കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ വെളിപ്പെടുത്തൽ കേരളമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് താങ്ങും തണലുമായി മാറുന്ന നഴ്‌സുമാർ മാത്രമല്ല ഇവരോടുള്ള പക പോക്കലിൽ ഇവിടെ എത്തുന്ന രോഗികളുടെ ജീവിതവും പണയംവച്ചാണ് ഇവർ കളിക്കുന്നതെന്നും ഇവിടുത്തെ നഴ്‌സുമാർ പറയുന്നു. ഭാരത് ഹോസ്പിറ്റലിലെനഴ്‌സുമാരുടെ വെളിപ്പെടുത്തലാണ് ഇവിടെകൊടുക്കുന്നത്.

തൊഴിൽപീഡനം
ഭാരത് ഹോസ്പിറ്റലിലെ ഐസിയു ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫിന് ഒരു വെന്റിലേറ്റർ പേഷ്യന്റിന്റെ ഒപ്പം മറ്റു മൂന്നു രോഗികളെക്കൂടി നോക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വെന്റിലേറ്ററിലുള്ള രോഗികൾക്ക് 1:1 അനുപാതത്തിലെ രോഗികളെ കൊടുക്കാവൂ എന്നിരിക്കെയാണ് ഭാരത് ഹോസ്പിറ്റലിൽ ഇത്രയും വലിയ തൊഴിലാളി ചൂഷണം നടന്നു കൊണ്ടിരിക്കുന്നത്. ഇത് സ്റ്റാഫിനുമേൽ അധിക ജോലിഭാരം നൽകുന്ന സമ്മർദ്ദത്തോടൊപ്പം, രോഗികൾക്ക് ശരിയായ പരിചരണം നൽകാനും കഴിയുന്നില്ല. രോഗികൾ അവർ നൽകുന്ന പൈസയ്ക്ക് തുല്യമായ സേവനം ലഭിക്കുക എന്നത് രോഗികളുടെ അവകാശമാണ്. നഴ്സുമാരോടെന്ന പോലെ രോഗികളോടുമുള്ള കടുത്ത അവകാശ ലംഘനമാണ് ഭാരത് ഹോസ്പിറ്റൽ മാനേജ്മെന്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

മനസികപീഡനം
ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാരെക്കൊണ്ട് നിർബന്ധിച്ചു വെള്ളപേപ്പറിൽ ഒപ്പിടിച്ചു വാങ്ങിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. അതിനായി അവർ നഴ്സുമാരെ മാനസികമായി പീഡിപ്പിക്കുകയും, ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നു. ഇതുപോലെ ഒപ്പിട്ടു കൊടുക്കേണ്ടി വന്നതിനാലാണ് ഇന്ന് പലരും ഇപ്പോൾ നടക്കുന്ന സമരത്തിൽ നിന്നും പിന്മാറിയത്. ഇതിനൊരു ഉദാഹരണമാണ്, അവിടെ ജോലി ചെയ്യുന്ന നഴ്സിനെക്കൊണ്ട്, അവിടെത്തന്നെ മറ്റൊരു വിഭാഗത്തിൽ ജോലി ചെയ്യുന്ന ആ നഴ്സിന്റെ പിതാവിന്റെ ജോലി ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തി വെള്ളപേപ്പറിൽ ഒപ്പിട്ടു വാങ്ങി, സമരത്തിൽ നിന്നും പിന്തിരിപ്പിച്ചത്. കൂടാതെ ഭാരത് മാനേജ്മെന്റുകാർ അവരുടെ സ്വാധീനം ഉപയോഗിച്ച്, ജോസ്‌കോ ജൂവലറിയിൽ ജോലിചെയ്തിരുന്ന ഭാരതിലെ ഒരു നഴ്സിന്റെ ഭർത്താവിനെ ജോലി തെറുപ്പിച്ചത്. ഇങ്ങനെയൊക്കെയാണ് സുഹൃത്തുക്കളെ ഇവർ നഴ്സിങ് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.

