രാമേശ്വരത്ത് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്ത മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രതിമയെച്ചൊല്ലി വിവാദം കൊഴുക്കുന്നു. കലാമിന്റെ പ്രതിമയ്ക്കരികിൽ ഭഗവത്ഗീത മാത്രം കൊത്തിവെച്ചതിനെച്ചൊല്ലിയാണ് വിവാദം. മുസ്ലീമായ കലാമിന്റെ പ്രതിമയ്ക്കരികിൽ ഗീത മാത്രം സ്ഥാപിച്ചത് അനുചിതമായെന്ന അഭിപ്രായവുമായി കലാമിന്റെ കുടുംബാംഗങ്ങളിൽ ചിലർ രംഗത്തെത്തി.

എന്നാൽ, സംഭവം വിവാദമായതോടെ, പ്രതിമയ്്കരികിൽ ഖുറാനും ബൈബിളും കൂടി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഡി.ആർ.ഡി.ഒ. അധികൃതർ. ചിലരുണ്ടാക്കിയ അനാവശ്യ വിവാദമാണ് ഇതിന് പിന്നിലെന്ന് കലാമിന്റെ ബന്ധുക്കളായ ഷെയ്ഖ് ദാവൂദും സലീമും സേലത്ത് പറഞ്ഞു. പ്രതിമയ്ക്കരികെ ഗീത സ്ഥാപിച്ചത് യാതൊരു മുൻവിധിയോടെയും കൂടിയായിരുന്നില്ല. എന്നാൽ, വിവാദം കൊഴുത്തതോടെ, അതൊഴിവാക്കാൻ ഗീതയും ഖുറാനും സ്ഥാപിക്കുയാണ് അധധികൃതരിപ്പോൾ. ഇതിന് പുറമെ, തിരുക്കുറളും പ്രതിമയ്ക്കരികെ സ്ഥാപിക്കുമെന്ന് അവർ പറഞ്ഞു.

കലാമിന്റെ തടികൊണ്ടുള്ള ശില്പത്തിനരികിലായാണ് ഭഗവത് ഗീത കൊത്തിവെച്ചിരുന്നത്. ഇതിനെതിരെ ആദ്യം രംഗ്ത്തുവന്നത് എംഡിഎംകെയാണ്. പാർട്ടി നേതാവ് വൈക്കോ ഗീതയ്‌ക്കെതിരെ രംഗത്തുവന്നു. കലാം അന്താരാഷ്ട്ര വേദികളിൽപ്പോലും തിരുക്കുറൡനിന്നാണ് കലാം ഉദ്ധരണികൾ ഉപയോഗിക്കാറുള്ളതെന്നിരിക്കെ, ഗീതയുടെ ആവശ്യമെന്തായിരുന്നു വെന്ന് വൈക്കോ ചോദിച്ചു. പിഎംകെയും ഇതിനെതിരെ രംഗത്തുവന്നിരുന്നു.

15 കോടി രൂപ ചെലവിട്ടാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനും കലാം പ്രവർത്തിച്ചിരുന്ന മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ചേർന്ന് സ്മാരകം നിർമ്മിച്ചത്. ജൂലൈ 27-നാണ് ഇത് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചത്. കലാം വീണ വായിക്കുന്ന പ്രതിമയാണ് ഇവിടെ മോദി അനാഛാദനം ചെയ്തത്. ഇതിനൊപ്പം അദ്ദേഹത്തെക്കുറിച്ചുള്ള 900-ത്തോളം പെയിന്റിങ്ങുകളും 200-ഓളം അപൂർവ ചിത്രങ്ങളും ഇവിടെയുണ്ട്.