തിരുവനന്തപുരം: എഴുപതുകളിലേയും എൺപതുകളിലെയും ഫിലിം സൊസൈറ്റി പ്രേക്ഷകർക്ക് സുപരിചിതമായ പേരാണ് അന്തരിച്ച ഇറ്റാലിയൻ സംവിധായകൻ ബെർണാഡോ ബെർത്തലൂച്ചിയുടെത്. ഭരതനും പത്മരാജനുംപോലെ, സിനാമ പ്രേമികളായ മലയാളികളുടെ മനസ്സിൽ ആദ്യംവ്രുന്ന പേരുളകിൽ ഒന്ന്. ഒരർഥത്തിൽ എൺപതുകളിലെ കിം കി ഡുക്കായിരുന്നു അദ്ദേഹം. ഇന്ന് കിമ്മിനെപ്പോലുള്ള സംവാധായകർക്ക് കിട്ടിയിരുന്നു സ്വീകാര്യതയായിരുന്നു അന്ന് പസോളിനിക്കും കുറസോവക്കും ബർത്തലൂച്ചിക്കുമൊക്കെ. കേരളത്തിന്റെ കുഗ്രാമങ്ങളിൽപോലും ബർത്തലൂച്ചി ചിത്രങ്ങൾ പ്രദർശിപ്പിച്ച കാലം ചെലവൂർ വേണുവിനെപ്പോലുള്ള ഫിലിം സൊസൈറ്റി പ്രവർത്തകർ ഓർക്കുന്നുണ്ട്. കിം കിഡുക്കിന്റെ ചിത്രങ്ങളെ വെല്ലുവിളിക്കുന്ന സെക്സിന്റെയും വയലൻസിന്റെയും വിളയാട്ടമായിരുന്നു ബർത്തലൂച്ചി ചിത്രങ്ങളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ സെൻസർകട്ടില്ലാത്ത നഗ്നതകാണണമെന്ന ആഗ്രഹത്തോടെയെത്തുന്നവരും ഇദ്ദേഹത്തിന്റെ പടങ്ങൾക്ക് ഇരച്ചുകയറിയിരുന്നു.

ലാസ്റ്റ് ടാൻഗോ ഇൻ പാരിസ്, 1900, ദ് ലാസ്റ്റ് എംപറർ, ഡ്രീമേഴ്സ് തുടങ്ങി സിനിമാരംഗത്ത് വിപ്ലവം തീർത്ത സിനിമകളുടെ സംവിധായകനായിരുന്നു ബെർത്തലൂച്ചി. കാൻസർ ബാധിതനായിരുന്ന അദ്ദേഹം പത്തു വർഷത്തോളമായി വീൽചെയറിലായിരുന്നു.ഇറ്റലിയിലെ പാർമയിൽ ജനിച്ച ബെർത്തലൂച്ചിയുടെ പിതാവ് അറ്റിലിയോ ബെർത്തലൂച്ചി കവിയും ചരിത്രകാരനും ചലച്ചിത്ര നിരൂപകനുമൊക്കെയായിരുന്നു. പതിനഞ്ചാം വയസ്സിൽ എഴുതിത്ത്ത്തുടങ്ങിയ ബെർനാഡോയ്ക്ക് കവിയാകാനായിരുന്നു ആഗ്രഹം. പിന്നീട് പ്രശസ്ത സംവിധായകൻ പസോളിനിയുടെ സഹായിയായാണ് ബെർനാഡോ ചലച്ചിത്രജീവിതം തുടങ്ങുന്നത്. 22-ാം വയസ്സിൽ ആദ്യ സിനിമ സംവിധാനം ചെയ്തു.

ദ് ലാസ്റ്റ് എംപറർ എന്ന സിനിമയ്ക്കു മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള ഓസ്‌കർ നേടി. 2011ലെ കാൻ ചലച്ചിത്രമേളയിൽ, സിനിമയ്ക്കു നൽകിയ സംഭാവനകൾക്ക് ആദരസൂചകമായി പാം ഡി ഓർ പുരസ്‌കാരം നൽകുകയുണ്ടായി.വിഖ്യാത നടൻ മർലൻ ബ്രാൻഡോ അഭിനയിച്ച ലാസ്റ്റ് ടാൻഗോ ഇൻ പാരീസ് ബെർത്തലൂച്ചിയെ ആഗോളപ്രശസ്തിയിലെത്തിച്ചു. 2012 ൽ പുറത്തിറങ്ങിയ മീ ആൻഡ് യു ആണ് അവസാന ചിത്രം.സംവിധായികയായ ക്ലെയർ പെപ്ലോ ആണ് ഭാര്യ.എന്നും വിവാദ പുരഷനായിരുന്നു ബെർത്തലൂച്ചി.വിവാദങ്ങളിലൂടെയും പ്രശസ്തമായ ക്ലാസിക് ആയിരുന്നു ബെർത്തലൂച്ചിയുടെ ലാസ്റ്റ് ടാൻഗോ ഇൻ പാരിസ്. ഭാര്യ ആത്മഹത്യ ചെയ്ത ഒരാൾക്ക് മറ്റൊരു യുവതിയുമായുണ്ടാകുന്ന ബന്ധമായിരുന്നു ചിത്രത്തിന്റെ വിഷയം.

