തിരുവനന്തപുരം: ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വനം മേധാവിയാകും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണു ബെന്നിച്ചനെ വനം മേധാവി സ്ഥാനത്തേക്കു ശുപാർശ ചെയ്തത്. ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. അടുത്ത മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കും. ഇപ്പോഴത്തെ വനം മേധാവി പി.കെ.കേശവൻ ഈ മാസം 31ന് വിരമിക്കുകയാണ്.

മുല്ലപ്പെരിയാർ വിവാദ മരംമുറിക്കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട വന്യജീവി മുഖ്യ വനപാലകൻ ബെന്നിച്ചൻ തോമസാണ് സീനിയോറിറ്റിയിൽ ഒന്നാമൻ. മുല്ലപ്പെരിയാർ വിവാദ വനംമുറി കേസിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തെങ്കിലും കഴിഞ്ഞ ദിവസം വകുപ്പ് സെക്രട്ടറി രാജേഷ്‌കുമാർ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അച്ചടക്ക നടപടികൾ ഉപേക്ഷിച്ചു. ബെന്നിച്ചനെ വിവാദത്തെതുടർന്ന് സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് ഐ.എഫ്.എസ്. സംഘടന ആവശ്യപ്പെട്ടതിനെതുടർന്ന് അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നു.

അന്വേഷണംനേരിടുന്ന ബെന്നിച്ചനെ മുഖ്യ വനപാലകനായി നിയമിക്കാനാവില്ലെന്ന് കണ്ടതിനെതുടർന്നാണ് ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതിനുവേണ്ടി അന്വേഷണം തന്നെ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനായാണ് ബെന്നിച്ചനെ പൊതുവേ വിലയിരുത്തിയിരുന്നത്. മുല്ലപ്പെരിയാർ മരം മുറി ഉത്തരവിന് പിന്നിൽ മറ്റ് ചില ഇടപെടലുണ്ടായിരുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നിച്ചനെ വെറുതെ വിട്ടത്.

86 ബാച്ചിലെ പ്രമോദ്കുമാർ പാഠക് നിലവിൽ കേന്ദ്ര സർവീസിൽ ഡപ്യൂട്ടേഷനിലാണ്. ഇദ്ദേഹം മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണു ബെന്നിച്ചന് നറുക്ക് വീഴുന്നത്. 88 ബാച്ചിലെ ഉദ്യോഗസ്ഥനാണ് ബെന്നിച്ചൻ തോമസ്. ചീഫ് സെക്രട്ടറിയും വനം മേധാവിയും വനം പ്രിൻസിപ്പൽ സെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനം മേധാവിയും ഉൾപ്പെട്ട സമിതിയാണു ശുപാർശ സമർപ്പിച്ചത്. കോട്ടയം കിടങ്ങൂർ സ്വദേശിയാണ് ബെന്നിച്ചൻ.

ബെന്നിച്ചൻ വനം മേധാവിയായാൽ, ചീഫ് വൈൽഡ്ലൈഫ് വാർഡൻ സ്ഥാനത്തേക്കു ഗംഗാ സിങ്, ജയപ്രസാദ് എന്നിവരുടെ പേരുകൾ പരിഗണിച്ചേക്കും. ഗംഗാ സിങ്ങും 88 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ജയപ്രസാദും പ്രകൃതി ശ്രീവാസ്തവയും 90 ബാച്ചുകാരും. ബെന്നിച്ചന് അടുത്ത വർഷം ജൂലൈ വരെയും ഗംഗാ സിങ്ങിന് 2025 മെയ്‌ വരെയും സർവീസുണ്ട്.

പ്രകൃതി ശ്രീവാസ്ത വനംമേധാവിയായി നിയമിക്കപ്പെടുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. മരംമുറിക്ക് ഉത്തരവിട്ടെങ്കിലും ഒരൊറ്റ മരവും മുറിച്ചില്ല എന്നതാണ് സർക്കാരിന്റെ കണ്ടെത്തൽ. മാത്രമല്ല, ഈ ഉത്തരവ് സർക്കാർ പിൻവലിക്കുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് ഡാം സുരക്ഷാ നിയമപ്രകാരമുള്ള എല്ലാ അധികാരങ്ങളും മേൽനോട്ട സമിതിയിൽ നിക്ഷിപ്തമായതുകൊണ്ട് ഈ സമിതിക്കായിരിക്കും തുടർ നടപടി ഇനി സ്വീകരിക്കാൻ കഴിയുക.

താൻ സ്വീകരിച്ച എല്ലാ നടപടികളും ഉത്തമ വിശ്വാസത്തിലാണെന്നും നിക്ഷിപ്ത താല്പര്യങ്ങൾ ഇക്കാര്യത്തിലില്ലെന്നും ബെന്നിച്ചൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും അന്വേഷണം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വിജിലൻസ് പി.സി.സി.എഫ്. ഗംഗാ സിങ്, ഫോറസ്റ്റ് മാനേജ്‌മെന്റ് പി.സി.സി.എഫ്. നോയൽ തോമസ്, പ്ലാനിങ് ആൻഡ് ?ഡവലപ്‌മെന്റ് പി.സി.സി.എഫ്. ഡി.ജയപ്രസാദ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡി. പ്രകൃതി ശ്രീവാസ്തവ എന്നിവരായിരുന്നു വനംവകുപ്പ് മേധാവിയാകാനുള്ള മുൻഗണനാ പട്ടികയിലുള്ള മറ്റുള്ളവർ.

ബേബി ഡാം ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി മരം മുറിക്കാനായി തമിഴ്‌നാടിന് അനുമതി നൽകി ഉത്തരവിറക്കിയതിന്റെ പേരിലാണ് ബെന്നിച്ചൻ തോമസിനെ കഴിഞ്ഞ നവംബറിൽ സസ്പെൻഡ് ചെയ്തത്. അന്തർ സംസ്ഥാന നദീജല തർക്ക സമിതിയുടെ തീരുമാനമനുസരിച്ച് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല.

സസ്പെൻഷനെതിരേ ഐ.എഫ്.എസ്. ഉദ്യോഗസ്ഥർ ശക്തമായി പ്രതിഷേധിച്ചതിനെത്തുടർന്ന് ഒരു മാസത്തിനിടെ ബെന്നിച്ചൻ തോമസിനെ തിരിച്ചെടുത്തു. പക്ഷേ വകുപ്പുതല അന്വേഷണം തുടരുകയായിരുന്നു.