കൊച്ചി : ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (AMR) എന്ന ആഗോള ആരോഗ്യ പ്രതിസന്ധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി കൊച്ചി അമൃത ആശുപത്രി, ലോക ആന്റിമൈക്രോബിയല്‍ അവബോധ വാരം 2025 വിവിധ പരിപാടികളോടെ ആചരിച്ചു.

കഴിഞ്ഞ ദശാബ്ദത്തിലുടനീളം ആശുപത്രിയില്‍ വിജയകരമായി നടപ്പിലാക്കിയ ആന്റിമൈക്രോബിയല്‍ സ്റ്റുവാര്‍ഡ്ഷിപ്പ് പ്രോഗ്രാം (AMSP) ശക്തിപ്പെടുത്തുന്നതിനും, റാഷണല്‍ ആന്റിബയോട്ടിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഒരാഴ്ച നീണ്ടു നിന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.

ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തമാണ് ആശുപത്രിയിലെ ഇന്‍പേഷ്യന്റ് സെറ്റിംഗില്‍ ആന്റിമൈക്രോബിയല്‍ സ്റ്റുവാര്‍ഡ്ഷിപ്പ് പ്രോഗ്രാം വിജയകരമാക്കിയത്. എന്നാല്‍ ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ഭൂരിഭാഗവും ഔട്ട്പേഷ്യന്റ് മേഖലയില്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന തിരിച്ചറിവോടെയാണ് WHO-യുടെ പ്രത്യേക ക്ലാസിഫിക്കേഷനോടനുബന്ധിച്ച് നിരവധി പുതിയ പദ്ധതികള്‍ ആണ് ആശുപത്രി അവതരിപ്പിച്ചത്.

അവശ്യ മരുന്നുകളുടെ തിരഞ്ഞെടുപ്പും ഉപയോഗവും സംബന്ധിച്ച WHO വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ള Access ഗ്രൂപ്പ് ആന്റിബയോട്ടിക്കുകള്‍ക്ക് മുന്‍ഗണന നല്‍കുകയും, AHIS-ലുള്ള CDSS ഇന്റഗ്രേഷന്‍ പ്രിസ്‌ക്രിപ്ഷനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നീല നിറത്തിലുള്ള ആന്റിബയോട്ടിക് പ്രിസ്‌ക്രിപ്ഷന്‍ കവറുകള്‍ ഉപയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായി നടപ്പാക്കിയതില്‍ ചിലത്.

വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കൊച്ചി അമൃത ആശുപത്രിയിലെ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന .കെ.വി., ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസറും യൂണിറ്റ് ചീഫുമായ ഡോ. ദീപു T.S, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മെര്‍ലിന്‍ മോനി, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കിരണ്‍ ജി. കുളിരാങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതോടൊപ്പം AMR-നെ ആസ്പദമാക്കിയ ഡാന്‍സ് വീഡിയോയും ആദ്യ ദിവസത്തില്‍ പ്രദര്‍ശിപ്പിച്ചു. ലോക ആന്റിമൈക്രോബിയല്‍ ബോധവല്‍കരണ വാരാചരണത്തോടനു ബന്ധിച്ച് നടന്‍ മോഹന്‍ലാല്‍ ആന്റിബയോട്ടിക് ബോധവല്‍ക്കരണ വീഡിയോ പങ്കുവെച്ചു.

ആഴ്ചയിലുടനീളം നടത്തിയ പ്രധാന പരിപാടികളില്‍ പി.ജി ഡോക്ടര്‍മാരും ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകളും പങ്കെടുത്ത വാദപ്രതിവാദ മത്സരം, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ അവബോധം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരം, സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ AMR ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന് നടത്തിയ മത്സരം തുടങ്ങിയ വിവിധ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു.

കൂടാതെ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളില്‍ 'ഇപ്പോള്‍ പ്രവര്‍ത്തിക്കുക: നമ്മുടെ വര്‍ത്തമാനകാലത്തെ സംരക്ഷിക്കുക, നമ്മുടെ ഭാവിയെ സുരക്ഷിതമാക്കുക' എന്ന ഈ വര്‍ഷത്തെ ആശയത്തെ ഉള്‍ക്കൊള്ളിച്ച കോമിക് ബുക്ക് ലെറ്റുകളുടെയും ബാഡ്ജുകളുടെയും വിതരണം, ക്യാമ്പസിലൊട്ടാകെ ഫോട്ടോബൂത്തുകളും വാള്‍ പ്ലെഡ്ജുകളും ഒരുക്കി ബോധവല്‍ക്കരണം ശക്തിപ്പെടുത്തല്‍ തുടങ്ങിയവ ശ്രദ്ധേയമായി.

സമൂഹാരോഗ്യ സംരക്ഷണത്തില്‍ അമൃത ആശുപത്രിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പാക്കിക്കൊണ്ടാണ് ഈ ആന്റി മൈക്രോബിയല്‍ അവബോധ വാരം ആചരിച്ചത്. ആന്റിബയോട്ടിക് പ്രതിരോധം നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒട്ടുമിക്ക ആരോഗ്യപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും സ്റ്റാഫ് അംഗങ്ങളും സജീവമായി പങ്കെടുത്തു.