കൊച്ചി: ജന്മനായുള്ള ഹൃദയവൈകല്യങ്ങള്‍ക്കായി ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളിലെ മസ്തിഷ്‌ക വികാസവും മാനസിക വളര്‍ച്ചയും ലക്ഷ്യമിട്ട് കൊച്ചി അമൃത ആശുപത്രിയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലുള്ള 'പ്രോജക്ട് മേധ' (Project Medha) ന്യൂറോ ഡെവലപ്‌മെന്റല്‍ ആന്‍ഡ് കോഗ്‌നിറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ അമൃത ആശുപത്രിയിലാണ് സെമിനാര്‍ നടക്കുന്നത്. ഇന്ത്യയില്‍ ഉടനീളം കോണ്‍ജെനിറ്റല്‍ ഹൃദയരോഗമുള്ള കുട്ടികള്‍ നേരിടുന്ന ന്യൂറോ-ഡെവലപ്‌മെന്റല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന CSR പദ്ധതിയായ പ്രോജക്ട് മേധയ്ക്ക് ബെംഗളൂരുവിലെ പ്രേംജി ഇന്‍വെസ്റ്റാണ് സാമ്പത്തിക പിന്തുണ നല്‍കുന്നത്.

'ഹൃദയശസ്ത്രക്രിയക്ക് ശേഷം കുട്ടികളിലെ മസ്തിഷ്‌ക വികാസവും വിജ്ഞാനപരമായ വളര്‍ച്ചയും' എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുക. ശസ്ത്രക്രിയക്ക് ശേഷം കുട്ടികള്‍ നേരിടുന്ന പഠനപരമായ ബുദ്ധിമുട്ടുകള്‍, പെരുമാറ്റ വൈകല്യങ്ങള്‍, ശ്രദ്ധക്കുറവ് തുടങ്ങിയവ നേരത്തെ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധം നല്‍കുകയാണ് സെമിനാറിന്റെ ലക്ഷ്യം.

ഡോ. അരുണ് സിംഗ് (മുന്‍ നാഷണല്‍ അഡൈ്വസര്‍, RBSK), ഡോ. ദീപ ഭാസ്‌കരന്‍ (ഡയറക്ടര്‍, CDC തിരുവനന്തപുരം), ഡോ. ജയശങ്കര റെഡ്ഡി (ഡീന്‍, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ബെംഗളൂരു) എന്നിവരടങ്ങുന്ന വിദഗ്ധസംഘം പങ്കെടുക്കും. അമൃത ആശുപത്രിയിലെ ഡോ. കൃഷ്ണകുമാര്‍, ഡോ. മനു രാജ് തുടങ്ങിയ വിദഗ്ധരും വിവിധ സെഷനുകളില്‍ സംസാരിക്കും. യുകെയിലെ റോയല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള പ്രൊഫ. കിര്‍സ്റ്റണ്‍ വെരിറ്റിയും സെമിനാറില്‍ പങ്കുചേരും.

ഡെവലപ്‌മെന്റല്‍ പീഡിയാട്രീഷ്യന്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, നഴ്‌സുമാര്‍, അധ്യാപകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഓര്‍ഗനൈസിംഗ് സെക്രട്ടറി സോനം മനോജിനെ 9902422227, 7356088172 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.