രിത്രം പ്രഹസനമായും ആവർത്തിക്കുമെന്ന് കാൾ മാർക്‌സ് പറഞ്ഞത് മലയാള സിനിമയെ സംബന്ധിച്ച് ശരിയാവുകയാണ്.ഇരുപതുപേരെ ഒന്നിച്ച് അടിക്കുന്ന നായകനെയും,നായികയെ ഒറ്റചുംബനത്തിൽ മയക്കുന്ന കാമുകനെയുംതൊട്ട,് വള്ളുവനാടൻ മലയാളത്തെ വരെ പടിയടച്ച് പിണ്ഡംവച്ചാണ് ന്യൂ ജനറേഷൻ എന്ന നവഭാവുകത്വ തരംഗം ഇവിടെ തുടങ്ങുന്നത്.അതുവരെ നാം കണ്ട അർധഫ്യൂഡൽ സ്വഭാവമുള്ള ചിത്രങ്ങളോടുള്ള കലഹം കൂടിയായിരുന്നു ഇത്. അതോടെ മലയാള സിനിമ കൂടുതൽ റിയലിസ്റ്റിക്കുമായി.കഷണ്ടി കയറി ഫഹദ് ഫാസിൽവരെ കയറിവന്നതോടെ മേക്കപ്പ്‌പോലും ഔട്ട് ഓഫ് ഫാഷനായി. എന്നാൽ ഇപ്പോഴോ. ആ ധാരയെ തകർത്തുകൊണ്ട്, തെലുങ്ക് സിനിമയിലെ ചിരംഞ്ജീവിയെ അതിശയിപ്പിക്കുന്ന രീതയിൽ ഒരു സംഘത്തെ ഒറ്റക്ക് അടിച്ചുതകർക്കയും,സർവലോക രക്ഷകനുമായ പുരുഷകേന്ദ്രീകൃതമായ നായകർ വീണ്ടും മീശപിരിച്ച് തിരിച്ചത്തെിയിരിക്കുന്നു!

മലയാള സിനിമാ വിപണിയെ സംബന്ധിച്ച് പ്രതീക്ഷയുടെ വർഷമായിരുന്നു 2016.നൂറുകോടി ക്‌ളബ് അടക്കമുള്ള കുമിഞ്ഞുകൂടുന്ന വരുമാനത്തിന്റെ തിളക്കമാണ് എവിടെയും. അതു നല്ലതുതന്നെ. ചുമരില്ലാതെ ചിത്രമില്ലല്ലേ. പക്ഷേ അതിനിടയിലും കലാമൂല്യമുള്ള ചിത്രങ്ങളുടെ എണ്ണം കുറയുകയാണെന്നത് ദുഃഖകരമാണ്. ഈ കൂട്ടയടിയുടെയും മീശപിരയലിന്റെയും തുടക്കടിച്ചുള്ള വെല്ലുവിളിയുടെയും ഇടയിൽ നല്ല സിനിമകൾ ചതഞ്ഞുപോവുകയോ, ഗർഭത്തിലേ ഇല്ലാതാവുകയോ ചെയ്യുന്നുവെന്ന് ചുരുക്കം. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പ്രഥ്വീരാജ് തുടങ്ങിയ നമ്മുടെ മുൻനിര നായകർക്കൊന്നും ഇക്കൊല്ലം ഒരു നല്ല ചിത്രത്തിലും വേഷമിടാനായില്ല. പക്ഷേ അപ്പോഴും അരിക് ചേർത്തക്കപ്പെട്ടവന്റെയും, നിഷ്‌ക്കാസിതന്റെയും കഥപറഞ്ഞ്, പുതിയ രൂപത്തിലും ഭാവത്തിലും മലയാള സിനിമയുടെ സത്ത നിലനിർത്താൻ ഒരുപറ്റം യുവ സംവിധായകർ ശ്രമിക്കുന്നുണ്ട്.കെട്ടുകാഴ്ചകൾക്കും കമ്പോള ആരവങ്ങൾക്കും ഇടയിൽ എല്ലുറപ്പുള്ള പുതിയ സംവിധായകരുടെ ഊർജം പ്രതീക്ഷയേകുന്നു.

