തിരുവനന്തപുരം: നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയാണ് വിവരം അറിയിച്ചത്.

ഭാഗ്യലക്ഷ്മി, നിങ്ങൾക്ക് നാട്ടിൽ പോവണമോ? എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നെന്നും ബിഗ് ബോസ് വീട്ടിലേക്ക് വരും മുൻപ് ഞാൻ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഞങ്ങൾ വിവാഹമോചിതരായതുകൊണ്ട് എന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കാമോ എന്നുമായിരുന്നു ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മിയുടെ അഭ്യർത്ഥന.

ഏതാനും ദിവസങ്ങളായി വൃക്കസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു രമേശ്. 1985ൽ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. ബിഗ് ബോസ് വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാർത്ഥികളും കേട്ടത്.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായിരുന്നു രമേശ്. 2011ൽ ഔദ്യോഗികമായി ഇരുവരും വിവാഹമോചനം നേടിയിരുന്നു. രണ്ടു മക്കളാണ് ഇവർക്കുള്ളത്.