തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്ക് പൂർണ്ണമായും വഴങ്ങാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തയ്യാറല്ല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹൈക്കമാണ്ട് നിർദ്ദേശങ്ങൾ തള്ളിയ മുഖ്യമന്ത്രിക്ക് പണി കൊടുത്തു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബഹന്നാനെ വെട്ടി രാഹുൽ ഗാന്ധി പ്രതികാരം തീർത്തു. തർക്ക സീറ്റുകളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിടിവാശി അംഗീകരിച്ച് എല്ലാവരെയും ഉൾക്കൊള്ളിച്ച് സ്ഥാനാർത്ഥിപ്പട്ടിക തയാറാക്കിയെങ്കിലും അവസാന നിമിഷം ലിസ്റ്റിൽ തിരുത്ത് വരുത്തി. അങ്ങനെ തൃക്കാക്കരയിൽ ബെന്നി ബെഹന്നാന് പകരം പിടി തോമസ് സ്ഥാനാർത്ഥിയായി.

ഇതോടെ മത്സര രംഗത്ത് നിന്ന് പിന്മാറുന്നുവെന്ന് ബെന്നി ബെഹന്നാൻ അറിയിച്ചു. കെപിസിസി അധ്യക്ഷന് മറ്റ് ചില താൽപ്പര്യമുണ്ട്. അതുകൊണ്ട് തന്നെ താൻ പിന്മാറുന്നുവെന്ന് ബെന്നി ബെഹന്നാൻ വിശദീകരിച്ചു. ബെന്നിക്ക് വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ സമ്മർദ്ദം ഫലം കണ്ടില്ല. അതുകൊണ്ട് കൂടിയാണ് പിന്മാറ്റം. കോൺഗ്രസ് സ്ഥാനാർത്ഥിയായെത്തുന്ന ഏത് സ്ഥാനാർത്ഥിയേയും പിന്തുണയ്ക്കുമെന്നും ബെന്നി ബെഹന്നാൻ അറിയിച്ചു. ഹൈക്കമാണ്ട് പേരുവെട്ടിയെന്ന ആരോപണം ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു ബെന്നി ബെഹന്നാൻ നടത്തിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം പ്രകാരമായിരുന്നു ഇത്. സോളാർ അഴിമതി വീണ്ടും സജീവ ചർച്ചയായ സാഹചര്യത്തിലാണ് ഇത്.

സ്ഥാനാർത്ഥികളെ ഹൈക്കമാൻഡ് പ്രഖ്യാപിക്കാനിരിക്കെ തികച്ചും നാടകീയമായിട്ടായിരുന്നു ബെന്നിയുടെ പിന്മാറ്റം.കെപിസിസി പ്രസിഡന്റ് വി എം.സുധീരന് താൽപര്യമില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ശരിയല്ലാത്തതു കൊണ്ടാണ് ഈ തീരുമാനമെന്ന് ബെന്നി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെപിസിസി നിരീക്ഷക സമിതി പോലും വിജയം ഉറപ്പിച്ച സീറ്റാണ് തൃക്കാക്കര മണ്ഡലം. അവിടത്തെ എംഎ‍ൽഎയായ തനിക്കു നേരെ പ്രതിപക്ഷം പോലും ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ബൂത്ത് തലത്തിൽ പോലും എന്നെക്കുറിച്ച് പരാതി ഉയർന്നിട്ടില്ല- ബെന്നി പറഞ്ഞു.

എന്നാൽ, മുഖ്യമന്ത്രിക്കോ പാർട്ടിക്കോ പ്രതിസന്ധി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാലാണ് സ്വയം പിന്മാറുന്നത്. തൃക്കാക്കരയിൽ മത്സരിക്കുന്നതിന് സുധീരന്റെ മനസിൽ മറ്റു സ്ഥാനാർത്ഥികളുടെ പേരുകളുണ്ടായിരുന്നു. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഡൽഹിയിൽ തർക്കവും ഉണ്ടായിരുന്നു. മാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വാർത്തകൾ വന്നിരുന്നെങ്കിലും അതിന്റെ ആധികാരികത ഉറപ്പിക്കാൻ സമയം വേണ്ടി വന്നതിനാലാണ് തീരുമാനം വൈകിയത്. പ്രസിഡന്റിന്റെ സമ്മതമില്ലാതെ മത്സരിക്കുന്നത് ശരിയല്ല. മണ്ഡലത്തിൽ മറ്രൊരു സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചാൽ ആ സ്ഥാനാർത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങും. രാഷ്ട്രീയ പ്രവർത്തനം എന്നാൽ എംഎ‍ൽഎയാവുന്നത് മാത്രമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മന്ത്രിമാർക്കും സീറ്റ് നൽകണമെന്നും ജയസാധ്യത മാനദണ്ഡമാക്കണമെന്നും ഉമ്മൻ ചാണ്ടി നിലപാട് എടുത്തു. മന്ത്രിമാരെ ഒഴിവാക്കിയാൽ താൻ മത്സരിക്കില്ലെന്ന് പറഞ്ഞതോടെ ഹൈക്കമാണ്ട് വഴങ്ങി. എന്നാൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാന് സീറ്റില്ലെന്ന സൂചന ഇതിനിടെ രാഹുൽ ഗാന്ധി നൽകി. പകരം എ ഗ്രൂപ്പിൽ നിന്നുതന്നെയുള്ള പി.ടി. തോമസിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു. കെ.സി. ജോസഫ്, അടൂർ പ്രകാശ്, കെ. ബാബു എന്നിവർക്കൊപ്പം ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ നിലപാടെടുത്ത കൂട്ടത്തിലുള്ളയാളാണ് ബെന്നിയും. തൃക്കാക്കരയിൽ ബെന്നിക്ക് പകരം എ ഗ്രൂപ്പുകാരാനായ പി.ടി. തോമസിന്റെ പേരാണ് സുധീരൻ നിർദ്ദേശിച്ചത്.

