കോട്ടയം: ഭാരത് ആശുപത്രിയിൽ തൊടുന്യായങ്ങൾ പറഞ്ഞ് നഴ്‌സുമാരോട് ഉടക്ക് തുടരാൻ തന്നെയാണ് മാനേജ്മെന്റിന്റെ നീക്കം. പിരിച്ച് വിട്ട ഒൻപത് നഴ്സുമാരെ തിരിച്ചെടുക്കില്ലെന്ന കടുത്ത നിലപാടിലാണ് മാനേജ്മെന്റ്. ഇതോടെ നഴ്സുമാർ വീണ്ടും സമരം തുടങ്ങി. കരാർ കാലാവധി അവസാനിച്ചതിനാൽ, നഴ്സുമാരെ തിരിച്ചെടുക്കില്ലെന്ന ന്യായമാണ് ഉന്നയിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് നഴ്സുമാർ പറയുന്നു. ആശുപത്രിയിൽ നടന്ന ആദ്യഘട്ടസമരത്തെ തുടർന്നാണ് കഴിഞ്ഞ മാസം ഒരു നഴ്സിങ് ജീവനക്കാരിയെ കാരണമില്ലാതെ മാനേജ്മെന്റ് പിരിച്ചുവിട്ടത്. തുടർന്ന് 8 പേരെ കൂടി പിരിച്ചുവിടുകയായിരുന്നു.

പിരിച്ചുവിടുന്നതിന് മാനേജ്മെന്റ് കാരണമൊന്നും കാട്ടുന്നില്ലെന്ന് നഴ്സുമാരുടെ സംഘടനായ യുഎൻഎയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് സെബിൻ സി.മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു.' ഒരു കാരണവും കാണിക്കാതെ നഴ്സുമാരെ പിരിച്ചുവിടുന്ന മാനേജ്മെന്റിന്റെ നടപടി കടുത്ത അനീതിയാണ്. ജോലിക്ക് കയറുന്ന സമയത്ത് വെറും ബ്ലാങ്ക് മുദ്രപത്രത്തിലാണ് ജീവനക്കാരെ കൊണ്ട് ഒപ്പിടുവിക്കുന്നത്. പിന്നീട് മാനേജ്മെന്റിന് അനുകൂലമായ രീതിയിൽ കാര്യങ്ങൾ എഴുതി ചേർ്ക്കും', സെബിൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങളിൽ നിന്ന് നഴ്സുമാർ വിട്ടുനിൽക്കുകയാണ്. സമരത്തിൽ ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ, സമരം ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം. പ്രശ്നത്തിൽ ലേബർ കമ്മീഷണർ ഇടപെടണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

ഇതിനൊപ്പം നിരവധി പ്രശ്‌നങ്ങൾ ഉണ്ട്. വസ്ത്രം മാറ്റാനുള്ള റൂമിൽ പോലും ക്യാമറകളുണ്ട്. ഇതിന്റെ പേരിലാണ് നേരത്തെ സമരം നടത്തിയത്. എന്നാൽ ഒത്തുതീർപ്പായിട്ടും ഇതൊന്നും മാറിയില്ല. മാനേജ്‌മെന്റ് തോന്നിയതു പോലെയാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും അപ്പോയിന്റ്‌മെന്റ് ലെറ്റർ നൽകുക, ഭക്ഷണം കഴിക്കാൻ അനുവദിക്കുക, നൈറ്റ് ഡ്യൂട്ടികളുടെ എണ്ണം ഏഴായി നിജപ്പെടുത്തുക, ഡ്യൂട്ടി റോസ്റ്ററുകളുടെ ഒരുമാസം മുമ്പേ നൽകുക എന്നിവയാണ് ഇവർ ഉയർത്തുന്ന പ്രശ്‌നം. തോറ്റ് കൊടുക്കാൻ തുടങ്ങിയാൽ ചിവിട്ടി കയറാൻ നിരവധി പേർ ഉണ്ടാകും. ഈ സാഹചര്യത്തിലാണ് നേഴ്‌സുമാരുടെ സമരം.

ശമ്പള വർദ്ധനവ് അടക്കം സംസ്ഥാന തലത്തിൽ നഴ്സുമാർ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിഹരിച്ചെങ്കിലും ഭാരത് ആശുപത്രിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. ശമ്പള വർദ്ധനവ്, ഷിഫ്റ്റ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഴ്സുമാർ സമരം നടത്തിയിരുന്നു. തുടർന്ന് ലേബർ ഓഫീസർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യുഎൻഎയിൽ അംഗത്വമെടുത്ത നഴ്‌സുമാരെ ഭീഷണിപ്പെടുത്തി പുറത്താക്കുന്ന ശൈലിയാണ് മാനേജ്മെന്റ് പിന്തുടരുന്നത്. സംഘടനയുമായി സഹകരിക്കുന്ന നഴ്‌സുമാരെ ഭീഷണിപ്പെടുത്തി അടക്കി നിർത്താനാണ് നീക്കം. സംഘടനയിൽ പ്രവർത്തിച്ചാൽ പുറത്താക്കുമെന്ന് മാനേജ്മന്റെ് താക്കീത് നൽകുകയാണെന്ന് നഴ്സുമാർ പരാതിപ്പെടുന്നു. കരാർ കഴിഞ്ഞതായി അറിയിച്ചാണ് ഇപ്പോഴത്തെ പിരിച്ചുവിടൽ. ഇത് സംഘടനാ പ്രവർത്തനം തടയുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ഇവർ പറയുന്നത്.

