- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം
ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ഉത്തര്‍പ്രദേശ് സ്വദേശിനിയും നിലവില്‍ പൂപ്പാറ താമസവുമായ പിങ്കി (19)യാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിങ്കിയെ ബന്ധുക്കള്‍ പൂപ്പാറയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചിരുന്നു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി പിങ്കിയെ തമിഴ്‌നാട് തേനി മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ശാന്തന്‍പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി.
ആംബുലന്‍സ് പൈലറ്റ് ശ്രീകുമാര്‍ വി.ആര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രിയ ഇ.ഡി എന്നിവര്‍ ക്ലിനിക്കില്‍ എത്തി പിങ്കിയുമായി തേനി മെഡിക്കല്‍ കോളേജിലേക്ക് യാത്രതിരിച്ചു. ആംബുലന്‍സ് തമിഴ്‌നാട് ബോഡിമേട്ട് എത്തിയപ്പോള്‍ പിങ്കിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രിയ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലന്‍സില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.
11 മണിയോടെ പ്രിയയുടെ പരിചരണത്തില്‍ പിങ്കി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രിയ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇവര്‍ക്ക് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് ശ്രീകുമാര്‍ ഇരുവരെയും തേനി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.