സ്ഥാനാർത്ഥി ചർച്ചയിൽ ബെന്നിയെ ഒഴിവാക്കുന്നതിനെ മുഖ്യമന്ത്രി അനുകൂലിച്ചില്ല. ആരെ ഒഴിവാക്കിയാലും താനും മത്സരരംഗത്തുണ്ടാവില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിച്ചു. കെ. ബാബുവിനെയും അടൂർ പ്രകാശിനെയും ഒഴിവാക്കിക്കൊണ്ടുള്ള ഒത്തുതീർപ്പ് ഫോർമുല ചിലർ മുന്നോട്ടുവച്ചെങ്കിലും അതിനും ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. ഒടുവിൽ ഇരിക്കൂറിൽ കെ. സി. ജോസഫിന് പകരം സജി ജോസഫിന്റെ പേര് എഴുതിച്ചേർക്കാനുള്ള ശ്രമവും ഉമ്മൻ ചാണ്ടിയുടെ കടുത്ത നിലപാടിനുമുന്നിൽ നടന്നില്ല. കെ.സി. ജോസഫിനെ ഒഴിവാക്കാനുള്ള ശ്രമം ഉമ്മൻ ചാണ്ടിയെ ക്ഷുഭിതനാക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ സുധീരൻ തന്നെ തെരഞ്ഞെടുപ്പ് നയിക്കട്ടെ എന്ന നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിച്ചത് ഹൈക്കമാൻഡിനെ വെട്ടിലാക്കുകയും ചെയ്തു.

തുടർന്നാണ് തർക്ക സീറ്റുകളിലടക്കം മാറ്റം വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് എത്തിയത്. എന്നാൽ, രാഹുൽ ഗാന്ധിക്ക് ഇക്കാര്യത്തിൽ അതൃപ്തി ഉണ്ടായി. അതിന്റെ ഭാഗമാണ് തൃക്കാക്കരയിൽ ബെന്നിക്ക് പകരം പി.ടി തോമസിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകുന്നതെന്നാണ് സൂചന. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പി.ടി തോമസിന് ഇടുക്കിയിൽ സ്ഥാനാർത്ഥിത്വം നൽകിയിരുന്നില്ല. അതിനുപകരമാണ് നിയമസഭയിൽ പരിഗണിക്കുന്നത്. ബെന്നിയെ ഒഴിവാക്കുന്നതിലൂടെ ഉമ്മൻ ചാണ്ടിക്ക് ഒരു ചെറിയെ ഷോക്ക് നൽകാനും രാഹുൽ ഉദ്ദേശിച്ചു. ഉമ്മൻ ചാണ്ടിക്ക് മുഴുവനായി വഴങ്ങിയില്ല എന്ന സന്ദേശം കൂടി ഇതിലൂടെ നൽകുക എന്നതും ലക്ഷ്യമാണ്.

ബെന്നിയെ മാറ്റി പകരം എ ഗ്രൂപ്പുകാരനെ കൊണ്ടുവരുമ്പോൾ എതിർപ്പ് ഉണ്ടാകില്ലെന്നും കണക്കുകൂട്ടുന്നു. ബെന്നി ബെഹന്നാനെക്കാൾ തൃക്കാക്കരയിൽ പിടി തോമസിന് വിജയസാധ്യതയുണ്ട്. ഇതുയർത്തിയാകും ഉമ്മൻ ചാണ്ടിയുടെ വലംകൈയായ ബെന്നിയെ വെട്ടുക. ഇതിനോട് ഉമ്മൻ ചാണ്ടി എങ്ങനെ പ്രതികരിക്കുമെന്നതും ശ്രദ്ധേയമാണ്. ഇന്നലെ സ്ഥാനാർത്ഥി പട്ടിക കുറ്റമറ്റതാകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. ഹൈക്കാണ്ടിനെ പുകഴ്‌ത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ ബെന്നിയെ മാറ്റിയാലും ഉമ്മൻ ചാണ്ടിക്ക് എതിർക്കാൻ കഴിയില്ല. ഇതുമനസ്സിലാക്കിയാണ് ബെന്നിയെ ഒഴിവാക്കുന്നത്.

ഈ തീരുമാനം അറിഞ്ഞതോടെ ഹൈക്കമാണ്ടുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധി ഉറച്ചു നിന്നു. കെപിസിസി അധ്യക്ഷൻ സോളാറിലെ വെളിപ്പെടുത്തലുകൾ രാഹുലിനെ അറിയിക്കുകയും ചെയ്തു. ഇതും സ്ഥാനാർത്ഥിയെ മാറ്റുന്നതിന് കാരണമായി. സോളാറുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന പല നേതാക്കൾക്കും സീറ്റ് നിഷേധിക്കപ്പെടുമെന്നാണ് സൂചന.