കൊച്ചി: രോഗിയുടെ ബ്രയിന്‍ ഡാറ്റ ഉപയോഗിച്ച് തലച്ചോറിലെ അപസ്മാര സ്രോതസ്സ് കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ രീതി കൊച്ചി അമൃത ആശുപത്രയിലെ ഡോക്ടര്‍മാര്‍ വികസിപ്പിക്കുകയും അതിന് പേറ്റന്റ് നേടുകയും ചെയ്തു. ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ട ഈ രീതി, ചികിത്സയോട് പ്രതികരിക്കാത്ത അപസ്മാരമുള്ളവരുടെ ശസ്ത്രക്രിയ ഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഭൂരിഭാഗം ആളുകള്‍ക്കും മരുന്നുകള്‍ കൊണ്ട് അപസ്മാരം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ മുപ്പത് ശതമാനം രോഗികളില്‍ കൃത്യമായ മരുന്നുകള്‍ നല്‍കിയിട്ടും അപസ്മാരം തുടരുന്നു. 'മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം' (Drug-resistant epilepsy) എന്നറിയപ്പെടുന്ന ഈ അവസ്ഥ വിദ്യാഭ്യാസം, തൊഴില്‍, വ്യക്തിസ്വാതന്ത്ര്യം, ജീവിതനിലവാരം, എന്നിവയെ മാത്രമല്ല ഗര്‍ഭാവസ്ഥയേയും , കുഞ്ഞുങ്ങളിലെ ബുദ്ധിവളര്‍ച്ചയേയും സാരമായി ബാധിക്കുന്നു. ഇത്തരം രോഗികള്‍ക്ക് ശസ്ത്രക്രിയയാണ് അപസ്മാരത്തില്‍ നിന്ന് മോചനം നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം. എന്നാല്‍ ശസ്ത്രക്രിയയുടെ വിജയം തലച്ചോറിലെ അപസ്മാര സ്രോതസ്സിന്റെ കൃത്യമായ കണ്ടെത്തലിനെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ കൃത്യതക്കുറവ് ശസ്ത്രക്രിയയുടെ പരാജയപ്പെടലിനോ രോഗികള്‍ക്ക് അനാവശ്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ വഴിതെളിക്കാം.

സാധാരണയായി അപസ്മാര സ്രോതസ്സ് തലച്ചോറിന്റെ എം.ആര്‍.ഐ സ്‌കാനില്‍ വ്യക്തമാകാറുണ്ട് . എന്നാല്‍ പല അവസരത്തിലും എം.ആര്‍.ഐ സ്‌കാന്‍ നോര്‍മല്‍ ആയിരിക്കും. അങ്ങനെയുള്ള അവസരങ്ങളിലാണ് എഫ് .ഡി.ജി-പെറ്റ് (FDG-PET) എന്ന സ്‌കാന്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും എഫ് .ഡി.ജി-പെറ്റ് സ്‌കാന്‍ നോക്കി വിലയിരുത്തുമ്പോള്‍ (visual interpretation) അപസ്മാര സ്രോതസ്സ് കൃത്യമായി വ്യക്തമാകാറില്ല .

ഈ വെല്ലുവിളി നേരിടാന്‍, അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സ്‌കാനുകള്‍ വിശകലനം ചെയ്യുന്നതിനായി ഒരു പുതിയ രീതി വികസിപ്പിച്ചെടുത്തു. ഈ രീതിയില്‍ രോഗിയുടെ തന്നെ തലച്ചോറിന്റെ ഇടതും , വലതും വശങ്ങള്‍ കംപ്യുട്ടേഷണല്‍ ടൂളുകള്‍ മുഖാന്തരം താരതമ്യപ്പെടുത്തി വളരെ ചെറിയ ഒരു വ്യതിയാനം പോലും രേഖപ്പെടുത്തുകയും അപസ്മാര സ്രോതസ്സ് കൃത്യതയോടെ മാപ്പ് ചെയ്യുകയും ചെയ്യുന്നു .

അപസ്മാര ശസ്ത്രക്രിയയിലൂടെ രോഗം ഭേദമായവരില്‍ നടത്തിയ പഠനത്തില്‍ പാസ്‌കോം (PASCOM - PET Asymmetry after Anatomical Symmetrization Coregistered to MRI) എന്ന് വിളിക്കപ്പെടുന്ന ഈ നൂതന സാങ്കേതികവിദ്യ സാധാരണരീതിയിലുള്ള പെറ്റ് സ്‌കാന്‍ വിശകലനം ചെയ്യുന്ന രീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ അധികം കൃത്യതയുള്ളതായി സ്ഥിരീകരിക്കപ്പെട്ടു. ഈ പഠനങ്ങളുടെ ഫലങ്ങള്‍ വിഖ്യാതമായ ജേണല്‍ ഓഫ് ന്യൂറോ സര്‍ജറിയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു . ഇതിന്റെ പുതുമയും പ്രാധാന്യവും കണക്കിലെടുത്ത്, ഇന്ത്യയിലും അമേരിക്കയിലും ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. സാങ്കേതികമായ നേട്ടങ്ങള്‍ക്ക് പുറമെ താരതമ്യ പഠനത്തിനായി മറ്റ് വിവരശേഖരങ്ങളെ (Comparison datasets) ആശ്രയിക്കേണ്ടതില്ല എന്നതും വളരെ ചെലവേറിയതല്ല എന്നതും പാസ്‌കോം സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണ്. രോഗികളില്‍ ഇതിന്റെ ഉപയോഗവും എളുപ്പമാണ്.

പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്കും ഈ സാങ്കേതിക വിദ്യയിലൂടെ നൂതനമായ അപസ്മാര ശസ്ത്രക്രിയ ആസൂത്രണം ചെയ്യുന്നത് എളുപ്പമാക്കാന്‍ സാധിക്കും.ശസ്ത്രക്രിയ സാധ്യമല്ലെന്ന് വിധിച്ചിരുന്ന സങ്കീര്‍ണ്ണമായ അപസ്മാര രോഗികളില്‍ ഈ നൂതന സാങ്കേതികവിദ്യയുടെ സഹായത്താല്‍ ശസ്ത്രക്രിയ വിജയകരമായി സാധ്യമായെന്നും പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്കും ഈ സാങ്കേതിക വിദ്യയിലൂടെ നൂതനമായ അപസ്മാര ശസ്ത്രക്രിയകളുടെ ആസൂത്രണം എളുപ്പമാക്കാന്‍ സാധിക്കുമെന്നും അമൃത അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്‌സി മേധാവി ഡോ. സിബി ഗോപിനാഥ് പറഞ്ഞു.