തിരുവനന്തപുരം: സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിൽ അംഗമാകാതിരുന്നതിനെ കുറിച്ചുള്ള പരിഭവം വ്യക്തമാക്കി ഭാഗ്യലക്ഷ്മി. സംഘടനയിൽ അംഗമായില്ല എന്നതല്ല, സംഘടന രൂപീകരിക്കുന്ന വിവരം തന്നിൽ നിന്ന് മറച്ചുപിടിച്ച ആത്മസുഹൃത്തുക്കളെന്ന് കരുതിയ നാലുപേരുടെ അഭിനയപാടവമാണ് തന്നെ വേദനിപ്പിച്ചതെന്ന് ഭാഗ്യലക്ഷ്മി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സംഘടനയിൽ അംഗമാകാതിരുന്നതിന്റെ കാരണം പറഞ്ഞ് മടുത്തു. മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന രൂപീകരിക്കുമ്പോൾ അതിൽ ഞാനുണ്ടാവണമെന്ന് യാതൊരു നിർബന്ധവുമില്ല. ഞാനുണ്ടാവരുതെന്നുള്ള നിർദ്ദേശം ആരെങ്കിലും നൽകിയോ എന്നും എനിക്കറിയില്ല. ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും അത്ഭുതമൊന്നും സംഭവിക്കില്ല. എന്റെ സംരക്ഷണവും അവകാശവും ഒരു സംഘടനയുമില്ലാതിരുന്ന കാലത്ത് ഞാൻ സ്വയം നേടിയെടുത്തവളാണ്.

സംഘടന രൂപീകരിക്കുന്ന വിവരം ചോദിച്ചപ്പോൾ അത് പറയാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്. ഈ പോസ്റ്റോടു കൂടി ഭാഗ്യക്ഷ്മിയും ഡബ്ല്യു.സി.സിയും എന്ന വിവാദം ഒന്നവസാനിപ്പിക്കണം. ഒരു സാധാരണ വ്യക്തിയെന്ന നിലക്കുള്ള അഭിപ്രായം പോലും ഞാൻ പറയുമ്പോൾ തെറ്റിദ്ധരിക്കപ്പെടുന്നു-ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിൽ കുറിച്ചു.