കൊച്ചി: ക്യാന്‍സര്‍ ചികിത്സയില്‍ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് കൊച്ചി അമൃത ആശുപത്രിയില്‍ ലോക ക്യാന്‍സര്‍ ദിനം ആചരിച്ചു. 'യുണൈറ്റഡ് ബൈ യൂണീക്ക്' എന്ന ആഗോള പ്രമേയത്തില്‍ ഊന്നിക്കൊണ്ട് നടന്ന ദിനാഘോഷത്തിന്റെ ഭാഗമായി വാക്കത്തോണും, പ്രത്യേക പോഷകാഹാര കിറ്റുകളുടെ വിതരണവും നടന്നു. 100 സ്ത്രീകള്‍ക്ക് സൗജന്യമായി മാമ്മോഗ്രാം ചെയ്യുന്നതിനുള്ള പദ്ധതി പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.

ചികിത്സയ്ക്കിടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും പ്രതിരോധശേഷിയും നല്‍കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്കിനെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനാണ് പോഷകാഹാര കിറ്റുകളുടെ വിതരണം നടത്തിയത്. ഇതോടൊപ്പം തന്നെ സംഘടിപ്പിച്ച പാചക മത്സരത്തിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു. രോഗ പ്രതിരോധത്തില്‍ ജീവിതശൈലിക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ മത്സരം.

ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും, ജീവനക്കാരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത വാക്കത്തോണ്‍ അമൃത ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ അവസാനിച്ചു. തുടര്‍ന്ന് വിവിധ കലാ പരിപാടികളും നടന്നു.

ക്യാന്‍സര്‍ ദിനാചരണ ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍, പ്രശസ്ത നാടക പ്രവര്‍ത്തക ആശാ ദേവി ടി.എസ്. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. നാടക പ്രവര്‍ത്തക ആശാ ദേവി ഏകാംഗ നാടകം അവതരിപിച്ചു. രോഗാവസ്ഥയുടെ വേദനകളെ സര്‍ഗ്ഗാത്മകതയിലൂടെയും സാഹിത്യത്തിലൂടെയും എങ്ങനെ മറികടക്കാം എന്ന് അവര്‍ പങ്കുവെച്ചു. കേവലം ആശുപത്രി മുറികള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതല്ല രോഗശാന്തി എന്നും, കലയും സാഹിത്യവും മനുഷ്യന്റെ മനസ്സിനെ സുഖപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ടിഡി രാമകൃഷ്ണന്‍ പറഞ്ഞു. അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

രോഗികള്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കിയിരുന്നു. വിവിധ വിഭാഗങ്ങളിലെ ക്യാന്‍സര്‍ വിദഗ്ദ്ധര്‍ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ക്യാന്‍സര്‍ രോഗ ബാധിതര്‍ക്കും അതിജീവിതര്‍ക്കും വേണ്ടി 'അമൃത സ്‌നേഹം' എന്ന പേരില്‍ പതിനഞ്ചോളം ഭാഷയില്‍ തയ്യാറാക്കിയ ചോദ്യാവലിയുടെ പ്രകാശനം ഡോ. മാല മഥുര്‍ ശര്‍മ നിര്‍വഹിച്ചു.ഡോ. പ്രതാപന്‍ നായര്‍, ഡോ. ബീന കെ.വി, ഡോ. വിജയകുമാര്‍ ഡി.കെ, ഡോ. വെസ്ലി എം ജോസ്, ഡോ. അനൂപ് ആര്‍, ഡോ. നീതു. പി.കെ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.