കോതമംഗലം: സഞ്ചരിക്കുന്ന ടെലിഫോൺ ഡയറക്ടറി! അടിമാലി ഇരുമ്പുപാലം സ്വദേശി ബെന്നിയെക്കുറിച്ച് ഇതിൽപ്പരമൊരു വിശേഷണം നൽകാനാകില്ല. കാരണം ഇതിനകം തന്നെ ആയിരക്കണക്കിന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ലഭ്യമായ നമ്പറുകൾ ബെന്നി മനഃപാഠമാക്കിക്കഴിഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, മമ്മൂട്ടി, മോഹൻലാൽ, കെ ജെ യേശുദാസ്, സരിത എസ് നായർ തുടങ്ങി പത്രമാദ്ധ്യമങ്ങളിലും ഇതരപ്രസിദ്ധീകരണങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഒട്ടുമിക്കവരുടെയും നമ്പറുകൾ ഓർത്തെടുക്കാൻ ഈ 52 കാരന് വേണ്ടത് നിമിഷങ്ങൾ മാത്രം.

ഭരണ-രാഷ്ട്രീയ- സാമൂഹ്യപ്രവർത്തന മേഖലയിലെ വ്യക്തികളുടെയും ആതുര സേവന മേഖലയിലെ പ്രമുഖരുടെയും സ്ഥാപനങ്ങളുടേതുമുൾപ്പെടെ ഇതിനകം രണ്ട് ലക്ഷത്തോളം നമ്പരുകൾ താൻ മനഃപാഠമാക്കിയിട്ടുണ്ടെന്നാണ് ബെന്നി പറയുന്നത്. വിവാദനായിക സരിത എസ് നായരുടെ നമ്പർ തനിക്ക് അറിയാമെങ്കിലും ആർക്കും കൈമാറില്ലെന്നാണ് ബെന്നിയുടെ നിലപാട്. കോടതി കയറിയിറങ്ങാൻ വയ്യാത്തതിനാലാണ് ഈ ഒരു നമ്പറിന്റെ കാര്യത്തിൽ താൻ വെളിപ്പെടുത്തലിന് തയ്യാറാകാത്തതെന്നാണ് ബെന്നിയുടെ പക്ഷം.

പറയുന്ന അതേവേഗത്തിൽ തന്നെ ഫോൺ നമ്പറുകൾ തിരിച്ചുപറയുന്നതിലും ബെന്നിക്കുള്ള കഴിവ് ആരെയും അത്ഭുതപ്പെടുത്തും. ഇതിന് പുറമേ മിക്ക സ്ഥലങ്ങളുടെയും ഷോട്ട് ഫോമുകളും ബെന്നി മനഃപാഠമാക്കിക്കഴിഞ്ഞു. രണ്ട് വർഷം മുമ്പ് താൻ പങ്കെടുത്ത ആഘോഷപരിപാടികൾക്കിടെ നടന്ന മെമ്മറി ടെസ്റ്റ് മത്സരമാണ് തനിക്ക് ഇത്തരത്തിലൊരു കഴിവ് സ്വന്തമാക്കുന്നതിന് പ്രചോദമായതെന്ന് ബെന്നി വ്യക്തമാക്കി. അടിമാലി ഈസ്റ്റേണിലെ ജീവനക്കാരനാണ് ബെന്നി.

ഇതുവരെ മനഃപാഠമാക്കിയ നമ്പരുകളെല്ലാം ബുക്കിൽ എഴുതി സൂക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്ന ബെന്നി, അടുത്തവർഷം ഇതേസമയമാവുമ്പോഴേക്കും മൂന്ന് ലക്ഷം നമ്പറുകൾ മനഃപാഠമാക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണിപ്പോൾ.