കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിൽ യുഎൻഎയിൽ അംഗത്വമെടുത്ത നഴ്‌സുമാരോടുള്ള പ്രതികാര നടപടിയായി അവരെ പുറത്താക്കിയ ാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. സമരക്കാരെ അവഹേളിക്കാനും അപമാനിക്കാനും മാത്രമായി മാനേജ്‌മെന്റ് ചില ശിങ്കിടികളെയും ഇറക്കിയിട്ടുണ്ട്. നഴ്‌സുമാരെ ആശുപത്രിയുടെ പുറത്തു നിർത്തി ഗേറ്റ് പൂട്ടിയ ശേഷം സമരം നടത്തുന്ന നഴ്‌സുമാർക്ക് നേരെ പാന്റ്‌സിന്റെ സിബ് അഴിച്ചു കാണിച്ചാണ് മാനേജ്‌മെന്റ് പ്രതിനിധി പ്രതികാരം തീർത്തത്. ഈ വീഡിയോ പകർത്തിയ നഴ്‌സുമാർ സോഷ്യൽ മീഡിയയിൽ ഇത് പോസ്റ്റു ചെയ്യുകയും ചെയ്തു.

ഭാരത് ആശുപത്രിയിലെ അക്കൗണ്ട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ബാബു എന്നയാളാണ് നഴ്‌സുമാർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു രംഗത്തെത്തിയത്. പാന്റ്‌സിന്റെ സിബ് അഴിച്ചു കാണിക്കുന്ന വിധത്തിലായിരുന്നു ഇയാളുടെ പ്രവർത്തി. ഇത് കണ്ട് നഴ്‌സുമാർ ഉടൻ തന്നെ പ്രതികരിക്കുന്നതും യുഎൻഎ പുറത്തുവിട്ട വീഡിയോയിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഎൻഎ എൻആർഐ സപ്പോട്ടേഴ്‌സ് പേജിലൂടെ വീഡിയോ പുറത്തുവന്നതോടെ നഴ്‌സുമാരുടെ പ്രതിഷേധം ഇരമ്പുകയാണ്.

നഴ്‌സുമാർക്കു നേരെ അശ്ലീലം കാണിച്ച ബാബു 22 ഫീമെയ്ൽ കോട്ടയത്തിലെ നഴ്‌സുമാരുടെ മിടുക്ക് ഓർക്കുന്നത് നല്ലതാണെന്ന മുന്നറിയിപ്പാണ് നഴ്‌സുമാർ നൽകിയത്. ''ബാബു സാറേ വീട്ടിൽ ബെഡ്‌റൂമിലും ബാത്‌റൂമിലും കാണിക്കേണ്ടത് കുടുംബത്തിൽ പിറന്ന ഞങ്ങളുടെ സഹോദരിമാരെ നേരെ അല്ല കാണിക്കേണ്ടത്... ചെത്തി വല്ല കാക്കക്കും ഇട്ടു കൊടുക്കും യുഎൻഎയുടെ പിള്ളേർ''- എന്നാണ് വീഡിയോയിലെ കമന്റ്. മാനേജ്‌മെന്റ് പ്രതിനിധിയായ ഇയാൾ യാതൊരു ബഹുമാനവും അർഹിക്കുന്നില്ലെന്നും യുഎൻഎ പ്രതിനിധികൾ പറുന്നു.

സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പിരിച്ചു വിട്ട ഒൻപത് നഴ്‌സുമാരെ തിരിച്ചെടുക്കില്ലെന്ന കടുത്ത നിലപാടിലാണ് മാനേജ്‌മെന്റ്. ഇതോടെയാണ് ഇവിടെ നഴ്‌സുമാർ വീണ്ടും സമരം തുടങ്ങിയത്. കരാർ കാലാവധി അവസാനിച്ചതിനാൽ, നഴ്‌സുമാരെ തിരിച്ചെടുക്കില്ലെന്ന ന്യായമാണ് ഉന്നയിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് നഴ്‌സുമാർ പറയുന്നു. ആശുപത്രിയിൽ നടന്ന ആദ്യഘട്ടസമരത്തെ തുടർന്നാണ് കഴിഞ്ഞ മാസം ഒരു നഴ്‌സിങ് ജീവനക്കാരിയെ കാരണമില്ലാതെ മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. തുടർന്ന് 8 പേരെ കൂടി പിരിച്ചുവിടുകയായിരുന്നു.

അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങളിൽ നിന്ന് വിട്ടു നിന്നുകൊണ്ടാണ് നഴ്‌സുമാരുടെ സമരം. സമരത്തിൽ ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ, സമരം ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം. പ്രശ്‌നത്തിൽ ലേബർ കമ്മീഷണർ ഇടപെടണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഇതിനൊപ്പം നിരവധി പ്രശ്നങ്ങൾ ഉണ്ട്. വസ്ത്രം മാറ്റാനുള്ള റൂമിൽ പോലും ക്യാമറകളുണ്ട്. ഇതിന്റെ പേരിലാണ് നേരത്തെ സമരം നടത്തിയത്. എന്നാൽ ഒത്തുതീർപ്പായിട്ടും ഇതൊന്നും മാറിയില്ല. മാനേജ്മെന്റ് തോന്നിയതു പോലെയാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും അപ്പോയിന്റ്മെന്റ് ലെറ്റർ നൽകുക, ഭക്ഷണം കഴിക്കാൻ അനുവദിക്കുക, നൈറ്റ് ഡ്യൂട്ടികളുടെ എണ്ണം ഏഴായി നിജപ്പെടുത്തുക, ഡ്യൂട്ടി റോസ്റ്ററുകളുടെ ഒരുമാസം മുമ്പേ നൽകുക എന്നിവയാണ് ഇവർ ഉയർത്തുന്ന പ്രശ്നം. തോറ്റ് കൊടുക്കാൻ തുടങ്ങിയാൽ ചിവിട്ടി കയറാൻ നിരവധി പേർ ഉണ്ടാകും. ഈ സാഹചര്യത്തിലാണ് നേഴ്സുമാരുടെ സമരം.