പാലക്കാട് : ദേശീയ, സംസ്ഥാന പാതകൾക്കും സർവ്വീസ് റോഡുകൾക്കും സമീപം മദ്യവിൽപ്പന പാടില്ലെന്നും ഇവിടെ പ്രവർത്തിക്കുന്ന മദ്യശാലകൾ ഉടൻ മാറ്റണമെന്നുമുള്ള കോടതി ഉത്തരവ് മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എ.ഷഫീക്കും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കഴിഞ്ഞ വർഷം നവംബർ 14 ന് മദ്യക്കടകൾ റോഡരികിൽനിന്ന് മാറ്റാൻ സർക്കാറിനോട് ഉത്തരവിട്ടത്.

മൂന്നാഴ്‌ച്ചക്കകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ നൽകിയ മറുപടിയിൽ പറഞ്ഞത് മദ്യക്കടകൾ ഉടൻ മാറ്റുമെന്നും പുതിയ സ്ഥലം നോക്കിക്കൊണ്ടിരിക്കുകയാണെന്നുമാണ്. എന്നാൽ ഒന്നോ രണ്ടോ ഒഴികെയുള്ള മദ്യശാലകൾ മാറ്റാതെ നിലവിലുള്ളവയുടെ വാടകക്കരാർ ഒരു വർഷത്തേക്കു കൂടി നീട്ടി നൽകുകയാണ് സർക്കാർ ചെയ്തത്. കോട്ടയം ജില്ലയിൽ കിടങ്ങൂരുള്ള ഔട് ലെറ്റ് മാത്രം പൂട്ടിയിട്ടുണ്ട്. അക്കാര്യത്തിൽ തൊട്ടടുത്തുള്ള അബ്കാരിപ്രമുഖന്റെ ബാറിന്റെ താത്പര്യം സ്ംരക്ഷിക്കാനും അധികൃതർക്കു സാധിച്ചു.

ദേശീയ, സംസ്ഥാന പാതകൾക്കും സർവ്വീസസ് റോഡുകൾക്കും സമീപം 128 മദ്യവിൽപ്പന ശാലകളാണ് പ്രവർത്തിക്കുന്നത്. ദേശീയ പാതക്കടുത്ത് 67 ഉം സംസ്ഥാന പാതക്കടുത്ത് 61 ഉം മദ്യവിൽപ്പന ശാലകളാണ് പ്രവർത്തിക്കുന്നത്.ബിവറേജ് കോർപ്പറേഷന്റേയും കൺസ്യൂമർഫെഡിന്റേയും മദ്യവിൽപ്പനശാലകളാണ് ഇവ. കോടതി വിധിപ്രകാരം ഇവയെല്ലാം മാറ്റി സ്ഥാപിക്കേണ്ട കാലം എന്നേ കഴിഞ്ഞു.

എന്നാൽ വിധി വന്നിട്ട് അഞ്ചുമാസമായിട്ടും ഇവ സ്ഥലം മാറ്റി സ്ഥാപിച്ചിട്ടില്ല. ഭൂരിഭാഗം ബിവറേജ് ഔട്ട്‌ലെറ്റുകളുടേയും വാടകക്കരാർ മാർച്ചിൽ അവസാനിച്ചപ്പോഴും അതു പുതുക്കി നൽകുകയാണ് സർക്കാർ ചെയ്തത്. ഇനി ഒരു വർഷം കോടതി ഉത്തരവ് നടപ്പാകില്ലെന്ന് ചുരുക്കം. എന്നാൽ പത്തു ശതമാനം മദ്യവിൽപ്പനശാലകൾ കോടതി വിധിക്ക് അനുസരിച്ച് മാറ്റിയെന്നാണ് എക്‌സൈസ് മന്ത്രി കെ.ബാബു പറയുന്നത്. ഇത് എവിടെയെന്ന് ചോദിച്ചാൽ മന്ത്രിക്കും ഉത്തരമില്ല.

ബാറുകൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരുന്ന സമയത്താണ് മദ്യവിൽപ്പനശാലകൾ റോഡരികുകളിൽനിന്നു മാറ്റാൻ കോടതി ഉത്തരവിട്ടത്. ബാറുകൾ പ്രവർത്തിക്കുന്ന സമയത്തുതന്നെ ബിവറേജ് ഔട്ട്‌ലെറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ബാറുകൾ പൂട്ടിയതോടെ ഇവിടങ്ങളിൽ തിരക്ക് ഇരട്ടിയായി. ഇവിടെനിന്ന് മദ്യം വാങ്ങാനെത്തുന്നവർ റോഡരികിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. മദ്യം വാങ്ങാനുള്ള ക്യൂവും ഗതാഗതകുരുക്കിന് കാരണമാണ്. മദ്യപന്മാരുടെ നീണ്ട നിര കാൽനടക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനുപുറമെ ഇതുവഴി സ്ത്രീകൾ നടക്കാനും ഭയപ്പെടുന്നുണ്ട്. കൂടാതെ ഇതിനു മുമ്പിൽ വാഹനങ്ങൾ നിർത്തിയിട്ട് ഉള്ളിലിരുന്ന് മദ്യപിക്കുന്നതും സ്ഥിരം കാഴ്‌ച്ചയാണ്.

കോടതി എന്തൊക്കെ പറഞ്ഞാലും ബിവറേജസ് സർക്കാരിന് പൊന്മുട്ടയിടുന്ന താറാവാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിവറേജസ് കോർപ്പറേഷൻ സർക്കാറിന് നേടിക്കൊടുത്തത് 208.31 കോടി രൂപയാണ്. കച്ചവടം കിട്ടണമെങ്കിൽ കുടിയന്മാരുടെ സൗകര്യം നോക്കി റോഡരികിൽ തന്നെ വേണമെന്നും അറിയാം. ഒരു കടലാസിന്റെ വില പോലുമില്ലാതെ ഹൈക്കോടതി ഉത്തരവിനെ കണക്കാക്കിയതും ഇതുകൊണ്ടാണ്.

കോടതി ഉത്തരവിനെതിരെ അപ്പീൽ കൊടുക്കാതിരുന്നതും മേൽക്കോടതിയിൽ പോകാതിരുന്നതും സർക്കാരിന്റെ മദ്യവിരുദ്ധ പ്രതിഛായക്ക് കോട്ടം തട്ടാതിരിക്കാൻ മാത്രമാണ്. ഒരു ഭാഗത്ത് വോട്ടിനു വേണ്ടി മദ്യവിരുദ്ധത പ്രകടിപ്പിക്കുമ്പോഴാണ് മറുഭാഗത്ത് കോടതി ഉത്തരവ് പോലും അവഗണിച്ച് മദ്യവിൽപ്പനക്ക് സർക്കാർ ചുക്കാൻ പിടിക്കുന്നത്.