കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തിയ നഴ്സുമാരെ മാനേജ്മെന്റ് പിരിച്ചുവിട്ടു. അനി്ശ്ചിതകാല സമരം നടത്തിവന്ന 60 നഴ്സുമാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. സമരം അൻപതു ദിവസം പിന്നിടുന്ന ദിവസമാണ് മാനേജ്മെന്റ് കൂട്ടപ്പിരിച്ചുവിടൽ

കരാർ അവസാനിച്ചു എന്ന കത്ത് നൽകിയാണ് ആശുപത്രിയിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന നഴ്സുമാരെപ്പോലും പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെ നഴ്സുമാരും യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമാണ് സമരം നടത്തിവന്നത്. സമരം നാൽപ്പത് ദിവസം തികഞ്ഞ ദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുഎൻഎ പ്രവർത്തകർ നടത്തിയ പ്രകടനം കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം പൊലീസ് തടയുകയും ബലപ്രയോഗം നടത്തുകയും ചെയ്തിരുന്നു.

കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടിട്ടുള്ള നഴ്സുമാരുടെ കരാർ കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചു വിട്ടതെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ ന്യായം. എന്നാൽ മാനേജ്മെന്റിന്റെ നടപടി അന്യായമാണെന്നും അത്തരത്തിലൊരു കരാർ തന്നെ നിലവിലുണ്ടോ എന്ന കാര്യം ഇതേവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും സമരക്കാർ പറയുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ യൂണിറ്റ് രൂപീകരിക്കുകയും സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തതിന്റെ പ്രതികാര നടപടിയാണ് വ്യക്തമായ കാരണം കാണിക്കാതെയുള്ള പിരിച്ചുവിടലെന്നും സമരത്തിന് നേതൃത്വം നൽകുന്നവർ പറയുന്നു.

ഒരു വർഷം മുതൽ അഞ്ച് വർഷം വരെ സർവീസ് ഉണ്ടായിരുന്ന നഴ്സുമാരെയാണ് മാനേജ്മെന്റ് പിരിച്ചുവിട്ടിരിക്കുന്നത്. അസോസിയേഷൻ യൂണിറ്റ് രൂപീകരിക്കാൻ നേതൃത്വം നൽകിയ പലർക്കുമെതിരെയാണ് നടപടി. വേതന വർധനവും മറ്റ് അവകാശങ്ങളും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടാകെ അസോസിയേഷൻ നടത്തിയ സമരം വിജയമായിരുന്നു. ഒടുവിൽ സർക്കാരുമായി നടത്തിയ ചർച്ചയിൽ വേതന വർധനവ് നടപ്പാക്കാമെന്ന് ആശുപത്രി മാനേജ്മെന്റുകൾ സമ്മതിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സമരം നടത്തിയതിന്റെ പേരിൽ നഴ്സുമാർക്കെതിരെ ആശുപത്രി മാനേജ്മെന്റുകൾ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ ആ വാക്കുകൾക്കൊന്നും ഒരു വിലയും ഭാരതിന്റെ മാനേജ്മെന്റ് കൽപ്പിച്ചില്ല. ആദ്യം രണ്ട് പേരെ പുറത്താക്കി. പിന്നീട് ഏഴ് പേർക്കെതിരെയും നടപടി വന്നു. കരാർ കാലാവധി കഴിഞ്ഞു എന്ന് മാത്രമാണ് പിരിച്ചുവിടൽ നോട്ടീസിലുള്ളത്.

ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് തന്നെ ഒന്നുമെഴുതാത്ത മുദ്രപത്രം ഒപ്പിട്ടുവാങ്ങുന്നുണ്ടെന്നാണ് നഴ്സുമാർ പറയുന്നത്. എല്ലാ വർഷവും ഇത് ആവർത്തിക്കും. അതിൽ എന്താണ് എഴുതുന്നതെന്നോ എന്താണ് കരാറെന്നോ അറിയില്ലെന്നാണ് നഴ്സുമാർ പറയുന്നത്. ഒമ്പത് നഴ്സുമാരെ പുറത്താക്കിയതായി നോട്ടീസ് നൽകിയപ്പോഴാണ് ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി മാനേജ്മെന്റിനെ സമീപിച്ചത്. തുടർന്ന് ലേബർ ഓഫിസ് വഴി ശ്രമിച്ചിട്ടും പരിഹാരം ഉണ്ടാകാത്തതിനെത്തുടർന്നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്.