പോപ് ഗായിക ബിയോൺസ് നോലസ് ഒടുവിൽ ആരാധകരുടെ സംശയങ്ങൾക്ക് ഉത്തരമേകി. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച്, വീർത്ത വയറുപ്രദർശിപ്പിച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിലൂടെ താൻ ഗർഭിണിയാണെന്ന വിവരം ബിയോൺസ് പുറത്തുവിട്ടത്. ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ പോകുന്ന സന്തോഷത്തിലാണ് ബിയോൺസ് ഇപ്പോൾ.

ബുധനാഴ്ചയാണ് ബിയോൺസ് ഈ ചിത്രം പുറത്തുവിട്ടത്. താനും ജേ-സെഡുമൊത്ത കുടുംബത്തിലേക്ക് രണ്ടംഗങ്ങൾ കൂടി വരുന്നതിന്റെ സന്തോഷം പങ്കുവെക്കാനാഗ്രഹിക്കുന്നുവെന്ന് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ബിയോൺസ് പറഞ്ഞു. ബിയോൺസ്-ജേ ദമ്പതിമാർക്ക് അഞ്ചുവയസ്സുകാരി ബ്ലൂ ഐവിയെന്ന കുട്ടികൂടിയുണ്ട്.

നെറ്റുകൊണ്ടുള്ള ശിരോവസ്ത്രവും ബിയോൺസ് ചിത്രത്തിൽ ധരിപ്പിച്ചിട്ടുണ്ട്. പിറക്കാൻപോകുന്ന കുട്ടികളെക്കുറിച്ചുള്ള സൂചനയും അവർ ചിത്രത്തിലൂടെ നൽകുന്നുണ്ട്. നീല നിറത്തിലുള്ള പാന്റീസും പിങ്ക് ബ്രായുമാണ് ധരിച്ചിട്ടുള്ളത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് വയറ്റിലുള്ളതെന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷിക്കപ്പെടുന്നു.

സെലിബ്രിറ്റികളടക്കമുള്ളവർ ബിയോൺസിനും ജേയ്ക്കും സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനമർപ്പിച്ചു. റിഹാന, റീത്ത ഓർ, ബ്രി ലാർസൻ തുടങ്ങിവരാണ് ആദ്യം അഭിനനന്ദനവുമായി രംഗത്തെത്തിയത്. ഏതാനും മാസമായി മുഖ്യധാരയിൽനിന്ന് മാറിനിൽക്കുകയായിരുന്നു ബിയോൺസ്. ഇതെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ, അതൊക്കെ താൻ ഗർഭിണിയായിരുന്നതിനാലാണെന്ന് പ്രഖ്യാപിക്കുകകൂടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതിലൂടെ ബിയോൺസ് ചെയ്തിട്ടുള്ളത്.