- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനക്കണക്കിന്റെ രാജകുമാരനായി ഭാനുപ്രകാശ്; മൈൻഡ് സ്പോർട്‌സ് ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടിയത് രണ്ടാം സ്ഥാനക്കാരനെക്കാൾ 65 പോയിന്റ് അധികം നേടി; സിനിമാക്കഥയെ വെല്ലും ജീവിതവുമായി 21കാരൻ
ഹൈദരാബാദ്: കമ്പ്യൂട്ടറിനെ തോൽപ്പിച്ച ശകുന്തളാ ദേവിയുടെ റെക്കാഡും മറികടന്ന് ഭാനുപ്രകാശ് മൈൻഡ് സ്പോർട്‌സ് ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടി. 1980 ജൂൺ 18ന് ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ നടത്തിയ പ്രകടനത്തിൽ 13 അക്കങ്ങളുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലം വെറും 28 സെക്കൻഡിൽ പറഞ്ഞാണ് ശകുന്തളാ ദേവി അതിവേഗ മനക്കണക്കിൽ റെക്കാഡിട്ടത്. ഭാനുപ്രകാശിന്റെ സമയം അറിവായിട്ടില്ല. മനക്കണക്കിലെ മാന്ത്രിക പ്രകടനങ്ങളുടെ നാല് ലോക റെക്കാഡുകളും അൻപത് ലിംക റെക്കാഡുകളും ഈ യുവാവിന്റെ പേരിലാണ്. ഓഗസ്റ്റ് 15ന് ലണ്ടനിൽ നടന്ന മൈൻഡ് സ്പോർട്‌സ് ഒളിമ്പ്യാഡിലാണ് ഭാനുപ്രകാശ് സ്വർണമെഡൽ നേടിയത്. പതിമ്മൂന്ന് രാജ്യങ്ങളിലെ 29 മത്സരാർത്ഥികളെയാണ് പിന്തള്ളിയത്. രണ്ടാം സ്ഥാനത്തെത്തിയ ലബനൺകാരനെക്കാൾ 65 പോയിന്റ് മുന്നിലാണ് ഭാനുപ്രകാശ്.
വിവിധ വിഷയങ്ങളിൽ മാനസികമായ കഴിവുകൾ പരീക്ഷിക്കുന്ന പ്രശസ്തമായ അന്താരാഷ്‌ട്ര വാർഷിക മത്സരമാണ് മൈൻഡ് സ്പോർട്ട്സ് ഒളിമ്പ്യാഡ്. 1997ലാണ് തുടക്കം. ഇത്തവണ കോവിഡ് കാരണം മത്സരം ഓൺലൈനിലായിരുന്നു. ചെസ് ഉൾപ്പെടെ 60 ബോർഡ് ഗെയിം മത്സരങ്ങളും ഓർമ്മശക്തി, മനക്കണക്ക്, സർഗാത്മക ആശയങ്ങൾ തുടങ്ങിയ മത്സരങ്ങളും ഉൾപ്പെടും.
ഹൈദരാബാദ് സ്വദേശിയായ ഈ 21കാരന്റെ ജീവിതം സിനിമാക്കഥകളെയും വെല്ലുന്നതാണ്. അപകടത്തിന്റെ മാനസിക സമ്മർദത്തിൽ നിന്നു മോചിതനാകാനുള്ള മൈൻഡ് ഗെയിമിലൂടെയാണ് ഭാനുപ്രകാശ് ജീവിതം തിരിച്ചുപിടിച്ചത്. ഭാനുപ്രകാശിന് 5 വയസ്സുള്ളപ്പോൾ വീട്ടിൽ മുഖംനോക്കാൻ ഒരു കണ്ണാടി പോലും വയ്ക്കേണ്ട എന്നായിരുന്നു മാതാപിതാക്കളുടെ തീരുമാനം. അപകടത്തിൽ വികൃതമായ മുഖം കണ്ടാൽ മകന്റെ ആത്മവിശ്വാസം നഷ്ടപ്പെടുമോയെന്ന പേടിയായിരുന്നു അവർക്ക്. 70 സ്റ്റിച്ചും തലച്ചോറിനു സാരമായ പരുക്കുമായി ആ കിടപ്പ് ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മാറിയപ്പോൾ സമയം പോകാൻ പദപ്രശ്നങ്ങളെ കൂട്ടുപിടിച്ചു ഭാനു.
കണക്കിൽ അതിവേഗത്തിൽ കൂട്ടലും കിഴിക്കലും നടത്താൻ കഴിവുള്ള ഭാനുപ്രകാശിന്റെ പേരിൽ അതിലും റെക്കോർഡുകളുണ്ട്. കാൽക്കുലേറ്ററുകളേക്കാൾ വേഗത്തിൽ കണക്കുകൂട്ടുന്നതിന്റെ ലോക റെക്കോർഡാണ് അതിലൊന്ന്. ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്നു ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ഈ ഇരുപതുകാരനെ കണക്കിലെ കളിയിൽ ആർക്കും തോൽപിക്കാനാകില്ല. ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ മാത്തമാറ്റിക്‌സ് ഓണേഴ്‌സ് വിദ്യാർത്ഥിയാണ് ഭാനു.
‘‘ഇതൊരു സ്പോർട്സ് ഇനം പോലെയാണ്. ദിവസവും 4 മണിക്കൂർ വരെ പരിശീലനം. കണക്ക്, നിരീക്ഷണം, പദപ്രശ്നം തുടങ്ങി എല്ലാം ചേർന്നതാണ് മൈൻഡ് സ്പോർട്സ് ഒളിംപ്യാഡ്''– ഭാനുപ്രകാശ് പറഞ്ഞു. കണക്കിനോടുള്ള പുതിയ തലമുറയുടെ പേടി മാറ്റാൻ ഗണിതശാസ്ത്ര സ്റ്റാർട്ടപ്പ് തുടങ്ങുകയാണ് ഭാനുവിന്റെ അടുത്ത ലക്ഷ്യം. കണക്കിനെ കുട്ടികൾ ഇത്രമാത്രം പേടിക്കാൻ കാരണം നമ്മുടെ അക്കാദമിക് രീതിയുടെ കുഴപ്പമാണെന്നും ഭാനുപ്രകാശ് കരുതുന്നു.
മറുനാടന് ഡെസ്ക്