പോയ വർഷത്തെ കലാമൂല്യമുള്ള മികച്ച പത്തു ചിത്രങ്ങൾ ഇവയൊക്കെയാണ്.

1 ഒഴിവുദിവസത്തെ കളി

മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌ക്കരം നേടിയ 'ഒഴിവുദിവസത്തെ കളി'പറയുന്നത് മലയാളി മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന ജാതീയതയും അത് അധികാര സമാവക്യങ്ങളിൽ എങ്ങനെ കെട്ടുപിണഞ്ഞ് കിടക്കുന്നുവെന്നതിനെയും കുറിച്ചുമാണ്. ഉപതെരഞ്ഞെടുപ്പ് ദിവസം ഒഴിവുദിവസമാക്കി ഒരു ഡാംസൈറ്റിൽ ആഘോഷിക്കാനത്തെുന്ന അഞ്ചുസുഹൃത്തുക്കളുടെ കഥയാണിത്. ഇവരെല്ലാം പുതുമുഖങ്ങളാണ്.ഒരു സി.സി.ടി.വി കാമറയിലെന്നപോലത്തെ ഷോട്ടുകൾ.20 മിനിട്ടോളം നീളുന്ന ചിത്രത്തിന്റെ കൈ്‌ളമാക്‌സ് ഞെട്ടലോടെ മാത്രമെ കണ്ടിരിക്കാൻ കഴിയൂ. ഒരു സൗഹൃദ സദസ്സിൽപോലും മലയാളി അറിയാതെ പുലർത്തുന്ന ഉച്ചനീചത്വങ്ങൾ എന്തൊക്കെയാണെന്ന് ഈ ചിത്രം കാണിച്ചുതരുന്നു. ഉണ്ണി.ആറിന്റെ ഇതേ പേരിലുള്ള കഥ, മാറ്റങ്ങളോടെ സനൽകുമാർ ശശിധരൻ സിനിമയാക്കിയപ്പോൾ അത് മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.കൂട്ടത്തിൽ എടുത്തു പറയയേണ്ടത് ഈ ചിത്രം വിതരണത്തിനെടുത്ത ആഷിക്ക് അബുവിന്റെ പേരാണ്.അവാർഡ് പടമെന്ന പേരുകേട്ടാൽ പിന്നെ പെട്ടിയിലായിപ്പോവുന്ന നടപ്പുരീതി ആഷിക്കിന്റെയും കൂട്ടരുടെയും ശ്രമത്താൽ മാറി.കേരളത്തിലെ പല പ്രധാന സെന്ററുകളിലും മൂന്നാഴ്ചയോളം ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുവെന്നും ഓർക്കണം.

2 മഹേഷിന്റെ പ്രതികാരം

തീർത്തും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളിലൂടെ ഇടുക്കിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിന്റെ കഥ പറഞ്ഞ 'മഹേഷിന്റെ പ്രതികാരം', ഫഹദ്ഫാസിൽ എന്ന അതുല്യ നടന്റെ തിരച്ചുവരവിന്റെ ചിത്രം കൂടിയായി.ദിലീഷ്‌പോത്തന്റെ അതിമനോഹരവും ലളിതവുമായ ആഖ്യാനം മാത്രമല്ല, വേറിട്ട രാഷ്ട്രീയബോധത്തിന്റെ ഉൾക്കരുത്ത് ഈ പടത്തിനുണ്ട്. ഇപ്പോഴത്തെ തീവ്രദേശീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ, ചിതറിപ്പോയ തന്റെ നെല്ലിക്ക പെറുക്കാതെ ദേശീയഗാനം കേട്ട് അറ്റൻഷനായി നിൽക്കുന്ന ആ കച്ചവടക്കാരന്റെ രൂപമൊക്കെ ഒരു പ്രതീകമായി തോന്നുന്നു.'ശ്വാസകോശം' വന്നോ എന്നുള്ള സൗബിൻ ഷാഹിറിന്റെ ചോദ്യം തീയേറ്റുകളിൽ ഉയർത്തിയത് ചിരി മാത്രമായിരുന്നില്ല, അടിച്ചേൽപ്പിക്കപ്പെടുന്ന യാന്ത്രികമായ നിയമങ്ങളോടുള്ള പരിഹാസം കൂടിയായിരുന്നു. സൗബിനൊപ്പം,അലൻസിയർ,അനുശ്രീ,അപർണ ബാലമുരളി, ജാഫർ ഇടുക്കി എന്നിവരൊക്കെ ഒന്നാന്തരം പ്രകടനാമണ് കാഴ്ചവച്ചിരിക്കുന്നത്. ശ്യാം പുഷ്‌ക്കരന്റെ വ്യത്യസ്തമായ പ്രമേയങ്ങൾ കണ്ടത്തൊനുള്ള മിടുക്കിനും കൊടുക്കണം ഒരു കൈയടി.

