- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി വടി എടുത്തതോടെ നിബന്ധനകൾ കടുപ്പിച്ച് ബെവ്കോ; രേഖകൾ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ മടക്കിയയച്ചു
തിരുവനന്തപുരം: ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ മദ്യം വിൽപ്പനയിൽ നിയന്ത്രണങ്ങളുമായി ബെവ്‌കോ. മദ്യം വാങ്ങാൻ ആർടിപിസിആർ പരിശോധനാ ഫലമോ വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബെവ്കോ കർശനമായി നടപ്പാക്കി തുടങ്ങി. തിരുവനന്തപുരം ജില്ലയിലും പലയിടത്തും രേഖകൾ ഇല്ലാതെ എത്തിയവരെ തിരിച്ചയച്ചു.
ഇന്നലെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിനു പിന്നാലെ ഇന്നുമുതലാണ് സംസ്ഥാനത്തെ മദ്യശാലകളിൽ രേഖകൾ നിർബന്ധമാക്കിയത്. ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവർ മാത്രമേ മദ്യം വാങ്ങാൻ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാർഗ്ഗനിർദ്ദേശം. 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റാണ് വേണ്ടത്. ഔട്ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്.
കടകൾക്കുള്ള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണന്ന ഹൈക്കോടതി നിർദ്ദേശത്തിനു പിന്നാലെ ഇന്നലെ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.മഹാമാരിക്കാലത്തെ മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്ന് വിമർശനം ഉന്നയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