- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എന്‍.എ.എസ്.എല്‍ 2024: ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന് ഫോര്‍ ദി സ്റ്റഡി ഓഫ് ലിവറിന്റെ വാര്‍ഷിക ശാസ്ത്രസമ്മേളനം കൊച്ചിയില്‍
കൊച്ചി, 26-07-2024: ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന് ഫോര്‍ ദി സ്റ്റഡി ഓഫ് ലിവറിന്റെ മുപ്പത്തിരണ്ടാം വാര്‍ഷിക ശാസ്ത്രസമ്മേളനത്തിന് കൊച്ചി വേദിയാകുന്നു. "കരള്‍രോഗശാസ്ത്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നു" എന്നതാണ് ഇത്തവണത്തെ പ്രമേയം. ഓഗസ്റ്റ് 7 മുതല്‍ 10 വരെ ലെ മെരിഡിയനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ അന്തര്‍ദേശീയതലത്തില്‍ നിന്നുള്ള വിദഗ്ദരായ ഇരുന്നൂറോളം പാനല്‍ അംഗങ്ങളും 1500ലധികം കരള്‍രോഗ ചികിത്സയിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ്കണക്കാക്കുന്നത്. ആദ്യമായി ഐ.എന്‍.എ.എസ്.എലിന് വേദിയാകുന്നതിലൂടെ കേരളത്തിലെ കരള്രോഗചികിത്സാ രംഗത്തും വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്ററോളജിയുടെ കേരള ചാപ്റ്റര്‍, കൊച്ചിന് ഗട്ട് ക്ലബ്, കൊച്ചിന് ലിവര്‍ ക്ലബ്, കൊച്ചി ലിവര്‍ ട്രാന്സ്പ്ലാന്റേഷന് സൊസൈറ്റി എന്നിവര്‍സംയുക്തമായാണ് ഐ.എന്‍.എ.എസ്.എല്‍ 2024 സംഘടിപ്പിക്കുന്നത്. കരള്‍രോഗങ്ങളെയും ചികിത്സയെയും സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ സമഗ്രമായി ചര്‍ച്ചചെയ്യപ്പെടുന്ന വേദിയാകും സമ്മേളനം. ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന നൂതനമാറ്റങ്ങളും അവതരിപ്പിക്കും.
ജപ്പാന്, അമേരിക്ക, കാനഡ, ഡെന്മാര്ക്ക്, ബെല്‍ജിയം, ഇറ്റലി, ശ്രീലങ്ക, സിംഗപ്പൂര്‍, നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിഖ്യാത വിദഗ്ധര്സമ്മേളനത്തില് സംസാരിക്കും. പ്ലീനറി സെഷന്, യങ് ഇന്‍വെസ്റ്റിഗേറ്റര്‍ സെഷന്, പോസ്റ്റര്‍ സെഷന് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 65ഓളം പ്രബന്ധങ്ങളുംഅവതരിപ്പിക്കും.
പ്രവചിക്കാവുന്നതും പ്രതിരോധിക്കാവുന്നതുമായ കരള്‍ രോഗങ്ങള്‍, കരള്‍ മാറ്റിവെയ്ക്കല്‍, മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങള്‍, വൈറല്‍ ഹെപ്പറ്റൈറ്റിസ്, കരള്‍രോഗങ്ങള്‍ കാരണം ദഹനപ്രക്രിയയിലുണ്ടാകുന്ന തകരാറുകള്‍, വൃക്കകള്‍ക്കുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങള്‍, വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യം, ഓട്ടോഇമ്മ്യൂണ്‍ കരള്‍ രോഗങ്ങള്‍ എന്നിങ്ങനെ സുപ്രധാനമായ നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കരള്‍രരോഗ ചികിത്സയിലെ ഓരോ രോഗസാഹചര്യങ്ങളും പ്രത്യേകം പരിശോധിച്ചുള്ള ചര്‍ച്ചകളും ചികിത്സയിലെ അത്യാധുനിക കണ്ടുപിടുത്തങ്ങളും പ്രധാന വിഷയമാണ്. ഏറ്റവും പുതിയ കരള്‍രോഗ ചികിത്സാമാര്‍ഗങ്ങളായിരിക്കും സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രമെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ മുതിര്‍ന്ന കരള്‍രോഗ വിദഗ്ധന്‍ ഡോ. ചാള്സ്പനക്കല് പറഞ്ഞു. ഐ.എന്‍.എ.എസ്.എല്‍ 2024 ന്റെ സംഘാടക സെക്രട്ടറിയാണ് അദ്ദേഹം. കരള്‍രോഗങ്ങളെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പുതിയചികിത്സാരീതികള് അവലംബിക്കുന്നതിനും സമ്മേളനം ഉണര്‍വുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് കരള്‍ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ഒരു സാമൂഹികപദ്ധതിയെന്ന നിലയില്‍ "വെല്‍കോണ്‍" എന്ന പ്രത്യേക കണ്‍വെന്‍ഷനും നടക്കും. കരളിനെ കുറിച്ചുള്ള വസ്തുതകളും തെറ്റിദ്ധാരണകളും കണ്വെന്ഷന് വിശകലനം ചെയ്യും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി സമ്മേളനത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 7ന് രാവിലെ 9:30 നും 12:30നും ഇടയില്‍ കൊച്ചി ലെ മെരിഡിയനിലുള്ള സി.എസ്.എം ഹാളില്‍ എത്തണം. https://docs.google.com/forms/d/e/1FAIpQLScH56cntOpyiLd6Y3tcDDXvxTwiKZV1pSuX_d2HHQAjfCuazQ/viewform എന്ന ലിങ്കിലും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയിലെ സ്കൂളുകളില്‍ കരളിന്റെ ആരോഗ്യത്തെ കുറിച്ചുള്ള പ്രത്യേക ബോധവത്കരണക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. കരള്‍രോഗ വിദഗ്ധരും നുട്രീഷനിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ ക്ളാസുകള്‍ നയിക്കും. കരളിന്റെ ആരോഗ്യത്തെക്കുറിച്ചും സാധാരണ കണ്ടുവരുന്ന കരള്‍ രോഗങ്ങളെക്കുറിച്ചുംഅവയ്ക്കുള്ള പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.
ഐ.എന്‍.എ.എസ്.എല്‍ 2024 ന്റെ സംഘാടക അധ്യക്ഷന്‍ ഡോ. ജി.എന്‍. രമേശ് (സീനിയര്‍ കണ്‍സല്‍ട്ടന്റ്, ഗ്യാസ്ട്രോഎന്ററോളജി, ആസ്റ്റര്‍ മെഡ്സിറ്റി), സംഘാടക സെക്രട്ടറിഡോ. ചാള്‍സ് പനക്കല്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, ഹെപറ്റോളജി, ആസ്റ്റര്‍ മെഡ്സിറ്റി), ഐ.എം.എ റിസര്‍ച്ച് സെല്‍ ചെയര്മാന് ഡോ. രാജീവ് ജയദേവന് എന്നിവര്‍, എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന മാധ്യമസമ്മേളനത്തില്‍ സംസാരിച്ചു.
സമ്മേളനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.inasl2024kochi.com സന്ദര്‍ശിക്കാം.