- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനികൾക്ക് ഇനിയെല്ലാം പഴയപടി; ആപ്പും ടോക്കണുമില്ലാതെ മദ്യം കിട്ടും; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: കേരളത്തിൽ ഇനിമുതൽ ടോക്കണ എടുക്കാതെ മദ്യം വാങ്ങാം. മദ്യവിതരണത്തിന് വിർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനായി സജ്ജമാക്കിയിരുന്ന ബെവ്ക്യൂ ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. മദ്യം വാങ്ങാൻ ഇനി മുൻകൂർ ടോക്കൺ എടുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു.
കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് പ്രാബല്യത്തിൽ വന്നത്. ബാറുകളിൽ ആപ്പ് വഴി പാഴ്‌സൽ വിൽപ്പന മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഡിസംബർ മുതൽ ബാറുകളിലെ പാഴ്സൽ വിൽപ്പന ഒഴിവാക്കി. ആപ്പ് വഴിയുള്ള ബുക്കിങ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തു.
ബാറുകളിൽ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തിൽ ആപ്പ് വഴി ബുക്കിംഗ് തുടരുന്നത് ബെവ്കോക്കും കൺസ്യൂമർ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിനുപിന്നാലെ സാങ്കേതിക തകരാറുകളും ആപ്പിന്റെ പ്രവർത്തനം ഉപേക്ഷിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടി. മദ്യവിതരണത്തിന് വിർച്വൽ ക്യൂ സംവിധാനം ഒരുക്കുന്നതിന് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആയ ഫെയർകോഡ് ടെക്‌നോളജീസ് ആണ് ആപ്പ് വികസിപ്പിച്ചത്.
ബാറുകൾ പ്രവർത്തിക്കാൻ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി ഇല്ലാതായെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു.സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 24 മുതൽ ബാറുകളിലെ പാഴ്സൽ വിൽപ്പന ഒഴിവാക്കി. ഇതോടെ ഇനി പ്രത്യേകം ആപ്പിന്റെ ആവശ്യമില്ലെന്നും നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്