ബംഗളൂരു: കർണാടകയിൽ ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ ട്രാഫിക് എ എസ് ഐയ്ക്ക് സസ്പെൻഷൻ. ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് എഎസ്ഐ ആർ നാരായണിനെ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞദിവസം ബംഗളൂരു നഗരത്തിലാണ് സംഭവം നടന്നത്. ഹലാസുര ഗേറ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ നാരായൺ ഭിന്നശേഷിക്കാരിയെ തന്റെ ബൂട്ടിട്ട കാൽ കൊണ്ട് തുടർച്ചയായി ചവിട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം വാഹനം കെട്ടിവലിച്ചതിന് കല്ല് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് എഎസ്ഐ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കല്ല് ഉപയോഗിച്ച് യുവതി, എഎസ്ഐയെ ആക്രമിക്കാൻ മുതിർന്നതായും പൊലീസ് ആരോപിക്കുന്നു. പാർക്കിങ്ങ് നിരോധിച്ച മേഖലയിൽ വാഹനം നിർത്തിയിട്ടതിനാണ് കാർ കെട്ടിവലിക്കാൻ തീരുമാനിച്ചത്. പൊലീസിന്റെ നടപടിയെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് യുവതി എഎസ്ഐയ്ക്ക് നേരെ കല്ല് വലിച്ചെറിഞ്ഞതായും പൊലീസ് ആരോപിക്കുന്നു. കല്ലെറിൽ പൊലീസുകാരന് പരിക്കേറ്റു. കണ്ണിൽ കൊള്ളാതെ കഷ്ടിക്കാണ് രക്ഷപ്പെട്ടത്. ഇതിൽ നിയന്ത്രണം നഷ്ടപ്പെട്ട എഎസ്ഐ യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് വാദിക്കുന്നു.