തിരുവനന്തപുരം: വീട്ടില്‍ പ്രസവിച്ച അതിഥിതൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയും നിലവില്‍ കരമന തമലത്ത് താമസവുമായ ബുദ്ധ ദേവദാസിന്റെ ഭാര്യയുമായ കബിത (26) ആണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

വിവരമറിഞ്ഞ സമീപവാസികള്‍ ഉടന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം സമീപത്ത് ഉണ്ടായിരുന്ന ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് നവീന്‍ ബോസ് സി.എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആരോമല്‍ സി.എസ് എന്നിവര്‍ സ്ഥലത്തെത്തി.

തുടര്‍ന്ന് ആരോമല്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് നവീന്‍ ബോസ് ഇരുവരെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു