- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമതാ ബാനർജിക്കെതിരെ സിപിഎം സ്ഥാനാർത്ഥിയെ നിർത്തുന്നത് ബിജെപിയെ സഹായിക്കാൻ; ബിജെപി - മാർക്സിസ്റ്റ് പാർട്ടി അവിശുദ്ധ ബന്ധത്തിന് തെളിവാണിത്: ബെന്നി ബെഹനാൻ
കൊച്ചി: ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ സി പി എം സ്ഥാനാർത്ഥിയെ നിർത്തിയത് ബിജെപിയെ സഹായിക്കാനല്ലെങ്കിൽ മറ്റെന്തിനാണെന്ന് മുൻ യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എംപി. ബിജെപിയെ അതിശക്തമായി എതിർക്കുന്ന മമതാ ബാനർജി മുഖ്യമന്ത്രിയായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന അതിനിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി നേതൃത്വം നൽകുന്ന പ്രമുഖ നേതാക്കളിൽ ഒരാൾ മമതയാണ് . ഇത്രയും നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ അവർക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിലൂടെ എന്ത് സന്ദേശമാണ് സി പി എം നൽകുന്നത്. മമതാ ബാനർജിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് ബിജെപിയും മാർക്സിസ്റ്റ് പാർട്ടിയും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഭവാനിപ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്ഥാനാർത്ഥി പോലുമില്ലാതിരുന്ന സി പി എം ഇത്തവണ മമതക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് ബിജെപിയെയും മോദി-അമിത്ഷാ കൂട്ടുകെട്ടിനെയും സഹായിക്കാൻ വേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിക്കെതിരെ നന്ദിഗ്രാമിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 6267 വോട്ടാണ്. കേവലം 1956 വോട്ടുകൾക്കാണ് ഇവിടെ മമതാ ബാനർജി ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുവേന്ദു അധികാരിയോട് തോറ്റതെന്നതും ശ്രദ്ധേയമാണ്. മോദിയും അമിത്ഷായും മണ്ഡലത്തിൽ ക്യാമ്പ് ചെയ്തായിരുന്നു മമതക്കെതിരെ പ്രചാരണം നയിച്ചതും. അന്നും ബിജെപിക്ക് അനുകൂലമായ നിലപാടാണ് മണ്ഡലത്തിൽ സി പി എം സ്വീകരിച്ചത്.
കേരളത്തിലെ പോലെ തന്നെ ബംഗാളിലും ബിജെപിയെയും സംഘപരിവാർ ശക്തികളെയും സഹായിക്കുന്ന സമീപനമാണ് സി പി എം സ്വീകരിക്കുന്നത്. കേരളത്തിൽ രഹസ്യമായി നൽകുന്ന സഹായം ബംഗാളിൽ പരസ്യമായി എന്ന് മാത്രം. ഇത്രയും പരസ്യമായി സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന സി പി എമ്മിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ് മമത ബാനർജിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനം. ബിജെപിയോടുള്ള കൂറ് ആവർത്തിച്ചു തെളിയിക്കുന്ന സി പി എം നിലപാട് പരിഹാസ്യമാണ് . പുറമെ ആർ.എസ് .എസ് , സംഘപരിവാർ വിരുദ്ധത പ്രസംഗിക്കുകയും ഒളിഞ്ഞും തെളിഞ്ഞും അവരെ സഹായിക്കുകയും ചെയ്യുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