തിരുവനന്തപുരം: സംവിധായകന്‍ പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ പത്മരാജന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പത്മരാജന്റെ അപരനിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടന്‍ ജയറാമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

മികച്ച സംവിധായകനും തിരക്കഥയ്ക്കുമുളള അവാര്‍ഡ് 'ആട്ടം' സ്വന്തമാക്കി. സംവിധായകന്‍ ആനന്ദ് ഏകര്‍ഷിക്കാണ് അവാര്‍ഡ്. നോവല്‍ പുരസ്‌കാരം ജി.ആര്‍. ഇന്ദുഗോപന്റെ 'ആനോ' യും ചെറുകഥാപുരസ്‌കാരം ഉണ്ണി. ആറിന്റെ അഭിജ്ഞാനവും സ്വന്തമാക്കി. മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള 'എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടെയില്‍സ് ഓഫ് ഇന്ത്യ' അവാര്‍ഡ് എം.പി. ലിപിന്‍ രാജിന് സമ്മാനിച്ചു. ലിപിന്‍ രാജിന്റെ ആദ്യ നോവലായ 'മാര്‍ഗരീറ്റ' ആണ് അവാര്‍ഡിനര്‍ഹമായത്.

ബോയിംഗ് വിമാനത്തിന്റെ ടെയിലിന്റെ ആകൃതിയില്‍ ക്രിസ്റ്റലില്‍ രൂപകല്പന ചെയ്ത അവാര്‍ഡ് ശില്പവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഇഷ്ടമുളള ഡെസ്റ്റിനേഷനിലേക്ക് പറക്കാനുളള ടിക്കറ്റുമടങ്ങുന്നതാണ് 'എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടെയില്‍സ് ഓഫ് ഇന്ത്യ' അവാര്‍ഡ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഓരോ വിമാനത്തിനും സവിശേഷമായ ടെയില്‍ ആര്‍ട്ടാണുളളത്. എക്‌സ്പ്രസ്സിന്റെ ഏറ്റവും പുതിയ ബോയിഗ് വിമാനങ്ങളിലൊന്നായ VT- BXA യുടെ ടെയിലാര്‍ട് ഗുജറാത്തിലെ 'ബാന്ദിനി' വസ്ത്ര ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുളളതാണ്. ഇതേ മാതൃകയിലാണ് അവാര്‍ഡ് ശില്പവും.

കേരളത്തിലെ പറന്നുയരുന്ന യുവ എഴുത്തുകാര്‍ക്ക് ഒരു പ്രോത്സാഹനമെന്ന നിലയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഏര്‍പ്പെടുത്തിയതാണ് 'എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടെയില്‍സ് ഓഫ് ഇന്ത്യ' അവാര്‍ഡ്. എല്ലാ വര്‍ഷവും പത്മരാജന്‍ അവാര്‍ഡുകള്‍ക്കൊപ്പം എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കാണ് ഈ അവാര്‍ഡ് നല്‍കുക.

ചലച്ചിത്രപുരസ്‌കാരങ്ങള്‍ ശ്യാമപ്രസാദിന്റെ നേതൃത്വത്തിലുള്ള ജൂറിയും സാഹിത്യ പുരസ്‌കാരങ്ങള്‍ വി.ജെ. ജെയിംസിന്റെ നേതൃത്വത്തിലുള്ള ജൂറിയുമാണ് നിര്‍ണയിച്ചത്.

നൊസ്റ്റാള്‍ജിയ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പത്മരാജന്റെ തിരക്കഥയായ ദേശാടന കിളി കരയാറില്ലയുടെ പുതിയ പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.