കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള നഴ്‌സുമാരുടെ സമരത്തെ അടിച്ചമർത്താൻ പൊലീസിനെ കൂട്ടുപിടിച്ച് ആശുപത്രി അധികൃതർ. പ്രതിഷേധ സമരം നടത്തിയ യുഎൻഎയുടെ നേതൃത്വത്തിലുള്ള നഴ്‌സമാരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. പ്രതിഷേധിക്കുന്നവരെ അറസ്റ്റു ചെയ്തു നീക്കി. സമാധാന പരമായി സമരം നടത്തുകയായിരുന്ന നഴ്‌സുമാർക്ക് നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ആശുപത്രികളിൽ നഴ്‌സുമാർ കരിദിനം ആചരിക്കും.

ഭാരത് ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ആശുപത്രിയിലേക്ക് ആയിരത്തിലേറെ നഴ്‌സുമാരാണ് സമരം നടത്തിയത്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) നേതൃത്വത്തിൽ രൂപവത്കരിച്ച സമരസഹായ സമിതി നേതൃത്വത്തിലാണ് മാർച്ച്. പിരിച്ചുവിട്ട ഏഴ് നഴ്‌സുമാരെ തിരിച്ചെടുക്കുക, കരാർ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓഗസ്റ്റ് ഏഴു മുതലാണ് സമരം ആരംഭിച്ചത്. തൊഴിൽ വകുപ്പ് വിളിച്ചിട്ടും മാനേജ്മന്റെ് ചർച്ചക്ക് തയാറായില്ലെന്നും കൂടുതൽ പേരെ പിരിച്ചുവിടുകയായിരുന്നുെവന്നും യു.എൻ.എ ഭാരവാഹികൾ ആരോപിച്ചു.

നഴ്‌സുമാരെ അനാവശ്യമായി മാനേജ്മന്റെ് വേട്ടയാടുകയാണ്. സമരം പൊളിക്കാൻ ആശുപത്രി മാനേജ്മന്റെ് നിരന്തരം പരിശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. രാവിലെ 11ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് പ്രകടനം ആരംഭിച്ചത്. ആശുപത്രി പരിസരത്ത് വെച്ച് സമരത്തെ പൊലീസ് തടയുകയായിരുന്നു. കരാർ കാലാവധി കഴിഞ്ഞുവെന്ന് കാട്ടി കൂടുതൽ നഴ്സുമാർക്ക് നോട്ടീസ് നൽകി വരികയാണ് മാനേജ്മെന്റ്. ആശുപത്രിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമരം ചെയ്തതിന്റെ പ്രതികാരമെന്ന നിലയിലാണ് നഴ്‌സുമാർക്കെതിരെ മാനേജമെന്റെ നടപടിയെടുത്തത്.

യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌നെ അടക്കം പന്ത്രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ്, സംസ്ഥാന കമ്മിറ്റി അംഗം സാലിഹ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുനീഷ് , ഭാരത് യൂണിറ്റ പ്രസിഡന്റ് അശ്വതി സെക്രട്ടറി ശ്രുതി, ലീസ്സു മൈക്കിൾ തുടങ്ങിയവരെ ആണ് അറസ്റ്റ് ചെയ്തത്. ഭാരത് ആശുപത്രിയിൽ നഴ്‌സുമാർക്ക് നേരെയുണ്ടായ ലാത്തിച്ചാർജ് അടക്കമുള്ള കിരാത നടപടികളിൽ പ്രതിഷേധിച്ചാണ് യു.എൻ എ സംസ്ഥാന വ്യാപകമായി നാളെ കരിദിനം ആചരിക്കുന്നത്.

കരാർ കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചുവിടൽ നടപടിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ആശുപത്രിക്കെതിരെ സമരം ചെയ്തതിൻെ്റ പേരിലുള്ള പ്രതികാരനടപടിയാണ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് നഴ്സുമാർ പറയുന്നു. ഇത്തരമൊരു കരാർ തങ്ങളോട് ഇതിന് മുൻപ് മാനേജ്മെന്റ് പറഞ്ഞിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ശമ്പളവർധനവ്, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ട് മുമ്പ് ആശുപത്രിയിലെ നഴ്സുമാർ ജോലിയിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇതിന് നേതൃത്വം നൽകിയവരിൽ ചിലരെയാണ് നിലവിൽ ആശുപത്രിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. സമരത്തിന് പിന്തുണയറിയിച്ച് രക്ഷകർത്താക്കളും ഇന്നലെ മുതൽ രംഗത്തുണ്ട്.

ഇതിനിടെ സമരം ചെയ്യുന്ന നഴ്‌സുമാരുടെ പേരിൽ കേസുകൾ കൊടുത്ത്, ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമവും മാനേജ്‌മെന്റ് ശ്രമം നടത്തിയത്. ആശുപത്രിക്ക് മുന്നിലെ ഗതാഗതം തടസ്സപ്പെടുത്തുന്നു, ഡോക്ടർമാരേയും മറ്റ് നഴ്‌സുമാരേയും ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ നിരവധി പരാതികളാണ് സമരത്തിൽ പങ്കെടുക്കാത്ത നഴ്‌സുമ്മാരെ ഉപയോഗിച്ച് കൊടുത്തിരിക്കുന്നത്. ആശുപത്രിയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ മാധ്യമങ്ങൾ വഴി പ്രചരണം നടത്തിയെന്ന് ആരോപിച്ച് യുഎൻഎ നേതാക്കൾക്ക് വക്കീൽ നോട്ടീസും അയച്ചിരുന്നു.

യുഎൻഎ ആരംഭിച്ചത് മുതൽ മാനേജ്‌മെന്റ് യുഎൻഎ നഴ്‌സുമ്മാർക്കെതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയായിരുന്നു. ഇതോടെയാണ് ശക്തമായ നിലപാടുമായി സംഘടന വിഷയത്തിൽ ഇടപെട്ടതും. മാനേജ്‌മെന്റ് സമരം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമാക്കിയ ഇതിനെ മാറ്റുമെന്നും യുഎൻഎ സംസ്ഥാന വക്താക്കൾ വ്യക്തമാക്കുകയുണ്ടായി.

ആശുപത്രിയിലെ എച്ച് ആർ ജീവനക്കാരൻ സമരപ്പന്തലിന് മുന്നിലെത്തി അസഭ്യമായ പ്രദർശനം നടത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നഴ്‌സുമ്മാരായ പെൺകുട്ടികൾക്ക് മുമ്പിൽ സിബ്ബ് ഊരിക്കാണിച്ചുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. വലിയ പ്രതിഷേധത്തെത്തുടർന്ന് അസഭ്യ പ്രദർശനം നടത്തിയ എച്ച് ആർ ജീവനക്കാരൻ ബാബൂവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.