ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആറ് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഇന്ന് ഇന്ത്യയിൽ എത്തുമ്പോൾ ജറുസലേം വിഷയത്തിൽ ഇന്ത്യ നിലപാട് മാറ്റുമോ എന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. 2003-ൽ ഏരിയൽ ഷാരോൺ വന്നതിനുശേഷം ഇപ്പോഴാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ രാഷ്ട്രീയ പ്രധാന്യം കൂടിയതാണ് ഈ സന്ദർശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം ആറുമാസം പിന്നിടുമ്പോഴാണ് നെതന്യാഹുവിന്റെ വരവെന്ന പ്രത്യേകതയുമുണ്ട്. തിങ്കളാഴ്ച അദ്ദേഹം മോദിയെ കാണും. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചതിനെ അപലപിക്കുന്ന യു.എൻ. പ്രമേയത്തിൽ ഇന്ത്യ വോട്ടു ചെയ്തിരുന്നു. ഇത് ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ ഇസ്രയേലി സ്ഥാനപതി ഡാനിയൽ കാർമൺ പറഞ്ഞു.

കൃഷി, സാങ്കേതികവിദ്യ, ശാസ്ത്രം, ബഹിരാകാശം, ജലം, സംരംഭകത്വം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് മോദിയും നെതന്യാഹുവും ചർച്ചചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ബി. ബാലഭാസ്‌കർ പറഞ്ഞു.

സ്പൈക് ടാങ്ക് വേധ മിസൈൽ കരാറും ചർച്ചയായേക്കും. 8000 മിസൈൽ വാങ്ങുന്നതിനുള്ള കരാർ കഴിഞ്ഞവർഷം ഇന്ത്യ റദ്ദാക്കിയിരുന്നു. ഈ നടപടി പുനഃപരിശോധിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെടുമെന്ന് അഭ്യൂഹമുണ്ട്. ഇന്ത്യ-ഇസ്രയേൽ സ്വതന്ത്രവ്യാപാരക്കരാറും അജൻഡയിലുണ്ടെന്ന് കാർമൺ പറഞ്ഞു. 2016-'17-ൽ ഇരുരാജ്യങ്ങളും തമ്മിൽ 500 കോടി ഡോളറിന്റെ (31,799 കോടി രൂപ) വാണിജ്യമാണ് നടന്നത്. പ്രതിരോധ ഇടപാടുകൾ കൂടാതെയാണിത്.

130 അംഗ ബിസിനസ് സംഘത്തിനൊപ്പമാണ് നെതന്യാഹു എത്തുന്നത്. ഗുജറാത്തും മുംബൈയും അദ്ദേഹം സന്ദർശിക്കും. മുംബൈ ഭീകരാക്രമണത്തിൽ ഇസ്രയേൽക്കാരായ യഹൂദർ മരിച്ചിരുന്നു. ഛബാഡ് ഹൗസിൽ നടന്ന ആക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മോഷെ ഹോൾറ്റ്സ്ബെർഗെന്ന ബാലനും നെതന്യാഹുവിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുണ്ട്.