ബെർലിൻ: ചരിത്രപ്രാധാന്യമുള്ള ബെർലിൻ മതിൽ പൊളിച്ചു കളഞ്ഞതു മണ്ടത്തരമായെന്നു ജർമനി കരുതുന്നുണ്ടാകുമോ? ബെർലിനിലെ പുതിയ മതിൽ നിർമ്മാണം അത്തരത്തിലേക്കാണു ചർച്ചകൾ കൊണ്ടുപോകുന്നത്.

അഭയാർഥികളുടെ ആക്രമണത്തിൽ നിന്നു നാട്ടുകാരെ രക്ഷിക്കാൻ പുതിയൊരു വമ്പൻ മതിൽ പണിയുകയാണു ജർമനി. മ്യൂണിക്കിലാണ് അഭയാർഥികളെ ഭയന്നു പുതിയ മതിൽ ഉയരുന്നത്. 12 അടിയാണ് മതിലിന്റെ ഉയരം.

കുപ്രസിദ്ധമായിരുന്നു പശ്ചിമ- പൂർവ ജർമനികളെ വേർതിരിച്ചിരുന്ന ബെർലിൻ മതിൽ. ഇരു രാജ്യങ്ങളും ഒന്നായപ്പോൾ ജനക്കൂട്ടം ആവേശപൂർവമാണ് അതു തകർത്തത്. 1989 ലാണു മതിൽ തകർന്നു വീണത്.

എന്നാൽ, പുതിയ മതിൽ പണിയുന്നതു പാർപ്പിട മേഖലയെ അഭയാർഥി കേന്ദ്രവുമായി വേർതിരിക്കാനാണ്. ന്യൂപലാഷ് സെദ് ജില്ലാ ഭരണകൂടമാണു മതിൽനിർമ്മിക്കാൻ തീരുമാനിച്ചത്. ഇതു ചാൻസലർ ഏഞ്ജല മെർക്കലിന്റെ കുടിയേറ്റ നയത്തിനു വിരുദ്ധമാണെന്ന വാദവും ഇതിനിടെ ഉയർന്നിട്ടുണ്ട്. ഇവിടുത്തെ കേന്ദ്രത്തിലുള്ളത് 160 അഭയാർഥികളാണ്.

ഇവിടത്തെ നാട്ടുകാരാണ് അഭയാർഥികളുടെ ജീവിത ശൈലിയോട് യോജിക്കാനാകാതെ ആദ്യം ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ക്യാമ്പിനു സമീപമുള്ള വീടുകൾക്കു വിലകുറയുമോയെന്ന ആശങ്കയും ഇവർ പങ്കുവച്ചു. നഗരത്തിൽ അഭയാർഥികളും നാട്ടുകാരുമായുള്ള ഏറ്റുമുട്ടൽ പതിവായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ആക്രമണത്തിൽ മൂന്ന് അഫ്ഗാൻ യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇത്തരത്തിലുണ്ടാകുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതും മതിലിന്റെ ലക്ഷ്യമാണ്.