- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.കെ നായനാർക്കൊപ്പം പാർട്ടിയിൽ പ്രവേശനം; വി എസിനൊപ്പം വലതുവ്യതിയാനത്തിനെതിരെ പോരാടി; പിണറായിയെ 'പൊളിച്ചെഴുത്തുകൾ' എന്ന പുസ്തകത്തിൽ വലിച്ചുകീറിയതിന് പാർട്ടിയിൽ നിന്നും പുറത്തായി; വി. എസ് പക്ഷം ആയുധം വെച്ചുകീഴടങ്ങിയതിനു ശേഷം നിന്ദിതനും പീഡിതനുമായി മടക്കം
കണ്ണൂർ: ഇ.കെ നായനാർക്കൊപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ചരിത്രമാണ് ബർലിൻകുഞ്ഞനന്തൻ നായർക്കുള്ളത്. 1935ൽ കല്യാശേരിയിൽ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് കുഞ്ഞനന്തൻനായരും സെക്രട്ടറി ഇ.കെനായനാരുമായിരുന്നു. 1939 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 1945- 46 കാലഘട്ടത്തിൽ ബോംബയിൽ രഹസ്യ പാർട്ടി പ്രവർത്തനം നടത്തി. 1948 ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹി പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപി എമ്മിനൊപ്പം നിന്നു . 57 ൽ ഇഎംഎസ് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ൽ റഷ്യയിൽ പോയി പാർട്ടി സ്‌കൂളിൽ നിന്ന് മാർക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു. 1959 ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസിൽ പങ്കെടുത്തു.
1965 ൽ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിൽ എഴുതി. ബർലിനിൽ നിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതോടെ ബർലിൻ കുഞ്ഞനന്തൻ നായരായി. സി. ഐ. ഐപിശാചും അതിന്റെ ചാട്ടുളിയുമെന്ന പേരിൽബർലിനെഴുതിയ അന്വേഷണാത്മക പുസ്തകം അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. അമേരിക്കൻ സാമ്രാജ്യത്വ ചാര സംഘടനയായ സി. ഐ. ഐ മൂന്നാംലോക രാജ്യങ്ങളിൽ എങ്ങനെ ഇടപെടുന്നുവെന്ന രഹസ്യം അനാവരണം ചെയ്യുന്ന പുസ്തകമായിരുന്നു അത്.
ചാട്ടുളിപോലെയുള്ള ബർലിന്റെ നിരീക്ഷണങ്ങൾ അക്കാലത്ത് ലോക കമ്യൂണിസ്റ്റു പാർട്ടിയിൽ തന്നെ ചർച്ചയായി മാറിയിരുന്ന. ബർലിൻ ഏകീകരണമെന്ന് സ്വപ്നം സാക്ഷാത്കരിച്ചതിനു ശേഷമാണ് ബർലിൻ ജർമനിയിൽ നിന്നും മടങ്ങിയത്. ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാക്കളായ പി.സി ജോഷി, എം. എൻ റോയ്. എസ്. എ ഡാങ്കെ തുടങ്ങി എ.കെ.ജി, ഇ. എം. എസ്, സുന്ദരയ്യ, ബി.ടി. ആർ, സുർജിത്ത്, ജ്യോതിബസു, ബസുവപുന്നയ്യ എന്നിങ്ങനെ നേതാക്കളുടെ വൻനിരയുമായി ആത്മബന്ധം തന്നെ ബർലിൻ പുലർത്തിയിരുന്നു.
ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ വളർച്ചയും കിതപ്പും കൈവെള്ളപോലെ ഹൃദിസ്ഥമായിരുന്നു ബർലിന്. ദീർഘകാലം ഡൽഹിയിൽ പാർട്ടി പൊളിറ്റ്ബ്യൂറോയുടെ ജിഹ്വയായി പ്രവർത്തിച്ച മാധ്യമപ്രവർത്തകൻ കൂടിയായിരുന്നു ബർലിൻ. എന്നാൽ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ പിളർപ്പിനു ശേഷവും സി.പി. എം ലൈനാണ് ശരിയെന്നു വിശ്വസിക്കുകയും മാർക്സിസ്റ്റു പാർട്ടിയോടൊപ്പം നിൽക്കുകയും ചെയ്തു.
എ.കെ.ജിയായിരുന്നു ബർലിന്റെ ഏറ്റവും വലിയ ആവേശം. എ.കെ.ജിയും ഇ. എം. എസും സ്വീകരിച്ച ലൈൻ തന്നെയാണ് തന്റെതെന്ന് വിശ്വസിക്കുകയും സി.പി. എമ്മിനൊപ്പം അടിയുറച്ചു നിൽക്കുകയുമായിരുന്നു. എന്നാൽ അതേ ബർലിനു തന്നെ കമ്യൂണിസ്റ്റുപാർട്ടി പി.ബിയിൽ നിന്നും ഇറങ്ങിവന്നു സി.പി. എം രൂപീകരിച്ച ജീവിച്ചിരിക്കുന്ന അവസാനത്തെ നേതാവായ വി. എസിനൊപ്പം പാർട്ടിയിലെ വലതുവ്യതിയാനത്തിനെതിരെ പോരാടിയത് 2005-മാർച്ച്് 25-ന് അന്നത്തെ സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ പൊളിച്ചെഴുത്തുകൾ എന്ന പുസ്തകത്തിൽ പൊയ്മുഖം വലിച്ചുകീറിയതിന് പാർട്ടിയിൽ നിന്നും പുറത്താക്കുകയുംചെയ്തു. പാർട്ടിയിൽ നിന്നും പുറത്താക്കിയ ബർലിനെ പിന്നീട് ഉൾപാർട്ടി സമരത്തിൽ വി. എസ് പക്ഷം ആയുധം വെച്ചുകീഴടങ്ങിയതിനു ശേഷം 2015-ലാണ് തിരിച്ചെടുത്തത്. അപ്പോഴെക്കും ഓർമക്കുറവും ആരോഗ്യശേഷികുറവും അദ്ദേഹത്തെ ബാധിച്ചിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്