കൊച്ചി: ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാൻ മത്സരിച്ച തൃക്കാക്കരയൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള ചുവരെഴുത്തുകൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ബെന്നി തന്നെ സ്ഥാനാത്ഥി എന്നുറപ്പിച്ച ഘട്ടത്തിലാണ് സുധീരന്റെ കരുക്കൾ നീങ്ങിയതും ഉമ്മൻ ചാണ്ടിയുടെ വലംകൈ രാഹുൽ ഗാന്ധിയെ ഉപയോഗിച്ച് വെട്ടിമാറ്റിയതും. സീറ്റ് പോയതോടെ ബെന്നി തകർക്ക് അഭിനയിച്ച ഹ്രസ്വചിത്രം റിലീസ് ചെയ്യാനാകാതെ പെട്ടിയിലിരിക്കും.

രണ്ടാമതും മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് കരുതി ബെന്നി ബെഹനാൻ മാസങ്ങൾക്ക് മുമ്പു തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി ഒരു ഹ്രസ്വചിത്രം തയ്യാറാക്കിയത്. കൊച്ചിയിലെ സുഭാഷ് പാർക്കിൽ വച്ച് ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗും നടന്നിരുന്നു. ബെന്നി തന്നെ ഈ ഷോട്ട് ഫിലിമിൽ തകർക്ക് അഭിനയിച്ചു.

തൃക്കാക്കര മണ്ഡലത്തിൽ എംഎൽഎയുടെ സഹായം ലഭിച്ച വോട്ടർമാരും ഈ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഓരോ കവലകളിലും പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കാൻ വേണ്ടിയായിരുന്നു ഈ ഹ്രസ്വചിത്രം നിർമ്മിച്ചത്. ഇത് കൂടാതെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാനും പദ്ധതിയിട്ടു. ഡിജിറ്റൽ രീതിയിലുള്ള തെരഞ്ഞെടുപ്പ് കാമ്പയിന് ശ്രമിക്കുന്നതിന് പുറമേ പരമ്പരാഗത മാർഗ്ഗവും ബെന്നി പദ്ധതിയിട്ടിരുന്നു.

ടിക്കറ്റ് ഉറപ്പാക്കുന്ന ചർച്ചകളുമായി ഒരാഴ്ച മുഴുവൻ ഡൽഹിയിൽ ഉണ്ടായിരുന്ന ബെന്നിക്കുവേണ്ടി ഞായറാഴ്ചയും തൃക്കാക്കരയിൽ ചുവരുകൾ ബുക്ക് ചെയ്യുന്ന എഴുത്തുകൾ നടന്നിരുന്നു. മണ്ഡലത്തിലെ മിക്കയിടത്തും സ്ഥാനാർത്ഥക്കായി കൈപ്പത്തി ചിഹ്നം വരച്ചു തുടങ്ങി. എന്നാൽ, തീരുമാനം മാറി മറിഞ്ഞപ്പോൾ ബെന്നിയുടെ പേരിന് പകരം ഇനി പി ടി തോമസിന്റെ പേര് ഈ ചുവരുകളിൽ എഴുതി ചേർക്കേണ്ടി വരും.

ഡൽഹിയിൽ നടന്ന ചർച്ചകളിൽ ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തം എല്ലാവരും അംഗീകരിക്കുമെന്നാണ് എല്ലാവരും കരുതിയതും. എന്നാൽ, പി ടി തോമസിനെ ഉപയോഗിച്ചുള്ള സുധീരന്റെ നീക്കം അപ്രതീക്ഷിതമായതോടെ ബെന്നിക്ക് കനത്ത തിരിച്ചടി ആകുകയും ചെയ്തു. ക്രൈസ്തവ നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായതിനാലാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പി ടി തോമസിന് ടിക്കറ്റ് നിഷേധിച്ചത്. ഇങ്ങനെ ടിക്കറ്റ് നിഷേധിച്ച പി.ടി. തോമസിനു തൃക്കാക്കര സീറ്റ് നൽകിയത് സഭാനേതൃത്വം സഹിച്ചെന്നുവരില്ലെന്ന വാദമാണ് ഇപ്പോൾ ഒരു വിഭാഗം ഉയർത്തുന്നത്.

എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ.... ഉള്ളിൽ സങ്കടോണ്ട് ട്ടോ.... :)പെറ്റ തള്ള പോലും കണ്ടാൽ സഹിക്യൂല്ല്യ... :)

Posted by Davis Thekkekara on Monday, April 4, 2016