മെൽബൺ: ശീതീകരിച്ച ബറികളിൽ നിന്നുള്ള ഹെപ്പറ്റൈറ്റീസ് എ വൈറസ് ഓസ്‌ട്രേലിയയിലുള്ള നൂറോളം സ്‌കൂളുകളിലെ കുട്ടികളേയും സ്റ്റാഫിനേയും ബാധിച്ചിട്ടുള്ളതായി ആരോഗ്യവകുപ്പ്. സ്‌കൂളുകളിലെ സ്റ്റാഫുകളേയും കുട്ടികളേയും കൂടാതെ ചൈൽഡ് കെയർ സെന്ററുകളേയും ഫ്രോസൻ ബറികളിൽ നിന്നുള്ള വൈറസ് ബാധിച്ചതായി സംശയിക്കേണ്ടതുണ്ടെന്ന് അധികൃതർ ആശങ്കപ്പെടുന്നു.

വിക്ടോറിയയിലുള്ള 53 സ്‌കൂളുകളും ചൈൽഡ് കെയർ സെന്ററുകളും ഈ ആശങ്ക നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇവിടങ്ങളിലെ കുട്ടികൾക്കും സ്റ്റാഫുകൾക്കും വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന സംശയത്തിൽ പലരും പരിശോധനയ്ക്ക് സന്നദ്ധരായിരുന്നു. സൗത്ത് ഓസ്‌ട്രേലിയയിലെ 22 വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്യൂൻസ് ലാൻഡിലെ 18 സ്‌കൂളുകളുമാണ് ഇത്തരത്തിൽ വൈറസ് ബാധിച്ചിട്ടുള്ളതായി സംശയിക്കുന്നത്.

ഏതൊക്കെ സ്‌കൂളുകളെ ഇതു ബാധിച്ചിട്ടുണ്ടെന്നുള്ളത് മാതാപിതാക്കൾ സർക്കാർ പുറത്തുവിടുന്ന കണക്കുകളിൽ നിന്ന് മനസിലാക്കണമെന്ന് വക്താവ് കേറ്റ് എല്ലിസ് റിപ്പോർട്ടർമാരോട് സൂചിപ്പിച്ചു. സ്‌കൂളുകളിലേയും ചൈൽഡ് കെയർ സെന്ററിലേയും കുട്ടികളുടെ മാതാപിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും കേറ്റ് എല്ലിസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന കണക്കുകൾ ആശങ്കജനിപ്പിക്കുന്നതാണെന്നും വേണ്ടത്ര ജാഗ്രത പുലർത്തണമെന്നും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വൈറസ് ബാധിത ബാറി പായ്ക്കറ്റുകൾ ഫെബ്രുവരി 14നു തന്നെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും പിൻവലിച്ചിരുന്നുവെന്നും എല്ലിസ് വെളിപ്പെടുത്തി.

എന്നാൽ വൈറസ് ബാധ പടരുന്നത് തടയാൻ സർക്കാർ തലത്തിൽ നടപടികൾ ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടൺ കുറ്റപ്പെടുത്തി. ഹെപ്പറ്റൈറ്റീസ് എ ഭീഷണി ഉടലെടുത്തിട്ട് ദിവസങ്ങളോളം ആയിട്ടും പ്രധാനമന്ത്രിയും കൂട്ടാളികളും ഇക്കാര്യത്തിൽ അലംഭാവം കാട്ടുന്നത് ന്യായീകരിക്കാൻ പറ്റുന്നതല്ല. ശീതീകരിച്ച ബറികളിൽ നിന്ന് ഹെപ്പറ്റൈറ്റീസ് എ 18 പേർക്ക് ബാധിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്.