ഡൽഹി: പശ്ചിമബംഗാളിൽ മമത ബാനർജിയും തൃണമൂലും ഒരുഭാഗത്തും മോദിയും അമിത് ഷായും ബിജെപിയും മറുഭാഗത്തുമായി വാക് പോര് തുടരുയാണ്. എന്തുസംഭവിച്ചാലും തനിക്ക് കൂസലില്ലെന്ന ഭാവത്തിലാണ് മമതയുടെ ടിഎംസി റാലി പ്രസംഗങ്ങൾ. രാജ്യത്തിന്റെ പേരും മോദി എന്നാക്കുന്ന ദിവസം അകലെയല്ല, എന്നാണ് മമതയുടെ ഒടുവിലത്തെ ചാട്ടുളി പ്രയോഗം. കോവിഡ് 19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ചിത്രം വന്നതിനെയാണ് മമത പരിഹസിച്ചത്. കൊൽക്കത്തയിൽ വനിതാ ദിനത്തോട് അനുബന്ധിച്ച റാലിയിലാണ് മമത മോദിക്കെതിരെ പരിഹാസം ചൊരിഞ്ഞത്.

പ്രധാനമന്ത്രി ഒരുസ്റ്റേഡിയം അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തു. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ ഫോട്ടോ വച്ചു. രാജ്യത്തിന്റെ പേരും മോദി എന്നാക്കുന്ന ദിവസം വിദൂരമല്ല, മമത പറഞ്ഞു. സ്ത്രീകൾ ബംഗാളിൽ സുരക്ഷിതരല്ലെന്ന വാദവും അവർ തള്ളി. ഇവിടെ സുരക്ഷിതത്വം ഇല്ലായിരുന്നെങ്കിൽ ബംഗാളി സ്ത്രീകൾക്ക് രാത്രി ഇറങ്ങി നടക്കാൻ കഴിയില്ലായിരുന്നു. മോദി-ഷാ മാതൃകാ സംസ്ഥാനമായ ഗുജറാത്തിൽ ഓരോദിവസവും നാല് ബലാൽസംഗങ്ങളും രണ്ടു കൊലപാതകങ്ങളും വീതമാണ് അരങ്ങേറുന്നത്, മമത പറഞ്ഞു.
ബംഗാളിൽ 294 മണ്ഡലങ്ങളിലും മത്സരം ബിജെപിയും താനും തമ്മിലാണെന്നും തൃണമൂൽ ഭരണം നിലനിർത്തുമെന്നും മമത റാലിയിൽ അവകാശപ്പെട്ടു.

അതിനിടെ, ഹബിപുർ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു. സരള മുർമുവാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇവർ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന സൂചനകളെ തുടർന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരെ നീക്കം ചെയ്തിരുന്നു. പകരം പ്രദീപ് ബാസ്‌കിയെ ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കകം തന്നെ സരള മുർമു ബിജെപി വേദിയിലെത്തി അംഗത്വം സ്വീകരിച്ചു.

ആരോഗ്യ കാരണങ്ങളെ തുടർന്നാണ് സരള മുർമുവിനെ മാറ്റുന്നതെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണം. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് തൃണമൂൽ എംഎൽഎമാരായ സൊനാലി ഗുഹ, ദീപേന്ദു ബിശ്വാസ്, രവീന്ദ്രനാഥ് ഭട്ടചാര്യ, ജാതു ലഹ്രി എന്നീ എംഎൽഎമാരും ഇന്ന് ബിജെപിയിൽ ചേർന്നിട്ടുണ്ട്.

മാർച്ച് 27 മുതൽ എട്ടുഘട്ടങ്ങളിലായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ്. അവസാന റൗണ്ട് ഓപ്രിൽ 29 ന്. ഇത്തവണ ത്രികോണ മത്സരമാണ് നടക്കുന്നത്.