ലോകപ്രശസ്ത നടൻ മെർലൻ ബ്രാൻഡോയും മരിയ ഷ്നീഡറുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിംസാത്മകമായ ലൈംഗികതയെ തുറന്നുകാട്ടുന്നതിന്റെ പേരിൽ റിലീസ്‌കാലത്തുതന്നെ ചിത്രം വിവാദത്തിൽപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ സെൻസർഷിപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തന്നെ അമേരിക്കയിൽ തുടക്കമിട്ട ചിത്രത്തിന് ആദ്യം എക്‌സ് റേറ്റിങും പിന്നീട് എൻസി17 റേറ്റിങും നൽകി. വിവാദ ചിത്രത്തിലെ ചില രംഗങ്ങൾ ഇറ്റലിയിൽ വിപ്ലവം തന്നെ സൃഷ്ടിച്ചു. 1976-ൽ ആ ചിത്രത്തിന്റെ എല്ലാ കോപ്പികളും നശിപ്പിക്കുവാൻ കോടതി ഉത്തരവിട്ടു. സംവിധായകന്റെ ഭാഗ്യത്തിന് ആ ചിത്രത്തിന്റെ ഒരു കോപ്പി മാത്രം നാഷനൽ ഫിലിം ലൈബ്രറിയിൽ സൂക്ഷിക്കുവാൻ കോടതി അനുമതി നൽകി. അഞ്ചുകൊല്ലത്തേക്ക് ദേശീയ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനുള്ള അവകാശവും ബെർത്തലൂച്ചിക്ക് കോടതി അന്നു നിഷേധിച്ചു.പക്ഷേ പിന്നീട് ഈ പടവും കേരളം അടക്കമുള്ള സ്ഥലങ്ങളിൽ റിലീസ് ചെയ്തിട്ടുണ്ട്.

പിന്നീട് ചിത്രം റിലീസ് ചെയ്ത് നാല് പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു കാരണത്തിന്റെ പേരിലും വിവാദം പൊട്ടിപുറപ്പെട്ടു. ബ്രാൻഡോയുടെ കഥാപാത്രമായ പോൾ നായിക ജീനിനെ (മരിയ ഷ്നീഡർ) മാനഭംഗം ചെയ്യുന്ന രംഗമുണ്ടായിരുന്നു. റിലീസ് സമയത്ത് വാർത്തകളിൽ ഇടംപിടിച്ച രംഗമായിരുന്നു ഇത്. എന്നാൽ നടിയുടെ അനുമതിയില്ലാതെയായിരുന്നു ഈ രംഗം ചിത്രീകരിച്ചതെന്നായിരുന്നു ബെർത്തലൂച്ചിയുടെ വെളിപ്പെടുത്തൽ. ആ രംഗം അത്രയും സ്വാഭാവികതയോടെ ചിത്രീകരിക്കണമെന്നുണ്ടായിരുന്നതിനാലാണ് നായികയെ അവതരിപ്പിച്ച മരിയ ഷ്നീഡറോട് മുൻകൂട്ടി അതേക്കുറിച്ച് പറയാതിരുന്നതെന്ന് ഒരു അഭിമുഖത്തിൽ ബെർത്തലൂച്ചി വെളിപ്പെടുത്തി. 'ക്യാമറയ്ക്ക് മുൻപാകെയുള്ള പ്രതികരണം' ഒരു നടിയുടേത് ആവില്ലെന്നും മറിച്ച് ഒരു പെൺകുട്ടിയുടേതാവുമെന്നും ഞങ്ങൾ കരുതി. ഭയപ്പെടുത്തുന്ന ഒരു ആശയമായിരുന്നു അത്. പക്ഷേ ആ ചിത്രീകരണത്തെക്കുറിച്ച് എനിക്ക് ഇന്ന് കുറ്റബോധമൊന്നുമില്ല.'

എന്നാൽ തിരക്കഥയിൽ ഇല്ലാത്ത ആ മാനഭംഗംരംഗം ചിത്രീകരിച്ചതിന് തൊട്ടുമുൻപ് സംവിധായകൻ അതേക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിരുന്നെന്നാണ് മരിയ ഷ്നീഡർ 2007ൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. യഥാർഥത്തിൽ മാനഭംഗം സംഭവിച്ചില്ലെങ്കിലും പീഡിപ്പിക്കപ്പെട്ടതായി തനിക്ക് എവിടെയോ തോന്നിയെന്നും അവർ പറഞ്ഞിരുന്നു.

'ലാസ്റ്റ് ടാൻഗോ ഇൻ പാരീസിന്റെ യഥാർഥ തിരക്കഥയിൽ ആ രംഗം ഉണ്ടായിരുന്നില്ല. മെർലൻ ബ്രാൻഡോയാണ് ആ ആശയവുമായി എത്തിയതെന്നാണ് സത്യം. 'മരിയാ വിഷമിക്കരുത് ഇത് വെറുമൊരു സിനിമാ രംഗമാണ് എന്ന് ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് മെർലൻ പറഞ്ഞു. ആ രംഗം ചിത്രീകരിക്കുന്നതിന് തൊട്ടുമുൻപാണ് അവർ എന്നോട് ഇതേക്കുറിച്ച് പറഞ്ഞത്. എനിക്ക് വലിയ ദേഷ്യം തോന്നി. വേണമെങ്കിൽ എന്റെ ഏജന്റിനെയോ അഭിഭാഷകനെയോ വിളിക്കാമായിരുന്നു. തിരക്കഥയിൽ ഇല്ലാത്ത ഒരു രംഗം ചിത്രീകരിക്കാൻ നിർബന്ധിക്കുന്നതിന്. പക്ഷേ ഞാൻ അത് ചെയ്തില്ല. അന്നു ഞാൻ തീരെ ചെറുപ്പമായിരുന്നു. എനിക്ക് സിനിമയെപറ്റി കൂടുതൽ അറിയുകയുമില്ലായിരുന്നു. അപമാനിക്കപ്പെട്ടതുപോലെതോന്നി. സത്യസന്ധമായി പറഞ്ഞാൽ ചിത്രീകരണത്തിനിടെ എവിടെയൊക്കെയോ റേപ്പ് ചെയ്യപ്പെട്ടതുപോലെയും. സംവിധായകനും നടനും റേപ്പ് ചെയ്തതുപോലെയാണ് തോന്നിയത്. ആ രംഗത്തിന് ശേഷം ബ്രാൻഡോ എന്നെ ആശ്വസിപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്തില്ല. ആരുടെയോ ഭാഗ്യത്തിന് അതിന് റീടേക്കുകളൊന്നും ഉണ്ടായില്ല.'

കാൻസർ ബാധിച്ച് വർഷങ്ങളോളം കിടപ്പിലായ ഷ്നീഡർ 2011 ൽ മരണപ്പെട്ടു. എന്നാൽ നായികയുടെ വെളിപ്പെടുത്തൽ തീർത്തും തെറ്റിദ്ധാരണയെത്തുടർന്നുള്ള വിവാദമെന്നാണ് ബെർത്തലൂച്ചി വിശേഷിപ്പിച്ചത്. മാനഭംഗംരംഗം തിരക്കഥയിൽ ഉണ്ടായിരുന്നെന്നും എഴുതി ചേർത്തത് 'ബട്ടർ' ഉപയോഗം മാത്രമാണെന്നുമാണ് ബെർത്തലൂച്ചി പറയുകയുണ്ടായി. ചിത്രീകരണത്തിന് ശേഷം ഷ്‌നീഡറും താനും തമ്മിൽ കണ്ടിട്ടില്ലെന്നും അവർ തന്നെ വെറുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലുള്ള നിരവധി വിവാദങ്ങൾ എക്കാലവും ബർത്തലൂച്ചി കൊണ്ടുനടന്നിരുന്നു. പക്ഷേ ക്ലാസിക്ക് ആർട്ടുവർക്കുകളും അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ട്.ഫ്രയിം കോമ്പോസിഷനിലും തിരക്കഥയിലും ഇത്രയെറെ ശ്രദ്ധിച്ച മാസ്റ്റർ വേറെയില്ലെന്നാണ് ആധുനിക കാലത്തെ നിരൂപകർ അദ്ദേഹത്തെ വിലയിരുത്തുന്നത്.