ബെംഗളൂരു: ഏറ്റവുമധികം മഴ ലഭിച്ച വർഷമെന്ന റെക്കോർഡിലേക്ക് ബെംഗളൂരു. രണ്ടാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയിൽ ബെംഗളൂരുവിൽ ജനജീവിതം താറുമാറായി. കാലവർഷത്തിൽ ഇതുവരെ മരിച്ചത് ഒൻപതു പേർ. റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി അപകടത്തിൽപ്പെട്ടു മരിച്ചവരും ഇതിൽപ്പെടും. വെള്ളിയാഴ്ച രാവിലെ എട്ടര മുതൽ 48 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. മൂന്നു സംഘങ്ങളായി ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി)യും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 47 ദിവസമായി തുടരുന്ന മഴയാണ് നഗരത്തെ ദുരിത കയത്തിലാക്കിയത്.

2005ൽ രേഖപ്പെടുത്തിയ 1606.8 മില്ലീമീറ്റർ ആണ് ബെംഗളൂരുവിൽ ഒരു വർഷം ലഭിച്ച ഏറ്റവും കൂടിയ മഴ. ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് ഈ വർഷം 1540 മില്ലീമീറ്റർ മഴ ലഭിച്ചു. വർഷം തീരാൻ രണ്ടര മാസം കൂടിയുള്ളതിനാൽ 2005 ലെ മഴ റെക്കോർഡ് ഇത്തവണ ഭേദിക്കും. നായന്തഹള്ളിയിൽ പ്രളയജലത്തിൽ മുങ്ങിയ കാറിൽ കുടുങ്ങിയ സ്ത്രീയെ വഴിയാത്രക്കാർ സാഹസികമായി രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. നമ്മ മെട്രോ മേൽപാലത്തിനു താഴെ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. മഴവെള്ളത്തിൽ മുങ്ങിയ റോഡിലെ വെള്ളക്കെട്ടിൽപ്പെട്ട കാറിന്റെ മുൻഭാഗം പൂർണമായും മുങ്ങിയിരുന്നു.

ഒഴുക്കിൽപ്പെട്ട് ആടിയുലഞ്ഞ കാറിൽ സ്ത്രീ കുടുങ്ങിയതു ശ്രദ്ധയിൽപ്പെട്ടവർ ബഹളം വച്ചു. ഇതോടെ കണ്ടുനിന്നവരിൽ ചിലർ ഇവരെ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ കാറിനടുത്തെത്തിയ ഇവർ സ്ത്രീയെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. നാലുപേരാണ് രക്ഷാസംഘത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഓട്ടോ ഡ്രൈവറും മൂന്നുപേർ പൊലീസ് ഉദ്യോഗസ്ഥരും ആണെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. രക്ഷാദൗത്യത്തിന്റെ മൊബൈൽ ദൃശ്യം ഇന്നലെ മണിക്കൂറുകൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കനത്ത മഴയിൽ ബെംഗളൂരുവിൽ പലയിടത്തും റോഡിൽ വെള്ളക്കെട്ടാണ്. അപകടസാധ്യതയുള്ളതിനാൽ അത്തരം റോഡുകളിലൂടെ കാർ യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മഴവെള്ളം ഒലിച്ചു പോകാനുള്ള ഓടകളുടെ നിർമ്മാണം കൃത്യസമയത്ത് പൂർത്തിയാകാത്തതാണ് തിരിച്ചടിയായത്. ഓടകൾ ശാസ്ത്രീയമായി നിർമ്മിക്കാൻ 800 കോടി രൂപ ചെലവിട്ടു. പക്ഷേ കരിമ്പട്ടികയിൽ പെട്ട കരാറുകാരെയാണ് നിർമ്മാണം ഏൽപിച്ചത്. ഇത് രാഷ്ട്രീയ ചർച്ചയും ആകുന്നുണ്ട്. എന്നാൽ ഒൻപതു പേരുടെ മരണം ദൗർഭാഗ്യകരമായെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമമെന്നും സിദ്ധരാമയ്യ തിരിച്ചടിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു സർക്കാർ അഞ്ചുലക്ഷം രൂപ വീതവും ബിജെപി ഒരു ലക്ഷം രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു. മഴക്കെടുതി നേരിടുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) കമ്മിഷണർക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകി.