- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രയിലും 17,000 പേർക്ക് ഒരു വിദേശമദ്യ ചില്ലറവിൽപ്പനശാല; കേരളത്തിൽ ലക്ഷം പേർക്ക് ഒന്നും; കുറവ് പരിഹരിക്കാൻ ബിവറേജസുകളുടെ എണ്ണം ആറിരട്ടി വർദ്ധിപ്പിക്കണം; ശുപാർശയുമായി എക്സൈസ്; മദ്യവർജ്ജന നയം ആശങ്കയിൽ
തൃശ്ശൂർ: ഇനി മുക്കിലും മൂലയിലും ബിവറേജസുകൾ. കോളടിക്കുന്നത് മദ്യപാന്മാർക്കാണ്. വീടിന് അടുത്തു തന്നെ എല്ലാം കിട്ടും. സംസ്ഥാനത്തെ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാനുള്ള ശുപാർശയിൽ ചർച്ചയാകുന്നത് മദ്യവർജ്ജനമെന്ന ഇടതു നയാണ്. മദ്യ വിൽപ്പന കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള ശുപാർശയിൽ സർക്കാർ എടുക്കുന്ന തീരുമാനം നിർണ്ണായകമാകും.
മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പനകേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ പറയുന്നു. തിരക്കേറിയ വിൽപ്പനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകൾ പ്രവർത്തനസമയം മുഴുവൻ തുറക്കാനും ശുപാർശയുണ്ട്. അതായത് എപ്പോഴും മദ്യം കിട്ടുന്ന അവസ്ഥ.
ബിവറേജസ് കോർപ്പറേഷന്റെ 270 മദ്യവിൽപ്പനശാലകളും കൺസ്യൂമർഫെഡിന്റെ 39 വിൽപ്പനശാലകളുമാണ് സംസ്ഥാനത്തുള്ളത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 17,000 പേർക്ക് ഒരു വിദേശമദ്യ ചില്ലറവിൽപ്പനശാലയുണ്ടത്രേ. അതുകൊണ്ട് കേരളത്തിലും കൂട്ടണമെന്നാണ് ആവശ്യം.
കേരളത്തിൽ ഒരുലക്ഷം പേർക്ക് ഒരു വിൽപ്പനശാലയേയുള്ളൂവെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശുപാർശ. ഭാവിയിൽ ബാറുകളും കൂട്ടും. വിൽപ്പനശാല കൂട്ടുകവഴി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അർഥമില്ല. ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് ശുപാർശയിലുള്ളത്.
കോടതി പരാമർശിക്കുംപ്രകാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. സംസ്ഥാനത്തെ 96 വിൽപ്പനകേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങളില്ലെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. തൃശ്ശൂർ കുറുപ്പംറോഡിൽ മൈ ഹിന്ദുസ്ഥാൻ പെയിന്റ്സ് എന്ന എക്സ്ക്ലുസീവ് പെയിന്റ് വിൽപ്പനശാല ഉടമ ലിൻസ് വി. ബാബു ഹൈക്കോടതിയിൽ നൽകിയ പരാതിയാണ് അന്വേഷണത്തിന് വഴിവച്ചത്.
മദ്യശാലകളിലെ സൗകര്യമില്ലായ്മകളെക്കുറിച്ചും മദ്യപന്മാരുടെ അന്തസ്സിന് വിലയില്ലേയെന്ന തരത്തിലും കോടതി പരാമർശം വന്നിരുന്നു. ഇത് പരിഗണിച്ചാണ് ശുപാർശ.
മറുനാടന് മലയാളി ബ്യൂറോ