ഭാരത് ആശുപത്രിയിലെ നഴ്സുമാർ നേരിടുന്നത് ശമ്പള പ്രശ്നം മാത്രമല്ല, അവകാശപ്പെട്ട അവധിപോലും ലഭിക്കാത്ത മനുഷ്യാവകാശ ലംഘനമാണ്. കാഷ്വൽ ലീവുപോലും ലഭിക്കില്ല. അവധിയെടുത്താൽ ശമ്പളം കുറക്കും. അതേസമയം, അവകാശപ്പെട്ട സി.എൽ, ഇ.എൽ എന്നിവയെല്ലാം നൽകുന്നുണ്ടെന്ന് രേഖകളുണ്ടാക്കും. അഞ്ചു വർഷമായ സ്റ്റാഫ് നഴ്‌സിന് കിട്ടുന്ന ശമ്പളം 10,000 മുതൽ 12,000വരെയാണ്. ഡ്യൂട്ടിക്കിടെ ഉണ്ടാവുന്ന ശാരീരികപ്രശ്‌നങ്ങളിൽ പോലും സൗജന്യ വൈദ്യസഹായമില്ല. ഡ്യൂട്ടി ഷിഫ്റ്റ് പുനഃ ക്രമീകരിക്കണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് മാനേജ്മെന്റിന്റേത്. ദിവസവും ദേഹപരിശോധന നടത്തിയാണ് നഴ്സുമാരെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കുന്നത്.

അർധരാത്രി ഡ്യൂട്ടി കഴിഞ്ഞാൽ കിടക്കാൻ മുറി നൽകില്ല. ക്രിട്ടിക്കൽ കെയർ അലവൻസ്, ഇൻചാർജ് ഷിഫ്റ്റ് അലവൻസ്, യൂനിഫോം അലവൻസ്, ഗ്രാറ്റ്‌വിറ്റി എന്നിവയും നൽകാറില്ല. അഞ്ചുവർഷം കഴിഞ്ഞ നഴ്സുമാർക്ക് ഗ്രാറ്റ്‌വിറ്റി നൽകാമെന്ന് ജില്ല ലേബർ ഓഫിസർ നടത്തിയ ചർച്ചയിൽ മാനേജ്മന്റെ് അറിയിച്ചിരുന്നു. പക്ഷേ അഞ്ചു വർഷം പ്രവൃത്തി പരിചയമുള്ള നഴ്സിനെയാണ് ആദ്യം പുറത്താക്കിയത്. ലേബർ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് മാനേജുമെന്റുകൾ സർക്കാരിനെയും സമൂഹത്തെയും കബളിക്കാറുള്ളത്.അതിനു സർക്കാർ സംവിധാനത്തിൽ നിന്നും വിരമിച്ച വിദഗ്ധരായ ലേബർ ഉദ്യോഗസ്ഥരുടെ സേവനം തന്നെ ഇവർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആശുപത്രി മാനേജ്മെന്റുകൾ എന്നും ചെയ്തു പോന്നിരുന്നത് ജോലിയിൽ കയറുന്നവർ മറ്റെവിടെയും പോകാതിരിക്കാനുള്ള ബോണ്ട് തന്ത്രം തന്നെയാണ്. ചൂഷണത്തിന്റെയും അടിമപ്പണിയുടെയും ആണിക്കല്ല് തന്നെയാണ് ബോണ്ട് സമ്പ്രദായം.

2011ൽ അലയടിച്ച നഴ്സിങ് സമരത്തോടെ മാനേജ്മെന്റുകൾ ബോണ്ട് സംവിധാനം പ്രത്യക്ഷത്തിൽ ഉപേക്ഷിച്ചു. എന്നാൽ, പകരം ട്രെയിനി സമ്പ്രദായം നടപ്പാക്കി കൊള്ളലാഭം കൊയ്തു. കേരളത്തിലെ അഞ്ച് ലക്ഷത്തിലേറെ വരുന്ന നഴ്സുമാരിൽ 80 ശതമാനവും ഇന്ന് ട്രെയിനി എന്ന നിലയിലാണ് ജോലിയെടുക്കുന്നത്. ഈ ഒരു വസ്തുത പലപ്പോഴും ആരും മനസ്സിലാക്കാറില്ല.യുഎൻഎ യുടെ നിവേദനത്തെ തുടർന്ന് ഈ വിഷയം പഠിക്കാൻ നിലവിൽ ഒരു കമ്മിറ്റിയെ വെക്കാം എന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്ന് അവർക്ക് ലഭിച്ചിട്ടുണ്ട്.

ഭാരത് ആശുപത്രിയിൽ സഹകരിച്ചു നിന്നില്ലെങ്കിൽ പുറത്താക്കുമെന്നാണ് മറ്റുള്ള നഴ്സുമാര്ക്ക് മാനേജ്മെന്റിന്റെ ഭീഷണി. ഓരോ ദിവസവും ദേഹപരിശോധന നടത്തിയാണ് നഴ്സുമാരെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കുന്നത്. അർധരാത്രി ഡ്യൂട്ടി കഴിഞ്ഞാൽ കിടക്കാൻ മുറി നൽകില്ല. നഴ്സിങ് ജോലിക്ക് പുറമെ സ്റ്റോറിൽ നിന്ന് മരുന്ന് വാർഡുകളിൽ എത്തിക്കണം, രോഗികളുടെ ബ്ലഡ് ലാബിൽ നല്കണം, ഫയലുകൾ ഒരു ഡിപ്പാർട്മെന്റിൽ നിന്ന് മറ്റൊരു ഡിപ്പാർട്മെന്റിൽ എത്തിക്കണം തുടങ്ങി നിരവധി ജോലികൾ് ചെയ്യുന്നതും നഴ്സുമാരാണ്. ഇതെല്ലാം ചെയ്താലും എപ്പോൾ വേണമെങ്കിലും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന ഭീതിയിലാണ് നഴ്സുമാർ കഴിയുന്നത്.