കൊച്ചി : മെറ്റബോളിക് ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികളും, പ്രതിരോധ മാര്‍ഗങ്ങളും, ക്ഷേമത്തിനുള്ള പാതകളും ചര്‍ച്ച ചെയ്ത് ഏഴാമത് അമൃത ഇന്റര്‍നാഷണല്‍ പബ്ലിക് ഹെല്‍ത്ത് കോണ്‍ഫറന്‍സ് (AIPHC) 2025 അമൃത ആശുപത്രിയില്‍ നടന്നു. കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത്, എന്‍ഡോക്രിനോളജി , ഗ്യാസ്ട്രോഎന്ററോളജി എന്നീ വിഭാഗങ്ങള്‍ ചേര്‍ന്നാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ''മെറ്റബോളിക് ഹെല്‍ത്ത് മാറ്റേഴ്‌സ്: പാത്ത്വേയ്‌സ് ടു പ്രിവന്‍ഷന്‍ & വെല്‍നസ്'' എന്നതായിരുന്നു ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐ.പി.എസ്. കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേം നായര്‍, അമൃത വിശ്വവിദ്യാപീഠം റിസര്‍ച്ച് ഡീന്‍ ഡോ. ഡി.എം. വാസുദേവന്‍, അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. അശ്വതി.എസ്., ഡോ. കെ.ആര്‍.തങ്കപ്പന്‍, ഡോ. ശോഭ ജോര്‍ജ്, ഡോ. പ്രിയ നായര്‍, ഡോ. നിഷ ഭവാനി, ഡോ. ശ്രീലക്ഷ്മി മോഹന്‍ദാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ഗവേഷകര്‍, ക്ലിനിഷ്യന്‍സ്, പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ എന്നിവരുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള 450 ഓളം പേരാണ് പങ്കെടുത്തത്. അമേരിക്ക, ഓസ്‌ട്രേലിയ, ഫിന്‍ലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തം AIPHC 2025-നെ ശ്രദ്ധേയമാക്കി.

കോണ്‍ഫറന്‍സിന്റെ വിവിധ സെഷനുകളില്‍ പ്രിസിഷന്‍ മെഡിസിന്‍ (കൃത്യതാ ചികിത്സ), നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസുകളിലേക്കുള്ള (NCD) സംയോജിത പ്രതിരോധ മാതൃകകള്‍, മള്‍ട്ടിമോര്‍ബിഡിറ്റി (ഒന്നിലധികം രോഗാവസ്ഥകള്‍), ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങള്‍, ബയോമാര്‍ക്കറുകള്‍, അര്‍ബുദം നേരത്തേ കണ്ടെത്തല്‍, അമിതവണ്ണവും ജീവിതശൈലീ ചികിത്സയും, പ്രമേഹ നിവാരണ പരിപാടികള്‍, കൗമാരക്കാരുടെ മെറ്റബോളിക് ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച കോളാബറേറ്റീവ് മീറ്റ് വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ക്കിടയില്‍ ആശയവിനിമയവും ഗവേഷണ പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വേദിയായി മാറി. ഓറല്‍-പോസ്റ്റര്‍ അവതരണങ്ങളും ഗവേഷണ ചര്‍ച്ചകളും യുവ ശാസ്ത്രജ്ഞരും പിജി വിദ്യാര്‍ത്ഥികളും സജീവമായി പങ്കുവെച്ചു.

പ്രമേഹ ഗവേഷണ രംഗത്തെ ആഗോള പ്രശസ്തനായ ഡോ. വി. മോഹന്റെ പ്രഭാഷണം സമ്മേളനത്തിന്റെ അക്കാദമിക് നിലവാരം വര്‍ദ്ധിപ്പിച്ചു. മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേഷ്യക്കാര്‍ക്ക് (South Asians) പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ജീവിതശൈലി പരിഷ്‌കരണം പ്രധാന പ്രതിരോധ മാര്‍ഗം ആണെന്നും പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാനും, അമിതമായ കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കാനും ഡോ. മോഹന്‍ ഊന്നിപ്പറഞ്ഞു.