ന്യൂഡൽഹി: പ്രസിദ്ധ സന്തൂർ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജൻ സോപോരി അന്തരിച്ചു. അർബുദരോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് മരണ സംഭവിച്ചത്. ഈ മാസം 22ന് 74 വയസ് തികയാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.

ജമ്മു കശ്മീരിലെ സോപോറാണ് ഭജൻ സോപോരിയുടെ ജന്മദേശം. സന്തൂർ വാദക കുടുംബത്തിൽ ജനിച്ച ഭജൻ സോപോരിയുടെ കുടുംബത്തിന്റെ ആറ് തലമുറയിലും സന്തൂർ വാദകരുണ്ട്. പത്ത് വയസ് പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കച്ചേരി.

വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ ശാസ്ത്രീയ സംഗീതവും മുത്തശ്ശൻ എസ്സി സോപോരിയിൽ നിന്നും പിതാവ് ശംഭൂ നാഥിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ച ഭജൻ സോപോരി ബെൽജിയം, ഈംഗ്ലണ്ട്, ഈജിപ്ത്, ജർമനി, നോർവേ, സിറിയ, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

1992 ൽ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ച ഭജൻ സോപോരിക്ക് 2004 ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. 2009 ൽ ബാബാ അലാവുദീൻ ഖാൻ പുരസ്‌കാരവും 2011 ൽ മാഥുർ പുരസ്‌കാരവും ലഭിച്ചു. ജമ്മു കശ്മീർ സർക്കാർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.