- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടു വർഷത്തിനു ശേഷം സിപിഐ(എം) നേതാക്കൾ ബെർലിൻ കുഞ്ഞനന്തൻ നായരുടെ വസതിയിൽ; കലിപ്പെല്ലാം മാറി കെട്ടിപ്പിടിച്ചു; 2000 പുസ്തകങ്ങൾ, പാർട്ടി ഓഫീസിന് നാലു സെന്റ്് ഭൂമി...;പഴയ പാർട്ടി വിരുദ്ധൻ നേതാക്കൾക്കു പ്രിയങ്കരനായി
കണ്ണൂർ: സിപിഐ.(എം) പാർട്ടി വിരുദ്ധനെന്നു മുദ്രകുത്തി പടിക്കു പുറത്താക്കിയ ബർലിൻ കുഞ്ഞനന്തൻ നായരെ പാർട്ടി കൂടുതൽ അടുപ്പിക്കുന്നു. പാർട്ടിയിൽ തിരിച്ചെടുത്തശേഷം കുഞ്ഞനന്തൻ നായരെ ആദ്യമായി സന്ദർശിക്കാൻ സിപിഐ.(എം) ജില്ലാ സെക്രട്ടറി പി.ജയരാജനും മറ്റു നേതാക്കളും അദ്ദേഹത്തിന്റെ വസതിയിലെത്തി. 2007 മുതൽ പാർട്ടിയുമായി അകന്നു നിന്ന കുഞ്ഞനന്ത
കണ്ണൂർ: സിപിഐ.(എം) പാർട്ടി വിരുദ്ധനെന്നു മുദ്രകുത്തി പടിക്കു പുറത്താക്കിയ ബർലിൻ കുഞ്ഞനന്തൻ നായരെ പാർട്ടി കൂടുതൽ അടുപ്പിക്കുന്നു. പാർട്ടിയിൽ തിരിച്ചെടുത്തശേഷം കുഞ്ഞനന്തൻ നായരെ ആദ്യമായി സന്ദർശിക്കാൻ സിപിഐ.(എം) ജില്ലാ സെക്രട്ടറി പി.ജയരാജനും മറ്റു നേതാക്കളും അദ്ദേഹത്തിന്റെ വസതിയിലെത്തി. 2007 മുതൽ പാർട്ടിയുമായി അകന്നു നിന്ന കുഞ്ഞനന്തൻ നായർ സിപിഐ.(എം) നേതാക്കളായ പിണറായി വിജയനുൾപ്പെടെയുള്ളവർക്കെതിരെ കടുത്ത വിമർശനം അഴിച്ചു വിട്ടിരുന്നു.
എട്ടുവർഷത്തെ ഇടവേളക്കു ശേഷമാണ് സിപിഐ.(എം)യുടെ ഉന്നതനേതാക്കൾ കുഞ്ഞനന്തൻ നായരുടെ വസതിയിലെത്തുന്നത്. പി.ജയരാജനൊപ്പം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. പ്രകാശൻ മാസ്റ്ററും എൻ.ചന്ദ്രനും കുഞ്ഞനന്തൻ നായരെ സന്ദർശിക്കാനെത്തിയിരുന്നു. കടുത്ത വി എസ്.പക്ഷക്കാരനായിരുന്ന കുഞ്ഞനന്തൻ നായർ പാർട്ടിയുമായി അകന്നപ്പോഴും വി എസ്.അച്യുതാനന്ദനുമായി ബന്ധം പുലർത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി വിമർശകനായിരുന്ന കുഞ്ഞനന്തൻ നായരെ അച്യുതാനന്ദൻ സന്ദർശിച്ചതും ലഘുഭക്ഷണം കഴിച്ചതും സംസ്ഥാന തലത്തിൽ വിമർശനത്തിന് കാരണമായിരുന്നു.
ഈ സംഭവത്തെച്ചൊല്ലി അച്യുതാന്ദനനെതിരെ വിമർശനമുയർന്നപ്പോൾ അദ്ദേഹം വ്യക്തിപരമായാണ് തന്നെ സന്ദർശിച്ചിരുന്നതെന്ന് കുഞ്ഞന്തൻനായർ പ്രതികരിച്ചിരുന്നു. വി.എസിന്റെ ഗ്രൂപ്പുകളിയിൽ പ്രധാന ഉപദേശകനായിരുന്നു കുഞ്ഞനന്തൻ നായർ. പാർട്ടിയുടെ താത്വികമായ വ്യതിചലനത്തിന്റെ തലനാരിഴകീറി അപ്പപ്പോൾ വി.എസിന് വിവരങ്ങൾ നൽകിയിരുന്നതും കുഞ്ഞനന്തൻ നായരായിരുന്നു. 2010 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ഡി.പി.യുമായി സിപിഐ.(എം) ഉണ്ടാക്കിയ ബാന്ധവത്തെ അതി രൂക്ഷമായി വിമർശിച്ച ആളായിരുന്നു ബർലിൻ.