3 കമ്മട്ടിപ്പാടം

'ഒഴിവുദിവസത്തെ കളി' നിർത്തിയിടത്തുനിന്ന് 'കമ്മട്ടിപ്പാടം' തുടങ്ങുന്നുവെന്ന് വേണമെങ്കിൽ പറയാം. ജാതിയുടെയും വർണ്ണത്തിന്റെയും സങ്കീർണ്ണതകൾ മാത്രമല്ല വികസനത്തിന്റെ പേരിൽ നിഷ്‌ക്കാസിതരാവുന്ന മനുഷ്യരുടെ കഥയും ഈ പടം പറയുന്നു.മലയാളത്തിൽ ഇത്ര ശക്തമായി ദലിതന്റെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും കഥ പറഞ്ഞ ചിത്രം വേറെയില്ല. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ഇപ്പോഴിരിക്കുന്ന സ്ഥലമാണ് സത്യത്തിൽ കമ്മട്ടിപ്പാടം. ആ ചതുപ്പുനിലത്ത് മീൻപിടിച്ചും കൃഷിചെയ്തും ജീവിച്ചിരുന്ന കമ്മട്ടിപ്പാടത്തുകാരുടെ അരനൂറ്റാണ്ടുകാലത്തിന്റെ കഥയാണിത്. ഇരുനിറമുള്ള നായികയെ പ്രേമിക്കുന്ന വെളുത്ത തുടുത്ത നായകനെ നമുക്ക് മലയാള മുഖ്യധാരയിൽ കാണാനാവില്ലല്ലോ. വികസനത്തെക്കുറിച്ച് വലിയ വാചകമടികൾ നടക്കുന്ന ഇക്കാലത്ത് വളരുന്ന നഗരങ്ങളുടെ പുറമ്പോക്കുകളെക്കുറിച്ച് പറയുന്ന എത്ര ചിത്രങ്ങൾ വന്നിട്ടുണ്ട് എന്ന് ഓർക്കുക.( തമിഴിലെ കാക്കാമുട്ടെ നോക്കുക)അങ്ങനെയാരു വ്യത്യസ്തമായ അനുഭവമാണ് രാജീവ് രവിയുടെ കമ്മട്ടിപ്പാടം.ഇതൊരു എ പടമാവുന്നത് എന്തെിലും അശ്‌ളീല രംഗങ്ങൾ കൊണ്ടല്ല.അതിൽ പുലയൻ, പെലക്കള്ളി തുടങ്ങിയ വാക്കുകൾ ഉള്ളതിനാലാണത്രേ!

കറുത്ത പെണ്ണിനെ പ്രേമിച്ചുപോയതിന് ഒരുത്തനെ തല്ലുന്ന ആക്ഷൻ ഹീറോ ബിജുമാർ പ്രസരിപ്പിക്കുന്ന വൃത്തികെട്ട വംശീയതയുടെ കാലത്ത്, കൃത്യമായ സാംസ്കാരിക പ്രത്യാക്രമണമാണ് ഈ ചിത്രം. ദുൽഖർ സൽമാന്റെയും, വിനായകന്റെയും കിടലൻ പ്രകടനങ്ങളാണ് ചിത്രത്തിൻെ ഹൈലൈറ്റ്. ചിത്രത്തിൽ ബാലേട്ടനായി വന്ന നവാഗത പ്രതിഭ മണികണ്ഠനെ മലയാള സിനിമ കാത്തിരിക്കയായിരുന്നു. രാജീവിനെയും ഈ നടന്മാരെയുമൊക്കെ അവാർഡുകൾ കാത്തിരിക്കയാണെന്ന തോനുന്നു.ചിത്രത്തിലെ നാടൻപാട്ട് അടക്കമുള്ള ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

