തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്കു 'ഭക്ഷ്യ ഭദ്രതാ അലവൻസ്' ഭക്ഷ്യക്കിറ്റുകളായി നൽകുന്ന സർക്കാർ പദ്ധതിയിൽ വിതരണം ചെയ്ത കപ്പലണ്ടി (കടല) മിഠായിയിൽ പൂപ്പലിൽ നിന്നുണ്ടാകുന്ന വിഷാംശം കണ്ടെത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം സപ്ലൈകോ ആയിരുന്നു 30 ലക്ഷം കുട്ടികൾക്കുള്ള കിറ്റ് വിതരണം നടത്തിയത്. മനോരമയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തു വിടുന്നത്.

സർക്കാരിന് വേണ്ടി റേഷൻ കടകലിലൂടെ നൽകിയ കിറ്റുകൾക്കെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു. സ്ാധനത്തിലെ തൂക്ക കുറവും നിലവാരമില്ലായ്മയുമെല്ലാം ചർച്ചയായി. ശർക്കരയിലെ മാലിന്യവും വാർത്തയായി. എന്നാൽ അതിനെല്ലാം അപ്പുറത്തേക്കുള്ള പുതിയ തലം ഈ റിപ്പോർട്ടിനുണ്ട്. കുട്ടികളുടെ ജീവനെടുക്കാൻ പോന്ന വിഷാംശം കണ്ടെത്തിയെന്നാണ് മനോരമ വാർത്ത.

തിരുവനന്തപുരത്തെ സർക്കാർ അനലറ്റിക് ലാബിലെ പരിശോധനയ്ക്കു ലഭിച്ച ഒരു സാംപിളിലാണ് അഫ്‌ളോടോക്‌സീൻ ബിവൺ എന്ന വിഷാംശം അനുവദനീയമായ അളവിൽ കൂടുതലുണ്ടെന്നു കണ്ടെത്തിയത്. ഇതു കഴിക്കാൻ സുരക്ഷിതമല്ലെന്നതിനു പുറമേ ബാച്ചും നമ്പറും മറ്റും പാക്കറ്റിൽ രേഖപ്പെടുത്താത്തതിനാൽ ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഗുരുതരമായ ക്രമക്കേട് നടന്നുവെന്ന് വ്യക്തം.

കൃത്യമായി സീൽ ചെയ്ത പാക്കറ്റിൽ ലഭിച്ച കപ്പലണ്ടി മിഠായിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ലാബ് അധികൃതർ പറയുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പരാതികളെ തുടർന്നു ചിലർ സാംപിൾ ശേഖരിച്ചു നൽകുകയായിരുന്നു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു കിറ്റ് വിതരണം. 15.70 രൂപയാണ് ഒരു പാക്കറ്റ് കപ്പലണ്ടി മിഠായിയുടെ വില.

പ്രീപ്രൈമറി, പ്രൈമറി വിഭാഗം കുട്ടികൾക്ക് 497 രൂപയ്ക്കുള്ള ഭക്ഷ്യക്കിറ്റുകളും യുപി വിഭാഗത്തിന് 782 രൂപയ്ക്കുള്ള കിറ്റുകളുമാണു വിതരണം ചെയ്യുകയെന്നു സർക്കാർ അറിയിച്ചിരുന്നു. 202021 അദ്ധ്യയനവർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 200 ദിവസത്തേക്കും, അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് 220 ദിവസത്തേക്കുമുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് സപ്ലൈകോയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്തത്.

സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതു വരെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എന്റോൾ ചെയ്ത എല്ലാ കുട്ടികൾക്കും ഭക്ഷ്യധാന്യവും കിറ്റുകളും നൽകുന്നതായിരുന്നു പദ്ധതി . ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 29,52,919 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു.ം. 43 സ്പെഷ്യൽ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും വിതരണം ചെയ്തു.

പ്രീപ്രൈമറി,പ്രൈമറി വിഭാഗം കുട്ടികൾക്ക് യഥാക്രമം രണ്ട് കിലോ, ആറു കിലോ വീതം ഭക്ഷ്യധാന്യം വിതരണം ചെയ്തിരുന്നു.. ഇതിനൊപ്പം 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തതിലാണ് വിവാദ കപ്പലണ്ടിയുമുള്ളത്.. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് പത്തു കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷണസാധനങ്ങളുമുള്ള കിറ്റുകളാണ് വിതരണം ചെയ്തത്.