തിരുവനന്തപുരം: ആറാമത് ആഗോള ആയുര്‍വേദ ഉച്ചകോടിക്കും 11 ാമത്തെ കേരള ഹെല്‍ത്ത് ടൂറിസം പതിപ്പിനും ഈ വരുന്ന ഓഗസ്റ്റ് 29, 30 തീയതികളില്‍ എറണാകുളം അങ്കമാലി അഡല്ക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് ആഗോള ആയുര്‍വേദ ഉച്ചകോടി ചെയര്‍മാന്‍ ഡോ. സജി കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഗോള ഹെല്‍ത്ത് ടൂറിസത്തില്‍ കേരളം മികച്ച ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഇത്തരമൊരു ഉച്ചകോടി കേരളത്തെ ആഗോള മെഡിക്കല്‍ വാല്യൂ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതിനു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, ആയുഷ് മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ആഗോളതലത്തില്‍ ആയുര്‍വേദമെന്ന പൗരാണിക ചികിത്സാ രീതി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ്. ആയുര്‍വേദത്തിന്റെ അനവധി അവസരങ്ങള്‍ ഉപയോഗിക്കുന്നതിനും ഭാവിയിലെ അതിന്റെ എണ്ണമറ്റ സാദ്ധ്യതകളെക്കുറിച്ചു തല്പരരായവര്‍ക്ക് ആശയ വിനിമയം നടത്തുന്നതിനും അവരുടെ സംരംഭക ആശയങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിനും ഈ ഉച്ചകോടി അവസരം ഒരുക്കും. ബ്രാന്‍ഡിംഗ്, ഗവേഷണം, നിര്‍മിത ബുദ്ധി, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയിലൂടെ ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്നതാണ് ഉച്ചകോടിയുടെ തീം.

80 ഓളം പ്രദര്‍ശകരും 3000 വാണിജ്യ സന്ദര്‍ശകരും ഉച്ചകോടിയില്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് കേരള ഹെല്‍ത്ത് ടൂറിസം ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡന്‍ പിള്ളപറഞ്ഞു. ഒമാന്‍, ബംഗ്ലാദേശ്, സ്വിറ്റ്‌സര്‍ലന്‍ഡ്, റഷ്യ, ഫ്രാന്‍സ്, കെനിയ, ടാന്‍സാനിയ, ശ്രീലങ്ക, ചെക്ക് റിപ്പബ്ലിക്, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

വിദഗ്ദ്ധരുടെയും, ചിന്തകരുടെയും, നേതാക്കളുടെയും ഒരു സംഗമ വേദിയാകും ഈ ഉച്ചകോടി. മെഡിസില്‍ വാല്യൂ ടൂറിസം, ആയുര്‍വേദത്തിന്റെ നവീകരണം, ഗവേഷണം, സ്റ്റാര്‍ട്ടപ്പ് അവസരങ്ങള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണി തുടങ്ങി നിരവധി സാധ്യതകള്‍ ഉച്ചകോടിയുടെ ഭാഗമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹെല്‍ത്ത് കെയര്‍ ടൂറിസത്തില്‍ കേരളം ഒരു ജനപ്രീയ ലക്ഷ്യസ്ഥമാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍, മികച്ച പ്രൊഫഷണലുകളുടെ സേവനം, ചിലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണം, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കേരളത്തെ ആഗോളതലത്തില്‍ ജനപ്രീയമാക്കുന്ന ഘടകങ്ങളാണ്. ഈ സാധ്യതകളും അവസരങ്ങളും ഉച്ചകോടിയുടെ മുഖ്യ വിഷയമാകും.

കേരള ഹെല്‍ത്ത് ടൂറിസത്തെ ആഗോള തലത്തില്‍ ബന്ധിപ്പിക്കല്‍, അതിന്റെ വളര്‍ച്ച, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍, ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി,

ടെലിഹെല്‍ത്ത് ആന്‍ഡ് ടെലിമെഡിസിന്‍, അണുബാധ തടയല്‍, കാര്‍ഡിയാക് സയന്‍സസ് ന്യൂറോ സയന്‍സസും, ആരോഗ്യ സംരക്ഷണത്തില്‍ സുസ്ഥിരമായ നവീകരണം, അന്തര്‍ദേശീയ രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മെഡിക്കല്‍ ടൂറിസത്തിന് അനുകൂലമായ ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുക തുടങ്ങിയ അനവധി വിഷയങ്ങള്‍ ഈ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കേരള ഹെല്‍ത്ത് കെയര്‍ പാനല്‍ ഭാരവാഹികളായ ഡോ പി വി ലൂയിസ്, ഡോ രഞ്ജിത്ത് കൃഷ്ണന്‍, ഡോ ജോര്‍ജ് ചാക്കഞ്ചേരി, ആയുര്‍വേദ പാനല്‍ ഭാരവാഹികളായ ഡോ യദു നാരായണന്‍ മൂസ്, ഡോ ജസീല ടി ബുഖാരി, എ വി അനൂപ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.