4 പേരറിയാത്തവർ

നഗരത്തങ്ങളിലെ പേരില്ലാ മനുഷ്യരുടെ കഥയാണ് ഡോ.ബിജുവിന്റെ 'പേരറിയാത്തവർ'.മോൺട്രിയൽ, തെഹ്‌റാൻ, ന്യൂയോർക്ക്, ജർമനി, റഷ്യ തുടങ്ങി 15ലധികം ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം, ഇറാനിലെ തെഹ്‌റാൻ മേളയിൽ മികച്ച നടനുള്ള 'ക്രിസ്റ്റൽ സിമോർഗ്' പുരസ്‌കാരം, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം, ജയ്പുർ ചലച്ചിത്രമേളയിൽ മികച്ച ലോക സന്ദശത്തേിനുള്ള പുരസ്‌കാരം, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്ത ചിത്രം എന്നിങ്ങനെ പോവുന്ന ഈ പടത്തിന്റെ വിശേഷണങ്ങൾ.പക്ഷേ പോയവർഷം പ്രദർശനത്തിന് എത്തിയ ഈപടത്തിനും അധികം തീയേറ്ററുകൾ കിട്ടിയില്‌ളെന്നതും ദുഃഖകരമാണ്.
നഗരത്തിനോട് അരികുപറ്റി ചേരിയിൽ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ കഥയാണിത്. ചേരിയിലെ കോർപറേഷൻ ശുചീകരണ തൊഴിലാളിയായ ഒരാളുടെയും മകന്റെയും ജീവിതത്തിലൂടെ കേരളത്തിലെ ദലിത്-പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതത്തെ ഫ്രെയിമിലാക്കാനുള്ള ശ്രമം സിനിമയിൽ കാണാം. ആദിവാസി ഭൂസമരം, റോഡ് വികസനത്തിനായുള്ള കുടിയൊഴിപ്പിക്കലിനെതിരെയുള്ള ജനങ്ങളുടെ ചെറുത്തുനിൽപ്പ്, നഗരമാലിന്യം കൊണ്ടിടുന്നതിനെതിരെയുള്ള ജനങ്ങളുടെ സമരം തുടങ്ങി ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റംവരെ പ്രതിപാദിക്കുന്നു.ചിലയിടത്തൊക്കെ ചിത്രത്തിന്റെ ഡോക്യുമെന്ററി സ്വഭാവം കല്ലുകടിയാവുന്നുണ്ടെങ്കിലും സുരാജ് വെഞ്ഞാറമൂട് എന്ന അസാധാരപ്രതിഭയുടെ നടന മികവിൽ ചിത്രം മുന്നോട്ടുകയുറകയാണ്.