പ്രതികാരനടപടികൾ
യുഎൻഎയിൽ അണിചേർന്നു സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അത്യാഹിതവിഭാഗങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അവരുടെ പ്രവർത്തിപരിചയമുള്ള ഡിപ്പാർട്‌മെന്റുകളിൽ നിന്നും മാറ്റി, മറ്റു ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യിപ്പിക്കുന്ന പ്രതികാരനടപടികളാണ് ഭാരത് മാനേജ്മെന്റുകൾ കൈകൊണ്ടിട്ടുള്ളത്.. ഇതുമൂലം രോഗികളുടെ ജീവന് വരെ ഭീഷണി ആയേക്കാവുന്ന വെല്ലുവിളിയാണ് ഭാരത് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കാരണം പ്രവർത്തിപരിചയം ഇല്ലാത്ത നഴ്സുമാരെയാണ് ഇവർക്ക് പകരം മാനേജ്മറ്റുകാർ അത്യാഹിതവിഭാഗങ്ങളിൽ പോലും നിയമിച്ചിട്ടുള്ളത്.. ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടത് നിങ്ങൾ പൊതുജനങ്ങൾ തന്നെയാണ്.

ഭാരത് ഹോസ്പിറ്റലിൽ നഴ്സിങ് സമരം തുടങ്ങിയ സമയത്ത് അതിനെ അടിച്ചമർത്താനായി മാനേജ്മെന്റ് പുതിയതായി എടുത്ത പ്രവർത്തിപരിചയം പോലുമില്ലാത്ത നഴ്സുമാർക്ക് നിലവിൽ 15000 രൂപയും മൂന്നുമാസം കഴിഞ്ഞ് 20000 രൂപയും നൽകാമെന്ന വാഗ്ദാനത്തിൽ ജൂനിയർ നഴ്‌സായിട്ടാണ് ഇപ്പോൾ എടുത്തിട്ടുള്ളത്.. എന്നാൽ ഇതിനിമുൻപ് ജോലിക്കു കയറിയ 3-4 വർഷം എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകൾ വെറും 6000 രൂപയ്ക്കു ട്രെയിനീ എന്ന പോസ്റ്റിൽ ആണ് അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.. ഇങ്ങനെയൊരു സാഹചര്യത്തിലും ജോലി ചെയ്യുന്ന നഴ്സുമാരുടെ മാനസികാവസ്ഥ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമല്ലോ..

ദേഹപരിശോധന
ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാർ ജോലിക്കു കയറുന്നതിനു മുൻപും അതിനു ശേഷവും ദേഹപരിശോധനയ്ക്കു വിധേയരാവണം. സ്ത്രീകൾ ആയിട്ടുള്ളവർ തന്നെയാണ് ഇത് ചെയ്യുന്നതെങ്കിലും, പരിശോധിക്കുന്നവർ അതിനിടയിൽ നഴ്സുമാരുടെ ശരീരഭാഗങ്ങളെപ്പറ്റി പറ്റി പറഞ്ഞു അവഹേളിക്കാറുണ്ട് എന്നതാണ് സത്യം.. മറ്റൊന്നാണ് ബാഗ് പരിശോധന.. നൂറു രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ അത് അവരുടെ ബുക്കിൽ എഴുതി ഒപ്പിട്ടു കൊടുക്കണം..അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇത്രയധികം പരിശോധനകളും മറ്റും നടത്താൻ ഭാരത് ഹോസ്പിറ്റലിൽ ജോലിക്കു വരുന്ന നഴ്സുമാർ പാക്കിസ്ഥാനിൽ നിന്നും വന്നവരാണോ.. എയർപോർട്ടുകളിൽ പോലും ഇത്രയും വലിയ പരിശോധന കാണാത്തില്ലല്ലോ..