മത മൗലികവാദവും ഭീകരവാദവും ഒരുമിച്ചു പ്രതിഫലിച്ച വ്യക്തിയാണ് അബ്ദുൾ നാസർ മദനിയെന്നും അദ്ദേഹവുമായി ബാന്ധവമുണ്ടാക്കുന്നത് കമൃൂണിസ്റ്റുകൾക്ക് യോജിച്ചതല്ലെന്നും കുഞ്ഞനന്തൻ നായർ അന്നു പരസ്യ പ്രസ്താവന ഇറക്കിയിരുന്നു. പൊന്നാനിയിലെ എൽ.ഡി.എഫ് സ്വതന്ത്രനായി ഹുസൈൻ രണ്ടത്താണിയെ നിശ്ചയിച്ചതിനെതിരേയും കുഞ്ഞനന്തൻ നായർ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഈ വിഷയം വി എസ്.അച്യുതാനന്ദൻ ഏറ്റെടുക്കുകയായിരുന്നു.
മലപ്പുറം പാർട്ടി കോൺഗ്രസ്സ് സമാപിച്ചപ്പോൾ കാന്തപുരം എ.പി.അബൂബക്കർ മുസലിയാരെ പിണറായി വിജയൻ സന്ദർശിച്ചതും കുഞ്ഞനന്തൻ നായരുടെ വിമർശനത്തിന് പാത്രമായി. രക്തസാക്ഷി കുടുംബങ്ങളേയും രക്തസാക്ഷി മണ്ഡപങ്ങളും ആയിരുന്നു പിണറായി സന്ദർശിക്കേണ്ടിയിരുന്നതെന്ന് ബർലിൻ പറഞ്ഞിരുന്നു. ന്യൂനപക്ഷ വോട്ടുകൾക്കു വേണ്ടി മതമൗലികവാദികളോട് സന്ധിചെയ്യുന്നത് കമ്യൂണിസ്റ്റ്കാർക്ക് യോജിച്ചതല്ലെന്നും ബർലിൻ കുറ്റപ്പെടുത്തിയിരുന്നു.
2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ താൻ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.സുധാകരനാണ് വോട്ട് ചെയ്യുകയെന്ന് കുഞ്ഞനന്തൻ നായർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല സിപിഐ.(എം)വിട്ട് കോൺഗ്രസ്സിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടിയോടൊപ്പം നാറാത്തെ ബൂത്തിലെത്തി പരസ്യമായി വോട്ട് ചെയ്തതും പാർട്ടിക്ക് ബർലിനോടുള്ള എതിർപ്പ് വർദ്ധിക്കാൻ കാരണമായി.
ഒരു വർഷത്തിലേറെയായി കുഞ്ഞനന്തൻ നായർ പാർട്ടിയെ വിമർശിക്കുന്നതിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയായിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ പി.കെ. ശ്രീമതിക്ക് താൻ വോട്ട് ചെയ്യുമെന്ന് കുഞ്ഞനന്തൻ നായർ പ്രഖ്യാപിച്ചു. അതോടെ പാർട്ടി ബന്ധം പുനഃസ്ഥാപിക്കാൻ വഴി തുറക്കുകയായിരുന്നു. തുടർന്ന് പ്രാദേശിക പാർട്ടി നേതാക്കൾ ക്ഷേമാന്വേഷണവുമായി കുഞ്ഞനന്തൻ നായരെ സമീപിച്ചിരുന്നു.
ഏറെക്കാലത്തിനു ശേഷം സിപിഐ.(എം). കണ്ണൂർ ജില്ലാ നേതൃത്വം കുഞ്ഞനന്തൻ നായരുടെ വസതിയിലെത്തി സൗഹൃദം പുതുക്കി. വികാരനിർഭരമായ രംഗങ്ങളായിരുന്നു നടന്നത്. നേതാക്കളെ കണ്ട ഉടൻ ചാരുകസേരയിൽ നിന്നെഴുന്നേറ്റ് അദ്ദേഹം സ്വീകരിച്ചു. തുടർന്ന് പി.ജയരാജൻ കുഞ്ഞനന്തൻ നായരെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. മറ്റ് നേതാക്കളും അത് അനുകരിച്ചു. തന്റെ വീട്ടിൽ സൂക്ഷിച്ച 2000 പുസ്തകങ്ങൾ സിപിഐ(എം) നിയന്ത്രണത്തിലുള്ള പാട്യം പഠനഗവേഷണ കേന്ദ്രത്തിന് നൽകാൻ കുഞ്ഞനന്തൻ നായർ ആഗ്രഹം പ്രകടിപ്പിച്ചു.
പാർട്ടിയുടെ വളർച്ചക്കും ഗവേഷണത്തിനും ഈ പുസ്തകങ്ങൾ ഉപയോഗപ്പെടുത്തണമെന്നും നവതിയിലേക്കടുക്കുന്ന കുഞ്ഞനന്തൻ നായർ പറഞ്ഞു. നേതാക്കൾ അതിന് സമ്മതം നൽകുകയും ചെയ്തു. പാർട്ടി ഓഫീസ് പണിയാൻ നാലു സെന്റ് ഭൂമി നൽകാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്