5 കിസ്മത്ത്

പ്രണയവും ചുംബനവുമെല്ലാം വലിയ രാഷ്ട്രീയ വ്യവഹാരങ്ങളാവുന്ന ഇക്കാലത്ത് രണ്ടുപേർ പ്രണയിക്കുമ്പോഴുള്ള ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ഇടപെടലാണ് കിസ്മത്തിലൂടെ പുതുമുഖ സംവിധായകൻ ഷാനവാസ് ബാവക്കുട്ടി പറയാൻ ശ്രമിക്കുന്നത്. ഇത് ഒരു സാധാരണ പ്രേമമല്ല. 23കാരനായ മുസ്ലിം യുവാവ് 28 കാരിയായ ഹിന്ദു ദലിത് യുവതിയെയാണ് പ്രണയിക്കുന്നത്.ഇതുപോലൊരു സ്വത്വ പ്രണയം മലയാളത്തിൽ ചലച്ചിത്രമായിട്ടില്ല. പ്രമേയത്തിന്റെ എല്ലുറപ്പുതന്നെയാണ് ഈ പടത്തെ വേറിട്ടതാക്കുന്നത്.
കാമുകൻ മുസ്ലിം യുവാവ് ആയതിനാൽ പതിവുപോലെ ഈ പ്രണയവും വിഷയമാവുന്നു. ' ഈ മുസ്ലിംകൾക്ക് ഇതൊക്കെ മതത്തിലേക്ക് ആളെക്കൂട്ടാനുള്ള ഏർപ്പാടാണെ'ന്നു പറഞ്ഞ് ഇർഫാനെ വിരട്ടുന്ന കാവിമുണ്ടുടുത്ത യുവാക്കൾ ഈ നാടിന്റെ സമകാലീന ചിത്രമാണ് വരക്കുന്നത്. മറുഭാഗത്ത'ഈ ചെറുമിപ്പെണ്ണിനെയാണോ നിനക്ക് പ്രേമിക്കാൻ തോന്നിയത്'എന്ന് ബന്ധുക്കൾ ഇർഫാനോടു ചോദിക്കുന്നുണ്ട്.രണ്ടുപേരുടെ പ്രണയം എങ്ങനെ രണ്ടു മതങ്ങളുടെ വിഷയമായി പ്രശ്‌നവത്ക്കരിക്കപ്പെടുന്നതെന്ന്, തികഞ്ഞ കൈയടക്കത്തോടെ ഈ നവാഗത പ്രതിഭ കാണിച്ചുതരുന്നു.

അഭിനേതാക്കളിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത് ഇർഫാനെ അവതരിപ്പിച്ച ഷെയിൻ നിഗം ആണ്. നടനും മിമിക്രി താരവുമായ അബിയുടെ മകൻ. ഇർഫാന്റെ ദുർബലമായ ചെറുത്തുനിൽപ്പുകൾ, നിസ്സഹായത, പ്രണയം എല്ലാം മനസ്സിൽ തട്ടുന്ന വിധം ഷെയിൻ അവതരിപ്പിച്ചിട്ടുണ്ട്.വിനയ് ഫോർട്ട് പൊലീസ് വേഷവും തിളക്കമാർന്നതാണ്. 'കമ്മട്ടിപ്പാട'ത്തിലെ പാട്ടുകൾക്കുശേഷം അനവർ അലി ഒരുക്കിയ ചിത്രത്തിലെ ഗാനവും ശ്രദ്ധേയമായി.

6 ലെൻസ്

ഒഴിവുദിവസത്തെ കളിയെ തീയേറ്റിൽ എത്തിച്ചതിന് ആഷിക്ക് അബുവിനോടെന്നപോലെ, വ്യത്യസ്തമായ പ്രമേയത്തിൽ ഒരുക്കിയ 'ലെൻസി'നെ തിയറ്ററിൽ എത്തിച്ചതിന് ലാൽജോസിനോടും നല്ല സിനിമയെ സ്‌നേഹിക്കുന്നവർ കടപ്പെട്ടിരിക്കുന്നു. ഒരുവേള ലെൻസിന്റെ ടിക്കറ്റുകൾ തെരുവിലിറങ്ങി വിൽക്കാൻവരെ ലാൽജോസ് തയ്യാറായി.
മലയാളിയായ ജയപ്രകാശ് രാധാകൃഷ്ണൻ സംവിധാനംചെയ്ത 'ലെൻസ്' സത്യത്തിൽ ഇംഗ്‌ളീഷ്‌സംസാരിക്കുന്ന ബഹുഭാഷാ ചിത്രമാണിത്. ഡിജിറ്റൽലോകത്തെ ഒളിനോട്ടത്തിന്റെയും സൈബർരതിയുടെയും ഇരുണ്ട ഇടങ്ങളിലേക്കാണ് ജയപ്രകാശ് ലെൻസ് തിരിച്ചുവച്ചിരിക്കുന്നത്. ത്രില്ലർഗണത്തിൽപെടുന്ന സിനിമയാണിത്. വീഡിയോ ചാറ്റ് സേവനം നൽകുന്ന അപ്‌ളിക്കേഷനായ സ്‌കൈപ്പ് വഴിയുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രത്തിന്റെ ആഖ്യാനം. ദൃശ്യപ്രധാനമല്ല, സംഭാഷണപ്രധാനമാണ് സിനിമ. സംഭാഷണങ്ങളിലൂടെ പതുക്കെ പതുക്കെ മാത്രം സസ്‌പെൻസ് പുറത്തുവിടുന്ന രചനാതന്ത്രം മലയാളത്തിന് പുതിയതാണ്.അതൊക്കെ തന്നെയാണ് ലെൻസിനെ വ്യത്യസ്തമാക്കുന്നതും. മലയാള നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ജനുസ്സിൽപെട്ട പടമാണിതെന്ന് നിസ്സംശയം പറായം.