കാമറ വിവാദം 
ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എല്ലാ വിഭഗങ്ങളിൽ പെട്ടവർക്കും വസ്ത്രം മാറാൻ ബേസ്‌മെന്റിൽ തന്നെയാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.. ഐസിയു ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നവർക്ക് അതിന്റെ അടുത്തായി ഒരു റൂമിലാണ് ഈ സൗകര്യം ഉള്ളത്.. ഈ റൂം ഒരു കർട്ടൻ ഉപയോഗിച്ച് രണ്ടായി തിരിച്ചിരിക്കുവാണ്.. ഒരു ഭാഗം നഴ്സുമാർക്ക് ഭക്ഷണം കഴിക്കാനും, മറുഭാഗം വസ്ത്രം മാറാനും..ഒരാൾപ്പൊക്കത്തിന് കുറച്ചു മുകളിൽ ആയിട്ട് മാത്രമേ ഈ കർട്ടണിന് ഉയരമുള്ളൂ.. കാമറ സ്ഥാപിച്ചിരിക്കുന്നത് ഭക്ഷണം കഴിക്കുന്ന ഭാഗത്താണെങ്കിൽ പോലും, കർട്ടൻ പൂർണ്ണമായും മറക്കാത്തതിനാൽ ഇപ്പുറം വസ്ത്രം മാറുന്ന ഭാഗവും ക്യാമെറയിൽ പതിയും.. ഇതുകൊണ്ട് തന്നെയാണ് നഴ്സുമാർ അവിടെ നിന്നും കാമറ മാറ്റണമെന്ന് ആവശ്യപ്പെടുന്നത്..

സമരം തുടങ്ങിയ നാളുകളിൽ ഇതിനെ പറ്റി അന്വേഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ വരുന്നതിനുമുമ്പ് ഇവർ ഒരു തെളിവും കൂടാതെ ആ കാമറ അവിടെ നിന്നും ഊരിമാറ്റിയെങ്കിലും, അവിടെ അങ്ങനെ ഒരു കാമറ ഉണ്ടായിരുന്നുവെന്ന് ഭാരത് ഹോസ്പിറ്റലിലെത്തന്നെ മറ്റൊരു മേഖലയിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫ്, അന്വേഷിക്കാൻ വന്നവരോട് വെളിപ്പെടുത്തിയിരുന്നു.. മാത്രമല്ല രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അവർ ആ കാമറ അവിടെ പുനഃസ്ഥാപിച്ചിട്ടുണ്ട്.. സ്റ്റാഫുകൾ ഭക്ഷണം കഴിക്കുന്നതും, അധികസമയം റെസ്റ്റ് എടുക്കുന്നുണ്ടോ എന്ന് മാത്രം അറിയാനായിരുന്നെങ്കിൽ, പിന്നെയെന്തിനാണ് ഇവർ പരിശോധിക്കാൻ ആളുകൾ വരുന്നതിനുമുമ്പ് ഈ കാമറ അവിടെനിന്നും ഊരിമാറ്റിയത്.. ഇവിടെയാണ് ഭാരത് മാനേജ്മെന്റിന്റെ ഉദ്ദേശശുദ്ധിയെ നഴ്സുമാർ ചോദ്യം ചെയ്യുന്നത്..

കരിങ്കാലികൾ
ഭാരത് ഹോസ്പിറ്റലിലെ കരിങ്കാലികളിൽ പ്രമുഖയാണ് അവിടത്തെ നഴ്സിങ് സൂപ്രണ്ട് ആയിട്ടുള്ള മിനി എന്ന കാര്യം എല്ലാവര്ക്കും അറിയാം.. മാനേജ്‌മെന്റുകൾക്ക് വേണ്ടി സ്വന്തം വർഗത്തിൽപ്പെട്ട ഒരു നഴ്സിനെ തല്ലുകയും, നഴ്സുമാരുടെ ശക്തമായ പ്രക്ഷോപത്തിന് മുൻപിൽ മുട്ടുകുത്തി മാപ്പു പറയുകയും ചെയ്തുവെങ്കിലും, ഇപ്പോഴും അവർ തന്റെ യജമാനസ്നേഹം കളയാത്തൊരു വാലാണ്.