- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങള്‍ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം

കൊച്ചി: പുറത്തേ കാഴ്ചകള്‍ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യനിലവാരം കൃത്യമായി വെളിപ്പെടുത്തുന്ന ഒരു ജാലകം കൂടിയായി ഇനി കണ്ണുകള്‍ മാറും. കണ്ണിലെ റെറ്റിന പരിശോധിച്ച് ഹൃദയാഘാതവും പക്ഷാഘാതവും വൃക്ക രോഗങ്ങളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന എഐ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിലൂടെ കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ളൈ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ആരോഗ്യമേഖലയിലെ മികവിനുള്ള പ്രശസ്തമായ 'എല്‍സെവിയര്‍ റൈസ്' (Elsevier RAISE) പുരസ്‌കാരം ഇദ്ദേഹത്തെ തേടിയെത്തിയത് ഈ വിപ്ലവകരമായ നേട്ടത്തിനുള്ള അംഗീകാരമായാണ്.
മനുഷ്യശരീരത്തിലെ രക്തക്കുഴലുകളും നാഡികളും യാതൊരു ശസ്ത്രക്രിയയും കൂടാതെ നേരിട്ട് കാണാന്‍ കഴിയുന്ന ഏക ഭാഗമാണ് റെറ്റിന. ഈ സവിശേഷതയെ എഐയുമായി ബന്ധിപ്പിച്ചാണ് 'Reti AI' എന്ന സാങ്കേതികവിദ്യ ഡോ. ഗോപാല്‍ എസ് പിള്ളൈയും സംഘവും രൂപപ്പെടുത്തിയത്. റെറ്റിനയുടെ ഫോട്ടോകള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് കൃത്യമായി ഇതിലൂടെ പ്രവചിക്കുന്നു. രാജ്യമെമ്പാടുമുള്ള നിരവധി എന്‍ട്രികളില്‍ നിന്ന് 'എത്തിക്കല്‍ ക്ലിനിക്കല്‍ എഐ' വിഭാഗത്തിലാണ് ഈ പ്രോജക്റ്റ് ഒന്നാമതെത്തിയത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. രാജേഷ്. ടി., ഡോ. വിവേക് നമ്പ്യാര്‍, ഡോ. മെറിന്‍ ഡിക്സണ്‍, ഡോ. നാഗേഷ് സുബ്ബണ്ണ, ഡോ. ഐശ്വര്യ. എ., രാഹുല്‍, അഞ്ജന എന്നിവര്‍ പ്രൊജക്ടില്‍ അംഗങ്ങളായി.
പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തതാണ് ഈ സാങ്കേതികവിദ്യ. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പേ തന്നെ വരാനിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയാനും, കൃത്യസമയത്ത് ചികിത്സ തേടി വലിയ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാനും ഈ കണ്ടുപിടുത്തം സഹായിക്കുന്നു. കേവലം ഒരു സാങ്കേതിക കണ്ടുപിടുത്തം എന്നതിലുപരി, ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതാണ് ഈ സംവിധാനത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
നിര്‍മ്മിത ബുദ്ധി ആരോഗ്യമേഖലയില്‍ മനുഷ്യനന്മയ്ക്കായി എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിന്റെ ഉത്തമ മാതൃകയാണ് ഈ കണ്ടു പിടുത്തം.


