്ടെങ്കിലും യുവാക്കൾക്കൊന്നും ജോലി ലഭിക്കുന്നില്ല. സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുകളോ ഭാവിയിലേക്കുള്ള ആസൂത്രണമോ ഇല്ല. ഏറെ പ്രതീക്ഷയോടെയാണ് തൃണമൂൽ സർക്കാർ അധികാരത്തിലെത്തിയത്. ഇന്ന് ബംഗാളിയുടെ പേര് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ലജ്ജാകരമാണ്. മോദിയുടെ ആത്മനിർഭർ ഭാരതും ആത്മനിർഭർ ബംഗാളുമാണ് ഞങ്ങളുടെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.
മമത സർക്കാരിനെ പിന്തുണയ്ക്കുന്ന 41 എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് നേരത്തെ കൈലാഷ് വിജയ്വർഗീയ അവകാശപ്പെട്ടിരുന്നു. ഇതോടെ മമത സർക്കാർ താഴെവീഴുമെന്നും എന്നാൽ ഇതിൽ ആരെയൊക്കെ പാർട്ടിയിൽ എടുക്കണമെന്ന കാര്യം നേതൃത്വം പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ ചേരേണ്ടവർക്ക് പോകാമെന്നും എന്നാൽ താൻ അതുകൊണ്ടൊന്നും ആർക്ക് മുന്നിലും തലകുനിക്കില്ലെന്നും കഴിഞ്ഞ ദിവസം മമത ബാനർജി പ്രഖ്യാപിച്ചിരുന്നു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിൽ 18 ഉം വിജയിച്ച ബിജെപി കനത്ത ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. തൃണമൂൽ കോൺഗ്രസിന് തലവേദനയാകുന്നത് പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റമാണ്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബിജെപിയിൽ ചേർന്നത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടിയായിരുന്നു.
സുവേന്തുവിനൊപ്പം തൃണമൂലിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂൽ കൗൺസിലർമാരും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ലക്ഷ്മി രത്തൻ ശുക്ല രാജിവെച്ചതും വാർത്തയായിരുന്നു. ബംഗാൾ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തൻ. മുൻ ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അദ്ദേഹം.
തൃണമൂൽ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂൽ എംഎൽഎ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല. മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തൻ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാൻ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