7 ആന്മരിയ കലിപ്പിലാണ്

സ്‌കൂളിൽ ഉണ്ടായ കശപിശ പരിഹരിക്കാൻ ക്വട്ടേഷൻ സംഘത്തെ വിട്ട കുട്ടികളുടെ വാർത്ത വായിച്ച മലയാളിക്ക്, തന്നെ അകാരണമായി തോൽപ്പിച്ച കായിക അദ്ധ്യാപകനോട് തോന്നിയ കലിപ്പ് തീർക്കാൻ പ്രാദേശിക ഗുണ്ടയെ തല്ലാൻ ഏർപ്പാടക്കിയ ആന്മരിയയുടെ കഥയിൽ അവിശ്വസനീയത തോന്നില്ല.ആധുനിക സമൂഹവും, കമ്പോളാധിഷ്ഠിത വിദ്യാഭ്യാസവും, നമ്മുടെ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് ഇത്ര കൃത്യമായി രേഖപ്പെടുത്തിയ ചിത്രം അപുർവമായിരിക്കും.എന്നാൽ വലിയ പ്രമേയത്തിന്റെ യാതൊരു ജാഡകളുമില്ലാതെ നർമ്മത്തിൽ പൊതിഞ്ഞാണ് മിഥുൻ മാനുവൽ തോമസ് എന്ന യുവസംവിധായകൻ കഥ പറയുന്നത്.

ദുൽഖർ സൽമാന്റെ സാന്നിധ്യം അടക്കമള്ളവ വഴി മാർക്കറ്റിങ്ങിൽ കൂടി അൽപ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ബോക്‌സോഫീസിൽ ഈ പടത്തിന്റെ വിധി മറ്റൊന്ന് ആവുമായിരുന്നു. മുംബൈക്കാരിയായ സാറ അർജുൻ എന്ന പതിനൊന്നുകാരിയാണ് ആൻ മരിയയായി രംഗത്തുവന്ന് തകർക്കുന്നത്. പൂമ്പാറ്റ ഗിരീഷ് ആയി വന്ന സണ്ണി വെയ്‌ന് ഈ ചിത്രം വൻ വിജയം ആവുകയാണെങ്കിൽ കരിയറിലെ വഴിത്തിരിവാകുമായിരുന്നു. പെരുങ്കുടി ബേബിയെന്ന പണക്കാരൻ അച്ചായനായി വന്ന് സിദ്ധീഖിന്റെ ഒരു ചുമയും ചിരിയുമൊക്കെയുണ്ട്.ഇത്തരം നടന്മാരാണ് മലയാള സിനിമയുടെ ശക്തി.

