പാലക്കാട് : ഉപയോഗശൂന്യമായ മദ്യം നശിപ്പിക്കാൻ വൈകുന്നതിനാൽ ബീവറേജസ് കോർപറേഷന്റെ ഗോഡൗണുകളിലും ഔട്ട്‌ലെറ്റുകളിലും പുതിയ സ്റ്റോക്ക് ഇറക്കിവെയ്ക്കാൻ സ്ഥലമില്ല. വലിയ അളവിലാണ് പലയിടത്തും കാലാവധി കഴിഞ്ഞ മദ്യം കെട്ടിക്കിടക്കുന്നത്. അവസാനം പുറത്ത് വന്ന കണക്കനുസരിച്ച് 5,13,253 കെയ്സ് മദ്യമാണ് നശിപ്പിക്കാനുള്ളത്. സ്റ്റോക്കിറക്കാൻ സ്ഥലമില്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മദ്യവുമായി എത്തിയ ലോറികൾക്ക് ഗോഡൗണുകളുടെയും ഷോപ്പുകളുടെയും സമീപത്ത് മാസങ്ങളോളം കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്. ഇങ്ങനെ വാഹനങ്ങൾ നിർടത്തിയിടുന്നത് പല സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.

പഴയ സ്റ്റോക്ക് മദ്യം മാറ്റി പുതിയ സ്റ്റോക്ക് ഇറക്കാൻ കഴിയാത്തത് ചില ഔട്ട്‌ലെറ്റുകളുടെ വിൽപനയെ ബാധിക്കുന്നതായും പരാതി ഉയരുന്നുണ്ട് . ഷോപ്പുകളിൽ കെട്ടിക്കിടക്കുന്ന മദ്യത്തിൽ കൂടുതലും ബീയറാണ് ഉൾപ്പെട്ടിരിക്കുന്നത്. ആറു മാസം മാത്രമാണ് അതിന്റെ കാലാവധി. മറ്റു മദ്യങ്ങൾ പലതും കൂടുതൽ കാലം സൂക്ഷിക്കാനാകും. വില കുറഞ്ഞ മദ്യങ്ങൾക്ക് പെട്ടെന്ന് പൂപ്പൽ വരും.

മേഖല തിരിച്ചുള്ള കണക്കെടുത്താൽ മധ്യമേഖലയിലെ ഏഴു ഗോഡൗണുകളിലായി 3,44,397 കെയ്സും ഉത്തരമേഖലയിലെ ഏഴു ഗോഡൗണുകളിൽ 1,68,846 കെയ്സുമാണ് കെട്ടിക്കിടക്കുന്നത്. എറണാകുളത്താണ് കൂടുതൽ കെയ്സ് മദ്യമുള്ളത്(80655) . തിരുവനന്തപുരം 74,458, കൊല്ലം 40648, പത്തനംതിട്ട 49,471, ആലപ്പുഴ19266, കോട്ടയം 60,101, ഇടുക്കി 19,798, തൃശൂർ 51.476 പാലക്കാട് 32,150, മലപ്പുറം 21,882, കോഴിക്കോട് 25,122, വയനാട് 7,821, കണ്ണൂർ 17, 187, കാസർകോട് 17,187 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ചില ജില്ലകളിൽ പഴയ മദ്യം ചെറിയ തോതിൽ നശിപ്പിച്ചിട്ടുണ്ട്.

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർമില്ലിലുള്ള പ്ലാന്റിൽ മാത്രമാണ് കാലാവധി കഴിഞ്ഞ മദ്യം നശിപ്പിക്കാൻ വേണ്ടി നിലവിൽ പ്രത്യേക സംവിധാനമുള്ളത്. ചെറിയ തോതിലുള്ള പ്രശ്നം കണ്ടെത്തിയാൽപോലും മദ്യത്തിനെ 'ഡെഡ് സ്റ്റോക്ക്' ഗണത്തിൽപ്പെടുത്താനാണ് തീരുമാനം. സംശയം തോന്നുന്ന ബോട്ടിലുകളിലെ മദ്യം രാസപരിശോധനയ്ക്കും അയയ്ക്കാറുണ്ട്.

പുതിയ സ്റ്റോക്ക് എടുക്കുമ്പോഴാണ് ഉപയോഗശൂന്യമായ കെയ്സുകൾ തരംതിരിക്കാറുള്ളത്. ഇവ സമയബന്ധിതമായി ഒഴിവാക്കിയില്ലെങ്കിൽ സ്റ്റോക്ക് ഗോഡൗണിൽ സൂക്ഷിക്കാൻ കഴിയില്ല. എറണാകുളം വെങ്ങോലയിലെ വലിയ ഗോഡൗണിൽ സ്ഥലമില്ലാത്തതിനാൽ ഏതാണ്ട് 20 ലോഡ് മദ്യമാണ് ദിവസങ്ങളായി പുറത്തുകിടക്കുന്നതെന്നും പലയിടത്തും ഇതാണ് സ്ഥിതിയെന്നും ജീവനക്കാർ വ്യക്തമാക്കി.

ഈ പ്രശ്നം കൺസ്യൂമർഫെഡിന്റെ ഔട്ട്‌ലെറ്റുകളെയും ബാധിക്കുന്നുണ്ട് പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറിയിലെ (എംഡിഎൽ) കാലാവധി കഴിഞ്ഞ മദ്യം നശിപ്പിക്കുന്നതിന് ഉടൻ അനുമതി നൽകുമെന്നാണ് സൂചന. ഇവിടുത്തെ പഴയ സ്റ്റോക്കുകൾ ഒരുപാട് കാലമായി നശിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വന്ന ലോഡുകൾ ഇവിടെ കെട്ടിക്കിടക്കുകയാണ്. അവ സുരക്ഷിതമായി സൂക്ഷിക്കാനും ബീവറേജിസ് കോർപറേഷന് വലിയ ചെലവുണ്ട്. എംഡിഎല്ലിൽ മദ്യം നശിപ്പിക്കാനുള്ള പ്രത്യേക സംവിധാനമില്ലാത്തതുകൊണ്ട് അത് ട്രാവൻകൂർ ഷുഗർമില്ലിലേക്കു കൊണ്ടുപോയേക്കും. അവിടെ കൂടുതൽ സ്്റ്റോക്ക് സൂക്ഷിക്കാൻ സ്ഥലമുണ്ടെന്നതാണ് ബെവ്കോയുടെ ആശ്വാസം

കാലാവധി കഴിഞ്ഞ മദ്യം നശിപ്പിക്കുന്നതും പരിസ്ഥിതിക്ക് ദോഷമാണ്. ഉപയോഗശൂന്യമായ ഓരോ കുപ്പിയും പൊട്ടിച്ച് മദ്യം ഒഴിച്ചുകളയുന്നതാണ് രീതി. ഇങ്ങനെ ബോട്ടിലുകൾ തുടർച്ചയായി പൊട്ടിച്ചൊഴിച്ചാൽ പരിസരത്തുള്ള ചെടികളും മരങ്ങളുമൊക്കെ കരിഞ്ഞുപോകാറുണ്ടെന്ന് അധികൃതർ പറയുന്നു. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർമില്ലിനോടനുബന്ധിച്ചുള്ള പ്രത്യേക പ്ലാന്റിലാണ് ഇത്തരം മദ്യം നശിപ്പിക്കുന്നത് . ബോട്ടിലുകൾ പൊട്ടിച്ചൊഴിക്കാൻ പരിശീലനം ലഭിച്ച തൊഴിലാളികളെയും പ്രത്യേകം നിയമിക്കാറുണ്ട്.