ലണ്ടൻ: മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് ബെറ്റർ ഡോട്ട് കോം എന്ന സ്ഥാപനം. ഈ പിരിച്ചുവിടലിന്റെ വീഡിയോ റെക്കോഡ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. കമ്പനി സിഇഒയായ വിശാൽ ഗാർഗ് ആണ് കമ്പനിയുടെ ഇന്ത്യയിലെയും, അമേരിക്കയിലെയും 900 ജീവനക്കാരെ ഓൺലൈനായി പിരിച്ചുവിട്ടത്.

വിശാൽ ഗാർഗ് കഴിഞ്ഞ ബുധനാഴ്ചയാണ് ജീവനക്കാരെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്. ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ മുൻനിർത്തിയാണു തീരുമാനമെന്ന് അദ്ദേഹം പിന്നീടു പ്രതികരിച്ചു. നിരവധിപ്പേരുടെ ജോലി പോയ സൂ കോൾ ഡിസംബർ ഒന്നിനായിരുന്നു നടന്നത് എന്നാണ് ഇത് പങ്കുവച്ച ട്വിറ്റർ ഹാന്റിലുകൾ പറയുന്നത്.

'ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും' 43 കാരനായ വിശാൽ ഗാർഗ് സൂം കോളിനിടെ ജീവനക്കാരോടു പറഞ്ഞതായി രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ബെറ്റർ.കോം കമ്പനിയുടെ 9 ശതമാനം വരുന്ന ജീവനക്കാർക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്. ഒരു ജീവനക്കാരൻ സൂം കോൾ റെക്കോർഡ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള കോളിൽ, ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണു കൈക്കൊള്ളുന്നതെന്നു ഗാർഗ് പറഞ്ഞതായി രാജ്യാന്തര മാധ്യമമായ ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. 'കരിയറിൽ രണ്ടാം തവണയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. ഇതു ഞാൻ ഇഷ്ടപ്പെടുന്നില്ല, കഴിഞ്ഞ തവണ ഇങ്ങനെ ചെയ്തപ്പോൾ ഞാൻ കരഞ്ഞു. ഇത്തവണ കൂടുതൽ കരുത്തോടെയിരിക്കാൻ ശ്രമിക്കും. വിപണിയിൽ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു. ഇതിനാൽ തന്നെ ഇപ്പോൾ ഉള്ള രീതിയിൽ പോകാൻ കഴിയില്ലെന്ന് പറഞ്ഞാണ് വിശാൽ ഗാർഗ് കോൾ ആരംഭിച്ചത് തന്നെ.

പിരിച്ചുവിട്ടവരിൽ 250 പേരെങ്കിലും ദിവസം ശരാശരി 2 മണിക്കൂർ സമയം പണിയെടുത്തിരുന്നവരാണ്. അതേസമയം 8 മണിക്കൂറോ അതിൽ അധികമോ സമയം ജോലി ചെയ്യുന്നതിനുള്ള വേതനമാണ് ഇവർ കൈപ്പറ്റിയിരുന്നത്. ഞങ്ങളിൽ നിന്നും ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്ന ആളുകളിൽനിന്നും അവർ പണം കൊള്ളയടിക്കുകയായിരുന്നു' ഗാർഗ് പിന്നീടു ബ്ലോഗിൽ ഇങ്ങനെ കുറിച്ചു.

പിരിച്ചുവിട്ടവരിൽ കമ്പനി വൈവിദ്ധ്യവത്കരണം, ഇക്വിറ്റി, റിക്രൂട്ടിങ് വിഭാഗത്തിലെ ജീവനക്കാരാണ് കൂടുതൽ എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. പിരിച്ചുവിട്ട ജീവനക്കാർ ഒരു മാസത്തെ മുഴുവൻ ആനുകൂല്യങ്ങളും, രണ്ട് മാസത്തെ ആശ്വാസ ബത്തയും നൽകും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2016ലാണ് ബെറ്റർ.കോം സ്ഥാപിക്കപ്പെടുന്നത്. ഏതാണ്ട് 720 ദശലക്ഷം ഡോളർ ഇവർ കമ്പനി പബ്ലിക്കാക്കി സമാഹരിച്ചിരുന്നു. ഏതാണ്ട് 1 ബില്ല്യൺ ഡോളർ ലാഭം കമ്പനി ഇപ്പോളും ബാലൻസ് ഷീറ്റിൽ കാണിക്കുന്നുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് പറയുന്നത്.