8 ഗപ്പി

ആന്മരിയയുടെ ജീവിത പരിസരത്തുനിന്ന് ഏറെ അകലെ ഒരു പുറമ്പോക്കിലാണ് ഗപ്പിയുടെ ജീവിതം.കൊതുകിനെ തിന്നുന്ന ഗപ്പിയെന്ന മൽസ്യത്തെ വളർത്തി ഉപജീവനം നടത്തുന്ന പേരുപോലും അങ്ങനെയായ ഒരു ബാലന്റെ ജീവിതത്തിലൂടെയാണ് നവാഗതനായ ജോൺ പോൾ കഥ ചലിപ്പിക്കുന്നത്.തളർന്നു കിടക്കുന്ന തന്റെ അമ്മക്കായാണ് അവൻ ജീവിക്കുന്നത്. അവർക്ക് നൽകാനായി ഒരു കടയിൽ കണ്ടുവച്ച സാധനം വാങ്ങാനായി പണം സ്വരൂപിക്കുകയാണ് അവൻ. ഇതിനായി ഗപ്പിയെ വളർത്തിയും ചായക്കടയിൽ ജോലി ചെയ്തും പണം ഉണ്ടാക്കുന്ന നെട്ടോട്ടത്തിലാണ്. എന്നാൽ, ആ നാട്ടിലേക്ക് പാലം പണിയാനായി എഞ്ചിനീയർ വരുന്നതോടെ അവന്റെ സ്വപ്നങ്ങൾക്ക് വിള്ളലേൽക്കുന്നു. എഞ്ചിനീയറും ഗപ്പിയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനനുസരിച്ച് രണ്ടു പേരുടെയും ജീവിതത്തെ ഇത് സാരമായി ബാധിക്കുന്നു.
ഗപ്പിയായ വന്ന മാസ്റ്റർ ചേതൻലാലിന്റെ പ്രകടനവും എഞ്ചീനീയറായ ടൊവീനോ തോമസിന്റെ അഭിനയവുമാണ് ചിത്രത്തിൻെ ഹൈലൈറ്റ്.ഈ മികച്ച കൊച്ചു ചിത്രത്തിന് തീയേറ്റുകൾ പ്രതീക്ഷിച്ചത്ര പിന്തുണ കിട്ടിയില്‌ളെന്നും ഇപ്പോൾ ഡി.വി.ഡി വിൽപ്പന ഉഷാറായിരിക്കയാണെന്നും ടൊവീനോ തോമസ് പിന്നീട് തുറന്നടിച്ചിരുന്നു. നല്ല സിനിമകൾക്ക് എന്തുകൊണ്ട് തീയേറ്ററിലും ആളെക്കുട്ടാനാവുന്നില്‌ളെന്നത് ചലച്ചിത്ര പ്രേമികൾ

പരിശോധിക്കേണ്ടതാണ്.

9 അനുരാഗ കരിക്കിൽവെള്ളം

ജങ്ക്ഫുഡ്ഡുകൾ കഴിച്ച് വയറ് വീർത്തിരിക്കന്ന ഒരു ഉഷ്ണകാലത്ത്,അൽപ്പം കരിക്കിൻവെള്ളം കിട്ടിയാലത്തെ അവസ്ഥ എന്തായിരിക്കും? നവാഗതനായ ഖാലിദ് റഹ്മാന്റെ 'അനുരാഗ കരിക്കിൻവെള്ളം' നൽകുന്നത് ആ സുഖമാണ്. വമ്പൻ ട്വിസ്റ്റുകളും സസ്‌പെൻസുകളുമൊന്നുമില്ലാതെ, ലാളിത്യവും അവതരണത്തിന്റെ കൈയടക്കവുമാണ് ഈ പടത്തിന്റെ പ്രത്യേകത. ഒരു ചെറിയ കഥ വൃത്തിയിൽ എടുത്തിരക്കയാണ്.
രണ്ടുതലമുറയുടെ പ്രണയത്തിന്റെ കഥയാണിത്. പരുക്കാനായ ഒരു പൊലീസുകാരന്റെയും (ബിജുമേനോൻ), ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുള്ള സെമി ഫ്രീക്കാനായ മകന്റെയും (ആസിഫലി) പ്രണയത്തിന്റെ കഥ.അവസാനം അത് എങ്ങനെ ഒരു ബിന്ദുവിൽ കൂട്ടിമുട്ടുന്നുവെന്ന് രസകരമായി ചിത്രം പറയുന്നു.അടുത്തകാലത്തൊന്നും ഒരു പടത്തിൽ ഇത്രയും സ്വാഭാവിക നർമ്മം കണ്ടിട്ടില്ല. സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയുമടങ്ങുന്ന യുവതാരങ്ങളുടെ ടൈമിങ്ങും, ഡയലോഗ് ഡെലിവറിയിലെ പ്രത്യേകതകളുമൊക്കെ സമ്മതിച്ചുകൊടുക്കേണ്ടതാണ്.രജിഷാ വിജയൻ എന്ന പുതുമുഖ നായിക കൈയെടിനേടുന്നതും നാം ഒരു സ്ഥിരം ഫോർമാറ്റിൽ കണ്ടുവരുന്ന പ്രണയിനി അല്ലാത്തതുകൊണ്ടാണ്. നടൻ പ്രഥ്വീരാജിന്റെ ഓഗസ്റ്റ് സിനിമയാണ് ഈ കരിക്കിൻ വെള്ളം പുറത്തിറക്കിയത്.'എന്റെ തല എന്റെ ഫുൾ ഫിഗർ' എന്ന് മാത്രം പറഞ്ഞു നിൽക്കാതെ, ചെറിയ ബജറ്റിലുള്ള നല്ല ചിത്രങ്ങളെ പ്രോൽസാഹിപ്പിക്കാൻ താരങ്ങൾ വരുന്നതും ആശ്വാസകരമാണ്.

