കൊച്ചി: പ്രമേഹരോഗികളിലെ പാദസംരക്ഷണത്തിലും അത്യാധുനിക ചികിത്സാ രീതികളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിനായി കൊച്ചി അമൃത ആശുപത്രിയില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. എന്‍ഡോക്രൈനോളജി, ഡയബറ്റിക് ഫൂട്ട് സര്‍ജറി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ 'അമൃത ഡയബറ്റിക് ഫൂട്ട് സി.എം.ഇ 2026' എന്ന പേരിലാണ് പരിപാടി നടന്നത്. 'പ്രമേഹ പാദ രോഗ ചികിത്സ : പ്രായോഗിക സമീപനം' എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം.

വിവിധ ജില്ലകളില്‍ നിന്നായി ഇരുന്നൂറിലധികം ഡോക്ടര്‍മാര്‍ ശില്പശാലയില്‍ പങ്കെടുത്തു. രോഗം നേരത്തെ തിരിച്ചറിയുക, അണുബാധ നിയന്ത്രിക്കുക, അത്യാധുനിക മുറിവ് ചികിത്സാ രീതികള്‍, കാലുകള്‍ മുറിച്ചുമാറ്റുന്നത് ഒഴിവാക്കാനുള്ള ശസ്ത്രക്രിയാ സാധ്യതകള്‍ എന്നിവയില്‍ ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു.

നഴ്സുമാര്‍ക്കും വൂണ്ട് കെയര്‍ സ്റ്റാഫിനുമായി പ്രത്യേക പ്രായോഗിക പരിശീലനവും ഇതോടൊപ്പം നടന്നു. നെഗറ്റീവ് പ്രഷര്‍ വൂണ്ട് തെറാപ്പി (NPWT), ലോക്കല്‍ ഓക്‌സിജന്‍ തെറാപ്പി, മുറിവുകള്‍ ഡ്രസ്സ് ചെയ്യുന്നതിലെ ശാസ്ത്രീയ രീതികള്‍, പ്രമേഹരോഗികള്‍ ഉപയോഗിക്കേണ്ട പ്രത്യേക പാദരക്ഷകള്‍ എന്നിവയില്‍ ഇവര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി.

എന്‍ഡോക്രൈനോളജി വിഭാഗവും ഡയബറ്റിക് ഫൂട്ട് സര്‍ജറി വിഭാഗവും ഏകോപിപ്പിച്ചുകൊണ്ടുള്ള അമൃതയിലെ ചികിത്സാ മാതൃക പ്രമേഹപാദ ചികിത്സയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി (HBOT), സ്റ്റെം സെല്‍ തെറാപ്പി, ആന്റിബയോട്ടിക് ബീഡ് തെറാപ്പി, പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (PRP) തുടങ്ങിയ നൂതന സൗകര്യങ്ങള്‍ ഉപയോഗിച്ച് അംഗവൈകല്യം ഒഴിവാക്കാനും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്നതിന്റെ പല അനുഭവങ്ങളും ഡോക്ടര്‍മാര്‍ പങ്കു വെച്ചു.

ശില്പശാലയ്ക്ക് സംഘാടക സമിതി അംഗങ്ങളും , അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുമായ ഡോ. ഹരീഷ് കുമാര്‍, ഡോ. വസന്ത നായര്‍, ഡോ. ഉഷ മേനോന്‍, ഡോ. നിഷ ഭവാനി, ഡോ. മംഗളാനന്ദന്‍. ടി.എസ്., ഡോ. പ്രവീണ്‍. വി.പി., ഡോ. വിവേക് ലക്ഷ്മണ്‍, ഡോ. നിത്യ എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.