കൊച്ചി: ജനവിരുദ്ദ അപ്പീലമായി സംസ്ഥാന സർക്കാർ വീണ്ടും. വാഹനങ്ങൾക്ക് ഭാരത് സീരിസ് (ബി.എച്ച് സീരിസ്) രജിസ്ട്രേഷൻ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ അപ്പീൽ നൽകി. നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും ഇത് പരിഗണിക്കാതെ ബി.എച്ച്. സീരിസ് നടപ്പാക്കുന്നത് നിയമപരമായി തെറ്റാണെന്നുമാണ് അപ്പീലിൽ പറയുന്നത്.

പാർലമെന്റിൽ നിയമം കൊണ്ടുവരാതെയാണ് ബി.എച്ച്. സീരിസ് രജിസ്ട്രേഷൻ നടപ്പാക്കുന്നതെന്നും അപ്പീലിൽ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

കാലടിയിലെ മേരിസദൻ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ബിബി ബേബി നൽകിയ ഹർജിയിൽ വാഹനത്തിന് ബി.എച്ച്. സീരിസ് രജിസ്ട്രേഷൻ നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെ തുടർന്ന് കോടതിയലക്ഷ്യ ഹർജിയും നൽകിയിരുന്നു. ഇതിനിടയിലാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഇവയിലെ ജീവനക്കാരുടെയും വാഹനങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാനാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി ബി.എച്ച്. രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. നേരത്തെ വാഹന രജിസ്‌ടേഷൻ സംബന്ധിച്ച ഇടക്കാല ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ട്രാൻസ്‌പോർട്ട് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

വാഹനങ്ങൾക്ക് ഭാരത് സീരീസ് (ബി.എച്ച് സീരീസ്) രജിസ്‌ട്രേഷൻ നൽകണമെന്ന മാർച്ച് 29ലെ ഉത്തരവ് മെയ്‌ 17നകം പാലിച്ചില്ലെങ്കിൽ ട്രാൻസ്‌പോർട്ട് സെക്രട്ടറി, ട്രാൻസ്‌പോർട്ട് കമീഷണർ, എറണാകുളം ആർ.ടി.ഒ എന്നിവർ മെയ്‌ 20ന് നേരിട്ട് ഹാജരാകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. കാലടിയിലെ മേരിസദൻ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ബിബി ബേബി നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഉത്തരവ്. ഹരജിക്കാരന്റെ വാഹനങ്ങൾക്ക് ബി.എച്ച് സീരീസ് രജിസ്‌ട്രേഷൻ നൽകാനുള്ള ഇടക്കാല ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.

എന്താണ് ഭാരത് സീരീസ്?

വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഇവയിലെ ജീവനക്കാരുടെയും വാഹനങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാനാണ് കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി ബി.എച്ച് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയത്. ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും നികുതി പ്രശ്‌നങ്ങളും ബി.എച്ച് രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഒഴിവാകും.

വാഹന നികുതിയിലും ഇളവുണ്ട്. ഭാരത് സീരീസ് രജിസ്‌ട്രേഷനു ചില മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ നിഷ്‌കർഷിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കാനിടയുള്ള കേന്ദ്ര-പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും വാഹനങ്ങൾക്കടക്കം ഇത്തരം രജിസ്‌ട്രേഷൻ ലഭിക്കും.