10 ആനന്ദം

പുതുമുഖങ്ങളെവച്ച്, പ്രത്യേകിച്ചൊരു കഥയോ ട്വിസ്റ്റോ സസ്‌പെൻസോ ഇല്ലാതെ ഒരു വിജയ ചിത്രമൊരുക്കണമെങ്കിൽ അതൊരു യഥാർഥ പ്രതിഭതന്നെയാവണം. അവിടെയാണ് 'ആനന്ദം' ഒരുക്കിയ നവാഗത സംവിധായകൻ ഗണേശ് രാജിന്റെ പ്രസ്‌കതി.വിനീത് ശ്രീനിവാസന്റെ സിനിമാ നിർമ്മാണത്തെ 'വിനീത് സ്‌കൂൾ ഓഫ് മീഡിയ സ്റ്റഡീസ്' എന്നാണ് അറിയപ്പെടുന്നത്. വിനീതിന്റെ കീഴിൽ സിനിമ ഒരുക്കിയ ജൂഡ് ആന്റണിയും ബേസിൽ ജോസഫുമെല്ലാം പിന്നീട് ആദ്യം ചിത്രം കൊണ്ട് തന്നെ ബോക്‌സ് ഓഫീസ് ഇളക്കി മറിച്ചു. 'ആനന്ദ'ത്തിലൂടെ ഗണേശ് രാജും ആ കീഴ്‌വഴക്കം തെറ്റിച്ചില്ല.

എഞ്ചിനീയറിങ് വിദ്യാർത്ഥികൾ നടത്തുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് എന്നറിയപ്പെടുന്ന സ്റ്റഡി ടൂറിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അവർക്കിടയിലെ പ്രേമവും പാരവെപ്പുമൊക്കെയായുള്ള സ്വാഭാവികമായ നർമ്മമാണ് ചിത്രത്തിന്റെ വിജയ ഘടകം. ഒരിടത്തും അശ്‌ളീലത്തിലേക്കോ ദ്വയാർഥ പ്രയോഗത്തിലേക്കോ ഈ കോമഡി മാറിപ്പോവുന്നില്‌ളെന്നതും ശ്രദ്ധേയമാണ്.കഥാപാത്രങ്ങളിൽ, ലൊക്കേഷനിൽ,ഗാനങ്ങളിൽ, പരിചരണത്തിൽ എല്ലാം മൊത്തത്തിലൊരു ഫ്രഷ്‌നെസ്സ് പ്രേക്ഷകർക്ക് കൃതയമായി ബോധ്യപ്പെടുന്നുണ്ട്.ആനന്ദ് സി. ചന്ദ്രന്റെ മാജിക്കൽ കാമറയെയും എടുത്തു പറയേണ്ടതാണ്.