- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മറുപടിയിൽ പൂർണ തൃപ്ത; എല്ലാവരും സർക്കാരിനെ വിമർശിക്കുമ്പോൾ ചെയ്തത് തെറ്റാണോയെന്ന ഭയം അവൾക്കുണ്ടായിരിക്കാം; മുഖ്യമന്ത്രിയും ഒരു പെൺകുട്ടിയുടെ അച്ഛനാണ്; അദ്ദേഹത്തിന് അവളുടെ വേദന മനസിലാക്കാൻ കഴിയണം: മുഖ്യമന്ത്രിയെ കണ്ട ഭാഗ്യലക്ഷ്മി പറയുന്നു
കൊച്ചി: അതിജീവിതയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ മുഖ്യമന്ത്രിയുടെ മറുപടിയിൽ പൂർണ തൃപ്തയെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിയെ കാണാൻ അതിജീവിത എത്തിയത് ഭാഗ്യലക്ഷ്മിക്കൊപ്പമായിരുന്നു. നടിയെ പോലെ തന്നെ മുഖ്യമന്ത്രിയിൽ പ്രതീക്ഷ വെക്കുകയാണ് ഭാഗ്യലക്ഷ്മിയും. അതിജീവിത പുറത്തിറങ്ങിയപ്പോൾ തന്നെ മുഖ്യമന്ത്രി ഡിജിപിയേയും എഡിജിപിയേയും വിളിച്ചുവരുത്തിയിട്ടുണ്ട്. കാര്യങ്ങൾ ഗൗരവത്തോടെ മുഖ്യമന്ത്രി എടുത്തിട്ടുണ്ടെന്നാണ് ഇതിലൂടെ മനസിലാവുന്നതെന്നും ഭാഗ്യ ലക്ഷ്മി പ്രതികരിച്ചു. ഒരു ചാനലിനോടായിരുന്നു അവർ പ്രതീക്ഷ പങ്കുവെച്ചത്.
അതിജീവിതയും കുടുംബവുമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. അവരുടെ സ്വകാര്യത മാനിച്ച് കൂടിക്കാഴ്‌ച്ചയിൽ നിന്നും താൻ സ്വമേധയാ മാറി നിൽക്കുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എല്ലാവരും സർക്കാരിനെതിരെ പറയുമ്പോൾ താൻ ചെയ്തത് തെറ്റാണോയെന്ന ഭയം അവൾക്കുണ്ടായിരിക്കാം. രാഷ്ട്രീയം എന്താണെന്ന് അറിയാത്ത ആൾക്ക് ഭയം ഉണ്ടാവുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിചേർത്തു.
ഇതിന് മുമ്പ് ഒരു നിവേദനം കൊടുത്തിട്ടുണ്ട്. പറയാനുള്ളതെല്ലാം അതിലുണ്ട്. ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ട. അവിടുന്നും ഇവിടുന്നും വരുന്ന വാർത്തകളൊന്നും വിശ്വസിക്കുകയോ കേൾക്കുകയോ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിജീവിതക്കെതിരായി സർക്കാർ ഒരു കാര്യവും ചെയ്യില്ലെന്ന് ഉറപ്പ് മുഖ്യമന്ത്രി നൽകിയിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഹർജിയിൽ സർക്കാരിനെതിരായ പരാമർശത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. അതിനെകുറിച്ച് സംസാരിക്കേണ്ടി വന്നില്ല. അതിനെ അതിന്റേതായ രീതിയിൽ തന്നെയാണ് മുഖ്യമന്ത്രി എടുത്തിട്ടുള്ളതെന്നാണ് സംസാരത്തിൽ നിന്നും മനസ്സിലാക്കുന്നത്. കോടതിയിലെ കാര്യങ്ങളിലൊന്നും പരാമർശമുണ്ടായിട്ടില്ല. ആരുമില്ലേ എന്റെ കൂടെ എന്ന ഭയം അവൾക്കുണ്ടായിരിക്കാം. ശ്രീജിത്ത് ഐപിഎസിന്റെ കാര്യങ്ങളും നിവേദനത്തിലുണ്ട്.
അതിന് തീർച്ചയായിട്ടും മറുപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്വേഷണം നിർത്തിവെക്കരുത്. തുടരന്വേഷണം വേണമെന്ന് നിവേദനത്തിലൂടെ അറിയിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് കാര്യങ്ങൾ കൂടുതൽ അന്വേഷിക്കണം. ഇന്നത്തെ കൂടിക്കാഴ്‌ച്ചയിൽ മുഖ്യമന്ത്രിയുടെ മറുപടിയിൽ പൂർണ തൃപ്തയാണ്.
മുഖ്യമന്ത്രിയും ഒരു പെൺകുട്ടിയുടെ അച്ഛനാണ്. അദ്ദേഹത്തിന് അവളുടെ വേദന മനസിലാക്കാൻ കഴിയണം. സഹോദരനും ഭർത്താവും അതിജീവിതയുമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഭാഗ്യലക്ഷ്മി വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