മസ്‌ക്കറ്റ്: തങ്ങളുടെ  ബാങ്ക് അക്കൗണ്ടുകൾക്കു മേൽ കരുതൽ വേണമെന്നും എടിഎമ്മുകളിൽ നിന്നും മറ്റും പണം എടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും റോയൽ ഒമാൻ പൊലീസ്. ഡെബിറ്റ് കാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘം വിലസുന്നുണ്ടെന്നും പൊതുജനങ്ങൾ അതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് ആർഒപിയുടെ നിർദ്ദേശം.

അടുത്ത കാലത്ത് ഒരു പ്രവാസി ഇത്തരം തട്ടിപ്പിൽ കുടുങ്ങിയെന്നും തന്റെ സേവിങ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ചൈനയിലെ ഒരു എടിഎമ്മിലൂടെ പണം പിൻവലിച്ചതായി അറിയിപ്പു ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഡെബിറ്റ് കാർഡ് തട്ടിപ്പിന് പിന്നിൽ അന്താരാഷ്ട്ര സംഘമാണുള്ളതെന്നും ഡെബിറ്റ് കാർഡ് ഡേറ്റകൾ ചോർത്തിയാണ് ഇക്കൂട്ടർ പണം പിൻവലിക്കുന്നതെന്നും ആർഒപി വ്യക്തമാക്കി.

ഈ മാസം ദോഹാറിലെ ഒരു എടിഎമ്മിൽ നിന്നും കസ്റ്റമർ ഡേറ്റ ഹാക്കിംഗുമായി ബന്ധപ്പെട്ട് എട്ട് ഏഷ്യൻ വംശജരെ പിടികൂടിയിരുന്നതായും ആർഒപി വെളിപ്പെടുത്തി. എടിഎമ്മിൽ അനധികൃത ഡേറ്റാ കോപ്പിയിങ് മെഷീൻ കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് അധികൃതർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തായത്. ഡേറ്റ ഹാക്ക് ചെയ്ത സംഘം പണം പിൻവലിച്ച് രാജ്യത്തു നിന്നു കടന്നുകളയുകയായിരുന്നു. ഇവരെ പിന്നീട് ഖത്തറിൽ നിന്നു പിടികൂടിയിരുന്നു.

എടിഎമ്മുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഏതെങ്കിലും ഉപകരണങ്ങൾ കണ്ടാൽ പൊലീസിൽ അറിയിക്കണമെന്ന് ആർഒപി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ കാർഡ് ഡേറ്റ ചോർത്തിയതായി സംശയമുള്ളവർ ബാങ്കിനെയും ഉടനടി ഇക്കാര്യം അറിയിക്കണം.