കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുണ്ടായ സമാനതകളില്ലാത്ത ദുരിതത്തെ തുടര്‍ന്ന് എല്ലാം നഷ്ടമായവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുക. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് വീട് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും ഒരുക്കി നല്‍കുന്നതില്‍ സംഘടന സജീവമായി തന്നെ ഇടപെടും. ഇക്കാര്യം അറിയിച്ചും നിലവിലെ രക്ഷാപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും പിന്തുണയറിയിച്ചും കാന്തപുരം മുഖ്യമന്ത്രി യുമായി ആശയവിനിമയം നടത്തി. മര്‍കസിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട സഹായം ഇതിനകം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ദുരന്തമുഖത്തും ചാലിയാര്‍ തീരങ്ങളിലും നിലമ്പൂരിലെയും മേപ്പാടിയിലെയും ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സേവന രംഗത്ത് സജീവമാണെന്നും പ്രദേശത്തിന്റെ ഭാവി പുനരധിവാസത്തില്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കുമെന്നും കാന്തപുരം മുഖ്യമന്ത്രിയെ അറിയിച്ചു.